Monday, March 25, 2013
പൈപ്പുഫാക്ടറിക്കു ശിലയിട്ടത് പദ്ധതി റിപ്പോര്‍ട്ട് ലഭിച്ചശേഷം: പ്രേമചന്ദ്രന്‍
കൊല്ലം: പദ്ധതി റിപ്പോര്‍ട്ട് ലഭിക്കുന്നതിനു മുമ്പാണ് ചവറ പിവിസി പൈപ്പുഫാക്ടറിക്ക് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ശിലയിട്ടതെന്ന തൊഴില്‍മന്ത്രി ഷിബു ബേബിജോണിന്റെ പ്രസ്താവന പദ്ധതി അട്ടിമറിച്ചതിന് ന്യായീകരണം കണ്ടെത്താനുള്ള പാഴ്വേലയാണെന്ന് മുന്‍ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ജലഅതോറിറ്റി തയ്യാറാക്കിയ വിശദമായ പദ്ധതി റിപ്പോര്‍ട്ട് കിറ്റ്കോ അംഗീകരിച്ച് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉത്തരവിറക്കിയ ശേഷമാണ് പദ്ധതി നടപ്പാക്കാന്‍ എച്ച്എല്‍എല്ലുമായി 2011 ഫെബ്രുവരി 11ന് ധാരണാപത്രം ഒപ്പുവച്ചത്. 15 മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കണമെന്നായിരുന്നു ധാരണാപത്രത്തിലെ വ്യവസ്ഥ. അതിന്റെ അടിസ്ഥാനത്തിലാണ് ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്റെയും ജലഅതോറിറ്റിയുടെയും സര്‍ക്കാരിന്റെയും സംയുക്ത പൊതുമേഖലാ സംരംഭമെന്ന നിലയില്‍ ശിലാസ്ഥാപനം നടത്തിയത്. തുടര്‍ന്ന് എച്ച്എല്‍എല്‍ കമ്പനി പദ്ധതി നിര്‍വഹണത്തിന്റെ ഭാഗമായി വിശദമായ എസ്റ്റിമേറ്റും റിപ്പോര്‍ട്ടും യുഡിഎഫ് സര്‍ക്കാരിനു സമര്‍പ്പിച്ചു.
എച്ച്എല്‍എല്ലിന്റെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ചില്ലെന്ന മന്ത്രി ഷിബു ബേബിജോണിന്റെ പരാമര്‍ശം വാസ്തവവിരുദ്ധമാണ്. പ്രസ്തുത റിപ്പോര്‍ട്ട് വീണ്ടും കിറ്റ്കോയ്ക്ക് സമര്‍പ്പിച്ച് അംഗീകാരം വാങ്ങി ഒന്നരവര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. നിര്‍മാണം ആരംഭിക്കുന്നതിന് അനുമതി നല്‍കാതെ കാലതാമസം വരുത്തി പദ്ധതി അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഈ കാലയളവില്‍ തന്നെയാണ് ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ദക്ഷിണേന്ത്യന്‍ ക്യാമ്പസ് ഇവിടെ സ്ഥാപിക്കുമെന്ന ബജറ്റ് പ്രഖ്യാപനമുണ്ടായത്. പൈപ്പുഫാക്ടറി ആരംഭിക്കുന്നതില്‍ ആത്മാര്‍ഥതയുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് നിര്‍ദിഷ്ടസ്ഥലം ജലഅതോറിറ്റി തൊഴില്‍വകുപ്പിന് കൈമാറി. ഹിന്ദുസ്ഥാന്‍ ലാറ്റക്സ് തയ്യാറാക്കിയ എസ്റ്റിമേറ്റും പഠന റിപ്പോര്‍ട്ടും കിറ്റ്കോ അംഗീകരിച്ചിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിച്ചില്ല. പൈപ്പുഫാക്ടറിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് നിജസ്ഥിതി വ്യക്തമാക്കുന്ന ഫയലുകള്‍ കൈവശമുള്ള സര്‍ക്കാര്‍ പ്രതിനിധിയായ മന്ത്രി നടത്തുന്ന അവാസ്തവ പ്രസ്താവനകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂര്‍വശ്രമത്തിന്റെ ഭാഗമാണ്. ഭാവിയില്‍ അനന്തമായ വികസന, തൊഴില്‍സാധ്യതകളുള്ള പൊതുമേഖലാ സംരംഭത്തെ അട്ടിമറിച്ചതിന്റെ ഉത്തരവാദിത്തത്തില്‍നിന്നു തൊഴില്‍മന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani 250313
Subscribe to:
Post Comments (Atom)
No comments:
Post a Comment