Monday, March 25, 2013

കടല്‍ക്കൊലക്കേസ്; വിചാരണ ഡല്‍ഹിയില്‍ത്തന്നെ


കടല്‍ക്കൊല കേസിലെ വിചാരണ നടപടികള്‍ ഡല്‍ഹി പാട്യാല ഹൗസ് കോടതി സമുച്ചയത്തിലെ പ്രത്യേക കോടതിയില്‍ നടത്താന്‍ തീരുമാനമായി. പാട്യാല ഹൗസിലെ ഡല്‍ഹി മെട്രോ പോളിറ്റര്‍ കോടതിയാണ് വിചാരണ നടക്കുകയെന്ന് ഡല്‍ഹി ഹൈക്കോടതി ചിഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇക്കാര്യം ഏപ്രില്‍ രണ്ടിന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കും. ഏപ്രില്‍ രണ്ടാം വാരം വിചാരണ തുടങ്ങിയേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കേസിന്റെ വിചാരണ കേരളത്തിന്റെ പുറത്തേക്ക് മാറ്റുമെന്ന് ഇന്ത്യ ഇറ്റലിയ്ക്ക് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നാവികരെ തിരിച്ച് ഇന്ത്യയിലേക്ക് അയക്കാന്‍ ഇറ്റലി തയ്യാറായതെന്ന വാര്‍ത്ത ശരിവെക്കുന്ന തീരുമാനമാണ് ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.

കടല്‍ക്കൊല കേസിന്റെ വിചാരണ കൊല്ലത്ത് നടത്തണമെന്ന് കാണിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞദിവസം പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. കേസിന്റെ രേഖകളും സുപ്രധാന തെളിവുകളും കൊല്ലം സെഷന്‍സ് കോടതിയിലാണെന്നും വിചാരണ കൊല്ലത്ത് നിന്നും മാറ്റിയാല്‍ കേസിലെ സാക്ഷികള്‍ക്ക് നിരന്തരം യാത്ര വേണ്ടിവരുമെന്നും ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പ്രത്യേക കോടതി കേരളത്തിന് പുറത്തേക്ക് മാറ്റിയാല്‍ കുറ്റപത്രം ഇംഗ്ലീഷിലേക്കോ ഹിന്ദിയിലേക്കോ മാറ്റേണ്ടിവരുമെന്നും ഇത് വിചാരണ നടപടികള്‍ തുടങ്ങാന്‍ കാലതാമസമുണ്ടാക്കുമെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. കേരളത്തിന്റെ ഈ ആവശ്യങ്ങളെല്ലാം അവഗണിച്ചാണ് ഡല്‍ഹി ഹൈക്കോടതിയുടെ തീരുമാനം.

വിചാരണ നടത്തേണ്ടത് ഇറ്റലിയില്‍: മിസ്തൂറ

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ സൈനികരുടെ വിചാരണ നടത്തേണ്ടത് ഇറ്റലിയിലാണെന്ന് ഉപവിദേശമന്ത്രി സ്റ്റെഫാന്‍ ദെ മിസ്തൂറ ആവര്‍ത്തിച്ചു. വെടിവയ്പ് നടന്നത് ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയിലല്ല. സൈനികരെ തെറ്റിദ്ധരിപ്പിച്ചാണ് കരയിലെത്തിച്ചത്. സൈനികരെ കബളിപ്പിച്ചതായി കേരളത്തിലെ മുതിര്‍ന്ന പൊലീസുദ്യോഗസ്ഥന്‍ പറഞ്ഞതായി തനിക്കറിയാം. ടെലിവിഷന്‍ അഭിമുഖത്തിലാണ് മിസ്തൂറയുടെ ഈ അവകാശവാദം. അതിനിടെ, കേസ് വിചാരണയ്ക്കായി പ്രത്യേകകോടതി രൂപീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച ആഭ്യന്തരമന്ത്രാലയത്തിന്റെ ശുപാര്‍ശ നിയമമന്ത്രാലയം ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കൈമാറി. പ്രത്യേക കോടതി രൂപീകരിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതിയെ അറിയിക്കുമെന്നും നിയമ മന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കി. വിചാരണയ്ക്ക് പ്രത്യേകകോടതി രൂപീകരിക്കണമെന്ന് ജനുവരി 22ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കേന്ദ്രം നടപടിയെടുത്തില്ല. ഇത് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശത്തിന് വഴിയൊരുക്കി. സൈനികരുടെ വിചാരണ ഇന്ത്യയില്‍ നടത്താമോ എന്ന വിഷയമടക്കമുള്ള കാര്യങ്ങളിലാണ് കോടതി തീരുമാനിക്കുക. കേസില്‍ ഇന്ത്യയ്ക്ക് വിചാരണാധികാരമില്ലെന്നാണ് ഇറ്റലിയുടെ വാദം. എത്രയും വേഗം പ്രത്യേക കോടതി രൂപീകരിക്കണമെന്ന് ഇറ്റലി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

deshabhimani

No comments:

Post a Comment