Monday, March 25, 2013
കരുണാപുരത്ത് കുടുംബങ്ങള്‍ 7317; കുഴല്‍ക്കിണര്‍ എണ്ണായിരത്തിലധികം
ഇടുക്കി: 7317 കുടുംബങ്ങള്‍ മാത്രമുള്ള കരുണാപുരം പഞ്ചായത്തില്‍ കുഴല്‍ക്കിണറുകളുടെ എണ്ണം എണ്ണായിരത്തിലധികം. എന്നിട്ടും കുടിക്കാന്‍ വെള്ളമില്ല. ഒരു കുടുംബത്തിന് ഒന്നിലധികം കുഴല്‍ക്കിണറുള്ള ഇവിടെ 1750 അടി ആഴത്തില്‍ കുഴിച്ചാലും വെള്ളമില്ല. തമിഴ്നാട് അതിര്‍ത്തി പഞ്ചായത്തായ കരുണാപുരം മഴനിഴല്‍ പ്രദേശമാണ്. വരള്‍ച്ചയും കുടിവെള്ളക്ഷാമവും രൂക്ഷമായ മേഖലയില്‍ കുഴല്‍ക്കിണര്‍ നിര്‍മിക്കുന്ന കാഴ്ചയാണെങ്ങും. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ നടത്തിയ സര്‍വെയില്‍ 5336 കുഴല്‍ക്കിണര്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചതോടെ പഞ്ചായത്ത് ചില നിയന്ത്രണങ്ങള്‍ക്ക് ശ്രമിച്ചു. ഇതോടെ കുഴല്‍ക്കിണര്‍ നിര്‍മാണം ഉച്ചസ്ഥായിയിലായി. ആറുമാസത്തിനുള്ളില്‍ നാട്ടുകാര്‍ 3000ലേറെ കുഴല്‍ക്കിണര്‍ നിര്‍മിച്ചു. ഇപ്പോഴും വന്‍തോതില്‍ നിര്‍മാണം തുടരുന്നു.
ക്രമാതീതമായി കുഴല്‍ക്കിണര്‍ നിര്‍മിക്കുന്ന പശ്ചാത്തലത്തില്‍ ജൈവവൈവിധ്യ മനേജ്മെന്റ് കമ്മിറ്റി, കരുണാപുരം പഞ്ചായത്ത്, എംജി യൂണിവേഴ്സിറ്റിയിലെ പത്തു കോളേജുകളിലെയും എന്‍ആര്‍ സിറ്റി ഹയര്‍സെക്കന്‍ഡറി സ്കൂളിലെയും എന്‍എസ്എസ് വളന്റിയര്‍മാര്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു സര്‍വെ. 1200 സന്നദ്ധപ്രവര്‍ത്തകര്‍ 2012 ആഗസ്തിലാണ് ആറ് ദിവസത്തെ സര്‍വെ നടത്തിയത്. 17 വാര്‍ഡിലായി 5336 കുഴല്‍ക്കിണറുണ്ടെന്ന് കണ്ടെത്തി. ഓരോ വര്‍ഷം പിന്നിടുമ്പോഴും ഭൂഗര്‍ഭജലം ഭയാനകമാംവിധം താഴുന്നതായുള്ള മണ്ണുസംരക്ഷണ വകുപ്പിന്റെയും ഭൗമശാസ്ത്ര സര്‍വെയുടെയും പഠനവും കണ്ടെത്തലുകളും വന്നു.
പശ്ചിമഘട്ട മേഖലയായ ഇവിടെ വമ്പിച്ച വനനശീകരണമാണ് ഉണ്ടായത്. രാമക്കല്‍മേട് മുതല്‍ തേക്കടിവരെ 30ല്‍പരം കിലോമീറ്റര്‍ വ്യാപിച്ച വനസമൃദ്ധമായ ഗ്രീന്‍ബല്‍റ്റ് നാമാവശേഷമായി. തമിഴ്നാട്ടില്‍നിന്നുള്ള ചൂടുകാറ്റിനെ ഇത് തടഞ്ഞുനിര്‍ത്തിയിരുന്നു. അതിര്‍ത്തി മേഖലയില്‍ മഴ 70 ശതമാനമായി കുറഞ്ഞതും തമിഴ്നാട്ടില്‍നിന്ന് വീശുന്ന തീക്കാറ്റും കൂടിയായപ്പോള്‍ നീരുറവകള്‍ വറ്റിവരളുകയും ചെയ്തു. 14 കുഴല്‍ക്കിണര്‍ വരെ നിര്‍മിച്ചവരുണ്ട്. അഞ്ച് സെന്റില്‍ രണ്ടും മൂന്നും കുഴല്‍ക്കിണര്‍വരെയുണ്ട്. തമിഴ്നാടിനോട് അതിര്‍ത്തി പങ്കിടുന്ന സമീപ പഞ്ചായത്തുകളായ പാമ്പാടുംപാറ, വണ്ടന്‍മേട്, ചക്കുപള്ളം, നെടുങ്കണ്ടം മേഖലകളിലും ആയിരക്കണക്കിനു കുഴല്‍കിണറുകളാണ് നിര്‍മിക്കുന്നത്
(കെ ടി രാജീവ്)
deshabhimani 250313
Subscribe to:
Post Comments (Atom)
No comments:
Post a Comment