Saturday, March 23, 2013

നയംമാറ്റാനുള്ള പ്രക്ഷോഭങ്ങള്‍ക്ക് സമ്മേളനം കരുത്തുപകരും: കോടിയേരി


കണ്ണൂര്‍: നാടിനെയും ജനങ്ങളെയും വലയ്ക്കുന്ന നവലിബറല്‍ നയങ്ങള്‍ക്കെതിരെ കൂടുതല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് സിഐടിയു പതിനാലാം അഖിലേന്ത്യാ സമ്മേളനം രൂപം നല്‍കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ കോടിയേരി ബാലകൃഷ്ണനും ജനറല്‍ കണ്‍വീനര്‍ കെ പി സഹദേവനും പറഞ്ഞു. സമ്മേളന ഒരുക്കങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഇരുവരും.

"നയം മാറ്റാന്‍ വര്‍ഗസമരം ശക്തിപ്പെടുത്തുക" എന്നതാണ് സമ്മേളന മുദ്രാവാക്യം. ഐഎന്‍ടിയുസിയും ബിഎംഎസുമടക്കമുള്ള 12 കേന്ദ്ര ട്രേഡ്യൂണിയനുകളുടെ നേതൃത്വത്തില്‍ നടന്ന രണ്ടുദിവസത്തെ ദേശീയ പണിമുടക്കിന്റെ വിജയം സമ്മേളനത്തിന് കരുത്താകും. യോജിച്ച സമരമെന്ന സിഐടിയുവിന്റെ ലക്ഷ്യം സാര്‍ഥകമാകുന്നതിന്റെ ആവേശകരമായ അനുഭവമാണ് പണിമുടക്കില്‍ കണ്ടത്. അവരവരുടെ രാഷ്ട്രീയ വിശ്വാസങ്ങള്‍ മുറുകെപിടിച്ചുകൊണ്ടുതന്നെ സാമ്പത്തിക നയം മാറ്റത്തിനായി ഒരുമിക്കാന്‍ കഴിയുമെന്ന് പണിമുടക്ക് തെളിയിച്ചു. അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഒരുമിച്ചു നില്‍ക്കണമെന്ന വലിയ പാഠമാണ് പങ്കാളിത്ത പെന്‍ഷനെതിരെ അധ്യാപകരും ജീവനക്കാരും നടത്തിയ പണിമുടക്ക് നല്‍കുന്നതെന്ന് കോടിയേരി പറഞ്ഞു. സംഘടനാ ഭേദമെന്യേ ജീവനക്കാര്‍ ഒരുമിച്ചുനിന്നിരുന്നെങ്കില്‍ സമരത്തിന്റെ ഗതി മറ്റൊന്നാകുമായിരുന്നു. 2002ല്‍ എ കെ ആന്റണി പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ ജീവനക്കാര്‍ക്ക് യോജിച്ച് എതിര്‍ക്കാന്‍ കഴിഞ്ഞു. ഇത്തവണ അവരവരുടെ സംഘടനാ നിര്‍ദേശങ്ങള്‍ക്കപ്പുറം നില്‍ക്കാന്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞില്ല. ജീവനക്കാര്‍ ഉന്നയിച്ച ആവശ്യങ്ങളുടെ പ്രസക്തി നഷ്ടമാകുന്നില്ല. രാഷ്ട്രീയമാറ്റത്തിലൂടെ നടപ്പാക്കാനാകും. കണ്ണൂര്‍ ആദ്യമായി ആതിഥ്യമേകുന്ന സമ്മേളനത്തിന്റെ തയ്യാറെടുപ്പുകള്‍ നല്ലനിലയില്‍ പുരോഗമിക്കുകയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.

അറുപതു വയസ്സു കഴിഞ്ഞ തൊഴിലാളികളെ ആദരിക്കുന്ന പരിപാടി നാടിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റി. അധ്വാനിക്കുന്ന തൊഴിലാളികളെ സംബന്ധിച്ചിടത്തോളം അപൂര്‍വ അനുഭവമാണിത്. സമകാലിക രാഷ്ട്രീയ- സാമൂഹ്യ വിഷയങ്ങളെ അധികരിച്ച് ഏരിയാ കേന്ദ്രങ്ങളില്‍ നടക്കുന്ന സെമിനാറുകള്‍ 26വരെ തുടരും. "യുഡിഎഫും കേരള ഭരണവും" എന്ന വിഷയത്തില്‍ 30ന് കണ്ണൂരില്‍ നടക്കുന്ന സെമിനാര്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും "മതനിരപേക്ഷ കേരളം" എന്ന വിഷയത്തില്‍ ഏപ്രില്‍ രണ്ടിന് നടക്കുന്ന സെമിനാര്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഉദ്ഘാടനംചെയ്യും. 28ന് ചരിത്ര പ്രദര്‍ശനം കലാഭവന്‍ മണി ഉദ്ഘാടനംചെയ്യും. പൊലീസ് മൈതാനിയില്‍ പ്രത്യേകം സജ്ജമാക്കുന്ന നഗരിയിലാണ് പ്രതിനിധി സമ്മേളനം. രണ്ടായിരം പ്രതിനിധികള്‍ പങ്കെടുക്കും. എട്ടിന് സമാപന റാലിയില്‍ തൊഴിലാളികളും കുടുംബാംഗങ്ങളുമുള്‍പ്പെടെ രണ്ടുലക്ഷം പേര്‍ പങ്കെടുക്കും. കേന്ദ്രീകരിച്ച പ്രകടനമില്ലെന്നും വാഹനങ്ങളിലെത്തുന്ന ആളുകള്‍ നിശ്ചിത സ്ഥലത്തിറങ്ങി ചെറുപ്രകടനമായി ജവഹര്‍ സ്റ്റേഡിയത്തിലെ പൊതുസമ്മേളനനഗറിലേക്ക് നീങ്ങുമെന്നും നേതാക്കള്‍ അറിയിച്ചു. പി ജയരാജന്‍, പി രാമചന്ദ്രന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Post a Comment