Friday, March 29, 2013

മന്ത്രി രേണുകാചാര്യയെ ബിജെപി പുറത്താക്കി


ബംഗളൂരു: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സദാനന്ദ ഗൗഡയ്ക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച എക്സൈസ് മന്ത്രി എം പി രേണുകാചാര്യയെ മന്ത്രിസഭയില്‍നിന്നും പാര്‍ടിയില്‍നിന്നും പുറത്താക്കി. രേണുകാചാര്യയെ മന്ത്രിസഭയില്‍നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ നല്‍കിയ കത്ത് ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് അംഗീകരിച്ചു. രേണുകാചാര്യയെ പാര്‍ടിയില്‍നിന്ന് ആറു വര്‍ഷത്തേക്ക് പുറത്താക്കിയതായി ബിജെപി സംസ്ഥാന പ്രസിഡന്റ് പ്രഹ്ലാദ് ജോഷി അറിയിച്ചു.

ഗൗഡ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എക്സൈസ് വകുപ്പുമായിബന്ധപ്പെട്ട് അദ്ദേഹത്തിന് കൈക്കൂലി നല്‍കിയെന്നാണ് രേണുകാചാര്യ ആരോപിച്ചത്. ഇതിന്റെ തെളിവുകള്‍ രണ്ടു ദിവസത്തിനകം പുറത്തുകൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍, രേണുകാചാര്യയുടെ ആരോപണം സദാനനന്ദഗൗഡ നിഷേധിച്ചു. യെദ്യൂരപ്പ അനുകൂലിയായിരുന്ന രേണുകാചാര്യ ഇടയ്ക്ക് കെജെപിയില്‍ ചേക്കേറാന്‍ ശ്രമിച്ചുവെങ്കിലും പിന്നീട് ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍, പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം യെദ്യൂരപ്പയോടൊപ്പം ചേരുമെന്നാണ് സൂചന.

ബിജെപി എംഎല്‍എയുടെ കാമകേളികള്‍ പുറത്ത്

മംഗളൂരു: കര്‍ണാടകത്തിലെ അഞ്ചു ബിജെപി മന്ത്രിമാര്‍ക്കുപിന്നാലെ ഒരു എംഎല്‍എകൂടി ലൈംഗികാപവാദത്തില്‍. ദക്ഷിണ കര്‍ണാടകത്തിലെ മുതിര്‍ന്ന ബിജെപി നേതാവും ഉഡുപ്പി എംഎല്‍എയുമായ രഘുപതിഭട്ടിന്റെ "രഹസ്യലീല"കളുടെ ദൃശ്യങ്ങളാണ് പുറത്തായത്. നേരത്തെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന രഘുപതിഭട്ട് ഭാര്യ പത്മപ്രിയയുടെ ദുരൂഹമരണത്തെതുടര്‍ന്ന് 2008ല്‍ തല്‍സ്ഥാനം രാജിവയ്ക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ എല്ലാ മാധ്യമസ്ഥാപനങ്ങളിലേക്കും ലൈംഗികലീലകളുടെ ദൃശ്യങ്ങളടങ്ങിയ സിഡി അജ്ഞാതര്‍ എത്തിക്കുകയായിരുന്നു. ഭട്ടിന്റെയും പെണ്‍കുട്ടിയുടെയും മുഖം സിഡിയില്‍ വ്യക്തം. ബംഗളൂരുവിലെ ഹോട്ടല്‍മുറിയില്‍നിന്ന് രഹസ്യമായി പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍. എല്ലാം ശത്രുക്കളാരോ ചെയ്തതാണെന്ന് ഭട്ട് മാധ്യമങ്ങളോട് പറഞ്ഞു. അടുത്തമാസത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നില്ലെന്നും ഭട്ട് വ്യക്തമാക്കി. ഉഡുപ്പിയില്‍ ഭട്ട് പ്രചാരണം ആരംഭിച്ചിരുന്നു.

 പത്ത് സിറ്റിങ് എംഎല്‍എമാരെ ഇത്തവണ മത്സരിപ്പിക്കില്ലെന്ന് ബിജെപി തീരുമാനിച്ചിരുന്നത്രേ. അക്കൂട്ടത്തില്‍ രഘുപതിഭട്ടിന്റെ പേരും ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതിനെച്ചൊല്ലി പാര്‍ടിയുമായി വിലപേശലും തര്‍ക്കവും തുടരുന്നതിനിടെയാണ് ലൈംഗികാപവാദം.

ഭട്ടിന്റെ ഭാര്യ പത്മപ്രിയയുടെ മരണത്തിലെ ദുരൂഹത ഇപ്പോഴും മാറിയിട്ടില്ല. 2008 ജൂണില്‍ ഉഡുപ്പിയില്‍നിന്ന് കാണാതായ പത്മപ്രിയയെ നാലുദിവസത്തിനുശേഷം ഡല്‍ഹി ദ്വാരകയിലെ ഷമാ അപ്പാര്‍ട്മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തെളിവുകളെല്ലാം ഭട്ടിനെതിരെ തിരിഞ്ഞപ്പോള്‍ ബിജെപി സര്‍ക്കാര്‍ അന്വേഷണം അട്ടിമറിച്ചു.

ബിജെപി മന്ത്രിസഭയിലെ ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രി ഹാലപ്പയാണ് ആദ്യം ലൈംഗികാപവാദത്തില്‍പ്പെട്ടത്. പിന്നാലെ മറ്റൊരു മന്ത്രിയായ രേണുകാചാര്യക്കെതിരെ ജയലക്ഷ്മി എന്ന യുവതി ആരോപണവുമായി രംഗത്തുവന്നു. നിയമസഭയില്‍ നീലച്ചിത്രം കണ്ടതിനാണ് മന്ത്രിമാരായ കൃഷ്ണ ജെ പാലമാര്‍, ലക്ഷ്മണ സവാദി, സി സി പാട്ടില്‍ എന്നിവരുടെ കസേര തെറിച്ചത്.
(അനീഷ് ബാലന്‍)

deshabhimani

No comments:

Post a Comment