Friday, March 29, 2013

വീരേന്ദ്രകുമാര്‍ പാര്‍ടി സ്വകാര്യസ്വത്താക്കി; യുഡിഎഫ് വിടണമെന്ന് നേതാക്കള്‍


എം പി വീരേന്ദ്രകുമാര്‍ പാര്‍ടിയെ സ്വകാര്യസ്വത്താക്കി അധഃപതിപ്പിച്ചുവെന്ന് സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്‍ഡിഎഫ് വിട്ട് വീരേന്ദ്രകുമാര്‍ യുഡിഎഫില്‍ ചേര്‍ന്നത് ലോക്സഭാ സീറ്റിനുവേണ്ടിയാണ്. വ്യാജരേഖ സൃഷ്ടിച്ച് പുതിയ പാര്‍ടിയുണ്ടാക്കി യുഡിഎഫ് പാളയത്തില്‍ ചേക്കേറിയ വീരേന്ദ്രകുമാറും മകന്‍ ശ്രേയാംസ്കുമാറും എതിര്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നു. സോഷ്യലിസ്റ്റ് ജനത സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ പ്രേംനാഥ് അടക്കമുള്ളവര്‍ക്കെതിരെയുള്ള നടപടി പാര്‍ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കൂട്ടിക്കട അഷ്റഫും സോഷ്യലിസ്റ്റ് പഠനകേന്ദ്രം ചെയര്‍മാന്‍ ടി പി ജോസഫും പറഞ്ഞു. വീരേന്ദ്രകുമാറിന്റെ നിലപാടുകളെ എതിര്‍ക്കുന്നവരുടെ എണ്ണം കൂടി വരുന്നു. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫിലേക്ക് തിരിച്ചുപോകണമെന്നാണ് യോഗം ആവശ്യപ്പെട്ടത്. ഈ ആവശ്യം അംഗീകരിക്കുന്നില്ലെങ്കില്‍ ഏപ്രില്‍ 27ന്റെ കണ്‍വന്‍ഷനിലും മേയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിലും ഭാവികാര്യങ്ങള്‍ തീരുമാനിക്കും.

അട്ടപ്പാടിയില്‍ ആദിവാസി ഭൂമി സംരക്ഷിക്കാന്‍ സിസ്ലോണ്‍ കമ്പനിക്കെതിരെ കൃഷ്ണന്‍കുട്ടി നയിച്ച സമരം വീരേന്ദ്രകുമാര്‍ അട്ടിമറിച്ചു. വയനാട് കൃഷ്ണഗിരിയില്‍ ശ്രേയാംസ്കുമാര്‍ ആദിവാസികളുടെ ഭൂമി കൈയേറിയത് സംരക്ഷിക്കാനായിരുന്നിത്. സ്വകാര്യവല്‍ക്കരണത്തിനും ജലചൂഷണത്തിനും വിദേശനിക്ഷേപത്തിനുമെതിരെ പ്രസംഗിച്ചും എഴുതിയും നടന്ന വീരേന്ദ്രകുമാര്‍ ഇപ്പോള്‍ മൗനം പാലിക്കുന്നതെന്താണെന്ന് അവര്‍ ചോദിച്ചു. ശ്രേയാംസ്കുമാറിനെ മന്ത്രിയാക്കാനുള്ള ഗൂഢലക്ഷ്യത്തോടെയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എം കെ പ്രേംനാഥിനെ തോല്‍പ്പിച്ചത്. സോഷ്യലിസ്റ്റ് ജനതയുടെ ആശയങ്ങള്‍ ബലികഴിച്ച് പാര്‍ടിയെ സ്വകാരവല്‍ക്കരിച്ചു. പെട്ടിചുമക്കുന്ന നേതാക്കന്മാര്‍ പണമുണ്ടാക്കാനാണ് വീരേന്ദ്രകുമാറിനൊപ്പം നില്‍ക്കുന്നത്. സ്തുതിപാഠകരെ തിരുകിക്കയറ്റിയാണ് കമ്മിറ്റികള്‍ രൂപീകരിച്ചത്. എറണാകുളം ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒമ്പത് വോട്ടിന് ജയിച്ച തോമസ് കോയിക്കരയ്ക്കു പകരം തോറ്റ അഗസ്റ്റിന്‍ കോലഞ്ചേരിയെ പ്രസിഡന്റാക്കി. സോഷ്യലിസ്റ്റ് ജനത സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. സെയ്ഫുദീന്‍, സംസ്ഥാന നിര്‍വാഹക സമിതി അംഗവും എച്ച്എംഎസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമായ എസ് മനോഹരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 290313

No comments:

Post a Comment