Friday, March 29, 2013
വെള്ളക്കരം കുടിശ്ശിക 450 കോടി
സംസ്ഥാനത്തെ വെള്ളക്കരം കുടിശ്ശിക 450 കോടിയോളം രൂപ. ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്‍മുതല്‍ കലക്ടറേറ്റ്, പൊലീസ് ആസ്ഥാനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവക്കെല്ലാം ഭീമമായ കുടിശ്ശികയുണ്ട്. വമ്പന്‍ സ്വകാര്യ സ്ഥാപനങ്ങളും കുടിശ്ശികയുടെ കാര്യത്തില്‍ പിറകിലല്ല. ദേശാഭിമാനി ഏജന്റും വിവരാവകാശ പ്രവര്‍ത്തകനുമായ രാജു വാഴക്കാലയ്ക്ക് വിവരാവകാശപ്രകാരം ലഭിച്ച രേഖപ്രകാരം വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുള്ള തിരുവനന്തപുരം ജില്ലയിലാണ് മൊത്തം കുടിശ്ശികയുടെ പകുതി. ലഭ്യമായ കണക്കുപ്രകാരം 435,74,42,476 രൂപയാണ് സംസ്ഥാനത്തെ മൊത്തം കുടിശ്ശിക. 2013 ജനുവരി 15 വരെയുള്ള കണക്കുപ്രകാരം രാജ്ഭവന്‍ ബില്‍ കുടിശ്ശിക 1,53,57,510 രൂപയാണ്. ഗവര്‍ണറുടെ സെക്രട്ടറിയുടെ പേരില്‍ 8,66,438 രൂപ കുടിശ്ശികയുണ്ട്. സെക്രട്ടറിയറ്റിലെ ഉദ്യാനം പച്ചപ്പോടെ നിലനിര്‍ത്താന്‍ വെള്ളം ഉപയോഗിച്ച വകയില്‍ രണ്ടു ബില്ലിലായി കുടിശ്ശികയുള്ളത് 10,07,298 രൂപയുടേതും 2,39,436 രൂപയുടേതുമാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കനകക്കുന്ന് കൊട്ടാരം 1,10,66,110 രൂപ കുടിശ്ശികയാക്കിയപ്പോള്‍ രാജകുടുംബംവക കവടിയാര്‍ കൊട്ടാരത്തിന്റെ വെള്ളക്കരം കുടിശ്ശിക 2,51,422 രൂപയാണ്.
തിരുവനന്തപുരം ജില്ലാ കലക്ടറേറ്റും കുടിശ്ശികയില്‍നിന്ന് മുക്തമല്ല. 2,29,308 രൂപ. തിരുവനന്തപുരം ജില്ലാ കോടതിയും ബില്‍ ഒടുക്കുന്നതില്‍ വീഴ്ച വരുത്തി. 1,26,946 രൂപയാണ് കുടിശ്ശിക. പുതിയ കോടതി കെട്ടിടത്തില്‍ 1,55,211 രൂപയുടെയും കുടിശ്ശികയുണ്ട്. തിരുവനന്തപുരം ഗോള്‍ഫ് ക്ലബ് 96,44,397 രൂപയുടെ കുടിശ്ശികയാണ് വരുത്തിയത്. ഗോള്‍ഫ് ലിങ്കിന്റെ പേരില്‍ 81,37,999 രൂപയും ഗോള്‍ഫ് ക്ലബ്ബിന്റെ പേരില്‍ 15,06,398 രൂപയുമാണ് ഇവര്‍ ഒടുക്കാനുള്ളത്. തിരുവനന്തപുരം ജില്ലയിലെ കോര്‍പറേഷന്‍ സ്ഥാപനങ്ങളുടെ കുടിശ്ശിക 5,39,78,692 രൂപയാണ്. 4,96,93,778 രൂപയുടെ കുടിശ്ശികയാണ് ഐജിമുതല്‍ കമീഷണര്‍വരെയുള്ളവര്‍ നയിക്കുന്ന സ്ഥാപനങ്ങള്‍ വരുത്തിയത്. തിരുവനന്തപുരം കെഎപി മൂന്നാം ബറ്റാലിയന്റെമാത്രം ബില്‍ കുടിശ്ശിക 83,11,614 രൂപയാണ്. ഐപിഎസ് ക്വാര്‍ട്ടേഴ്സിന്റെത് 49,79,150 രൂപയും. പൂജപ്പുര സെന്‍ട്രല്‍ ജയിലും ഇതുമായി ബന്ധപ്പെട്ടുള്ള സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് വരെയുള്ള കെട്ടിടങ്ങളിലെയും ബില്‍ കുടിശ്ശിക 1,21,67,701 രൂപയാണ്്. ജില്ലയിലെ ടൂറിസംവകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങള്‍ വരുത്തിയത് 4,80,05,452 രൂപയുടെ കുടിശ്ശിക.
ബില്‍ ഒടുക്കാന്‍ വൈകിയാല്‍ ഉടന്‍ ഫ്യൂസ് ഊരുന്ന കെഎസ്ഇബി തിരുവനന്തപുരം ജില്ലയില്‍മാത്രം വരുത്തിയ ജലബില്‍ കുടിശ്ശിക 2,35,62,778 രൂപയാണ്. തിരുവനന്തപുരം മ്യൂസിയത്തിലെയും കാഴ്ചബംഗ്ലാവിലെയും ജലബില്‍ കുടിശ്ശിക 68,35,357 രൂപയാണ്. അന്താരാഷ്ട്ര വിമാനത്താവളം 1,71,601 രൂപയുടെ കുടിശ്ശിക വരുത്തി. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ദക്ഷിണ റെയില്‍വേയുടെ സെക്ഷന്‍ എന്‍ജിനിയര്‍ ഓഫീസിന്റെ അവസ്ഥയും മറിച്ചല്ല. 1,50,422 രൂപയുടെയും 9,15,696 രൂപയുടെയും രണ്ട് ബില്ലാണ് ഈ ഓഫീസിന്റെ കീഴില്‍ കുടിശ്ശികയുള്ളത്. വലിയതുറയിലെ പോര്‍ട്ട് ഓഫീസില്‍നിന്ന് കിട്ടാനുള്ളത് 35,03,689 രൂപ. റിസര്‍വ് ബാങ്കും വെള്ളബില്‍ ഒടുക്കുന്നതില്‍ വീഴ്ചവരുത്തി. 29,36,749 രൂപയുടെ കുടിശ്ശികയാണ് ബാങ്ക് ഡെപ്യൂട്ടി ചീഫ് ഓഫീസറുടെ പേരിലുള്ളത്.
(ഷഫീഖ് അമരാവതി)
deshabhimani 290313
Subscribe to:
Post Comments (Atom)
No comments:
Post a Comment