ആര്‍എംപി അക്രമികള്‍ വള്ളിക്കാട്ടെ രണ്ട് സിപിഐ എം ഓഫീസുകള്‍ അര്‍ധരാത്രി അടിച്ചുതകര്‍ത്തു. കുടികിടപ്പ് സമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷിത്വം വരിച്ച വള്ളിക്കാട് വാസുവിന്റെ സ്മരണക്കായുള്ള സിപിഐ എം വൈക്കിലശേരി ലോക്കല്‍ കമ്മിറ്റി ഓഫീസ്, ബാലവാടി ബ്രാഞ്ച് ഓഫീസായ ഇ എം എസ് സ്മാരകമന്ദിരം എന്നിവയാണ് തകര്‍ത്തത്. പ്രദേശത്ത് കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. വാസു സ്മാരകത്തിലെ എട്ട് ജനല്‍ ഗ്ലാസുകളും അടിച്ചു തകര്‍ത്തു. ഇ എം എസ് സ്മാരകത്തിന്റെ മുകളിലത്തെ നിലയിലെയും താഴത്തെ നിലയിലെ റെഡ്സ്റ്റാര്‍ വായനശാലയുടെയും ഗ്ലാസുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. ബുധനാഴ്ച രാത്രി പന്ത്രണ്ടോടെ ബൈക്കിലും മറ്റുമെത്തിയ പത്തോളംവരുന്ന സംഘമാണ് ഓഫീസ് തകര്‍ത്തതെന്ന് പരിസരവാസികള്‍ പറഞ്ഞു. കുഞ്ഞികണ്ടി സദാശിവന്‍(45), മഠത്തുംതാഴെകുനി സുരേന്ദ്രന്‍(44), കൈതേലികുനി സജിത്(40), കുളങ്ങരത്ത് മീത്തല്‍ ശ്രീജന്‍(37) എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം.
30, 31 തീയതികളില്‍ കുന്നുമ്മക്കരയില്‍ നടക്കുന്ന ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏരിയാ സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം വരിശ്യക്കുനി, പടവത്ത്താഴെ, വൈക്കിലശേരി ഭാഗങ്ങളില്‍ സ്ഥാപിച്ച പതാകകളും ബോര്‍ഡുകളും നശിപ്പിച്ചിട്ടുണ്ട്. തകര്‍ത്ത ഓഫീസുകള്‍ എംഎല്‍എമാരായ സി കെ നാണു, കെ കെ ലതിക, പാര്‍ടി ജില്ലാ കമ്മിറ്റിയംഗം ആര്‍ ഗോപാലന്‍, ഏരിയാ ആക്ടിങ് സെക്രട്ടറി ഇ എം ദയാനന്ദന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. വടകര പൊലീസില്‍ പരാതി നല്‍കി. സിപിഐ എം നേതൃത്വത്തില്‍ വള്ളിക്കാട് പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി.
ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കെ ഒഞ്ചിയം മേഖലയില്‍ ബോധപൂര്‍വം കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയാണ് ആര്‍എംപി സംഘം. എന്നാല്‍ സിപിഐ എം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അവസരോചിതമായ ഇടപെടലുകളാണ് സംഘര്‍ഷം ഒഴിവാക്കുന്നത്. അക്രമികള്‍ക്കെതിരെ നിസാര വകുപ്പുകള്‍ പ്രകാരം കേസെടുക്കുന്നതും ഇവര്‍ക്ക് പ്രചോദനമാകുന്നു. സിപിഐ എമ്മിനെതിരെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയാണ് ആര്‍എംപിക്കാര്‍ക്ക് പാര്‍ട്ടി ഓഫീസുകള്‍ തകര്‍ക്കാന്‍ പ്രേരണയായതെന്ന് സിപിഐ എം ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ഒരു പ്രകോപനവുമില്ലാതെ നടന്ന ഈ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിക്കണമെന്നും അക്രമികളുടെ ദുഷ്ടലക്ഷ്യം തിരിച്ചറിയണമെന്നും ഏരിയാ കമ്മറ്റി അഭ്യര്‍ഥിച്ചു.
deshabhimani
No comments:
Post a Comment