Saturday, March 30, 2013
കടത്തനാടന്‍ കഥന പാരമ്പര്യങ്ങളുടെ വീറ്
വടകര: രാഷ്ട്രീയവും കലയും ജീവവായുവായ എം കെ പണികോട്ടിക്ക് (എം കേളപ്പന്‍) ലഭിച്ച ദല സാഹിത്യ അവാര്‍ഡ് അര്‍ഹതയുടെ അംഗീകാരം. ഒപ്പം ആദരിക്കപ്പെടുന്നത് ഒരു നാടിന്റെ സംസ്കൃതിയും. നല്ല കഥപറച്ചിലുകാരനായിരുന്നു എം കെ പണിക്കോട്ടി. കടത്തനാടന്‍ മണ്ണിന്റെ ഗന്ധമുള്ളതായിരുന്നു കഥകള്‍. കടത്തനാടന്‍ വാമൊഴി സംസ്കാരത്തിന്റെ അവസാന കണ്ണികളിലൊരാളാണ് ഇദ്ദേഹം. രണ്ട് ഗുരുനാഥരുണ്ട് കേളപ്പേട്ടന്റെ ജീവിതത്തില്‍. അഞ്ചാംക്ലാസില്‍ ജയിച്ച് തുടര്‍പഠനത്തിന് ഗതിയില്ലാതെ വീട്ടിലിരുന്നപ്പോള്‍ എട്ടണ ഫീസു നല്‍കി ചീനംവീട് ഹയര്‍ എലിമെന്ററി സ്കൂളിലേക്ക് പിടിച്ചുകൊണ്ടുപോയ രാമുണ്ണി മാസ്റ്റര്‍. 1950ലെ ഒരു സന്ധ്യയില്‍ പണിക്കോട്ടിയില്‍ പതിവുപോലെ സൊറ പറഞ്ഞിരിക്കുമ്പോള്‍ "നിങ്ങള്‍ക്ക് നാടിനുവേണ്ടി എന്തെങ്കിലും ചെയ്തുകൂടെ" എന്നുചോദിച്ച വി പി കുട്ടി മാസ്റ്റര്‍. ദല പുരസ്കാരം ഇവര്‍ക്കായി സമര്‍പ്പിക്കുന്നുവെന്ന് കേളപ്പേട്ടന്‍ പറയുന്നു.
ദരിദ്രകര്‍ഷക കുടുംബത്തില്‍ 85 വര്‍ഷം മുമ്പായിരുന്നു ജനനം. നന്നേ ചെറുപ്പത്തില്‍ അച്ഛനോടൊപ്പം വയലില്‍ കന്നുപൂട്ടാന്‍ തുടങ്ങി. വിദ്യാഭ്യാസം എട്ടാംക്ലാസില്‍ അവസാനിച്ചു. പിന്നീട് കര്‍ഷകത്തൊഴിലാളിയായി. 1950ല്‍ ജീവിത സാഹചര്യങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ടിയിലേക്ക് അടുപ്പിച്ചു. കടത്തനാടിന്റെ തച്ചോളിക്കളി രാഷ്ടീയ തച്ചോളിക്കളിയാക്കി അവതരിപ്പിച്ചു. നാടെങ്ങും ഇതിന് വേദിലഭിച്ചു. തച്ചോളിക്കളിക്കും സാംസ്കാരിക പ്രവര്‍ത്തനത്തിനുമായി 1952ല്‍ പണിക്കോട്ടിയില്‍ ഐക്യകേരള കലാസമിതി രൂപീകരിച്ചു. കലാസമിതി നേതൃത്വത്തില്‍ പുറത്തിറക്കിയ "പൊന്‍പുലരി" കൈയെഴുത്തു മാസികയിലാണ് പണിക്കോട്ടിയുടെ ആദ്യകാല രചനകള്‍ വെളിച്ചം കണ്ടത്. ചങ്ങമ്പുഴയുടെ ആരാധകനായിരുന്നു. വാഴക്കുലയ്ക്ക് പകരം "പുത്തന്‍ വാഴക്കുല"യെഴുതി. പ്രതിധ്വനി, ജീവിതം ഒരു സുന്ദരസ്വപ്നമല്ല, ദൈവം നിരപരാധിയാണ്, പൊലീസ് വെരിഫിക്കേഷന്‍, ബ്രഹ്മരക്ഷസ്, വര്‍ഗസമരം, ശിവപുരം കോട്ട എന്നീ നാടകങ്ങളും പണിക്കോട്ടിയുടേതായുണ്ട്.വടക്കന്‍ പാട്ടിനെ ആസ്പദമാക്കി രചിച്ച "ശിവപുരംകോട്ട" നൂറിലേറെ വേദികളില്‍ അവതരിപ്പിച്ചു. വടക്കന്‍പാട്ടുകളിലൂടെ, വടക്കന്‍പാട്ടുകളിലെ പെണ്‍പെരുമ, ഉണ്ണിയാര്‍ച്ചയുടെ ഉറുമി, വടക്കന്‍ വീരകഥകള്‍ എന്നീ പുസ്തകങ്ങളും ഇദ്ദേഹത്തിന്റെതാണ്.
(ടി രാജന്‍)
deshabhimani 290313
Subscribe to:
Post Comments (Atom)
No comments:
Post a Comment