Wednesday, March 27, 2013

ഓര്‍മകളില്‍ ആവേശമായ ബീഡിക്കമ്പനിക്ക് പുനര്‍ജനി


പയ്യന്നൂര്‍: തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിന് ഊര്‍ജസ്രോതസായി പ്രവര്‍ത്തിച്ച ബീഡിത്തൊഴിലാളികളും അവരെ ആശയപരമായി ആയുധമണിയിക്കുന്നതിന് പാഠശാലകളായി മാറിയ ബീഡിക്കമ്പനികളും സിഐടിയു ദേശീയസമ്മേളനത്തിന്റെ ഭാഗമായി പുനര്‍ജനിക്കുന്നു. 28ന് കണ്ണൂരില്‍ തുടങ്ങുന്ന ചരിത്രപ്രദര്‍ശനത്തിന് വേണ്ടി എടാട്ടെ ശ്രീനിവാസന്‍ ചിത്രാഞ്ജലിയാണ് ബീഡികമ്പനിക്ക് ശില്‍പഭാഷ്യം തീര്‍ക്കുന്നത്.

നാട്ടിന്‍പുറങ്ങളെ സജീവമാക്കിയ ബീഡിക്കമ്പനികള്‍ പഴയ പോലെ ഇന്നില്ല. പത്രം വായിക്കുന്ന രാഷ്ട്രീയ സര്‍വകലാശാലകളായ ബീഡികമ്പനികളുടെ ചരിത്രം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം കൂടിയാണ്. ഈ ചരിത്രത്തിന് ശില്‍പരൂപം നല്‍കുകയാണ് എടാട്ടെ വീട്ടില്‍ പണിപ്പുരയില്‍ ശ്രീനിവാസന്‍. ഉയര്‍ന്ന പ്രതലത്തില്‍ വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച് ബീഡി തെറുക്കുന്ന തൊഴിലാളികള്‍, ജോലിക്കിടയിലും ദേശാഭിമാനി പത്രം വായിക്കുന്നതും. രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തുന്നതും കമ്പനിയുടെ ശില്‍പം കാഴ്ചക്കാര്‍ക്ക് പഴമയിലേക്കുള്ള മടങ്ങിപ്പോക്കാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കരുത്ത് പകര്‍ന്ന ബീഡിത്തൊഴിലാളികളുടെ ചരിത്രം ഈ ശില്‍പം നമ്മോട് പറയും. പത്രം വായിക്കുന്നതും, ബീഡി തെറുക്കുന്നതും മൂവിങ് ആക്ഷനിലാണ് സെറ്റ്ചെയ്യുന്നത്. വടക്കന്‍ മലബാറില്‍ ഉത്സവക്കാഴ്ചകളൊരുക്കുന്ന ശ്രീനിവാസന്റെ വേറിട്ട ശില്‍പമാണ് ബീഡിക്കമ്പനി. ഫൈബറിലാണ് ശില്‍പങ്ങള്‍ നിര്‍മ്മിക്കുന്നത്.

കേളികൊട്ടായി വിളംബരജാഥ

കണ്ണൂര്‍: സിഐടിയു ദേശീയ സമ്മേളന പ്രചാരണാര്‍ഥം തൊഴിലാളികള്‍ നഗരത്തില്‍ വിളംബരജാഥ നടത്തി. ബീഡി, കൈത്തറി, റബ്കോ, ടെക്സ്റ്റൈല്‍ തൊഴിലാളികളാണ് ചൊവ്വാഴ്ച കണ്ണൂര്‍ നഗരത്തില്‍ നടന്ന ജാഥയില്‍ അണിനിരന്നത്. പ്രഭാത് ജങ്ഷനില്‍നിന്ന് തുടങ്ങി സ്റ്റേഡിയം കോര്‍ണറില്‍ സമാപിച്ചു. തിറകളുടെയും തറികളുടെയും നാടായ കണ്ണൂര്‍ ആതിഥേയത്വം വഹിക്കുന്ന സിഐടിയു ദേശീയ സമ്മേളനത്തിന്റെ വിളംബരജാഥയുടെ മുന്‍നിരയില്‍ വിഷ്ണുമുര്‍ത്തി തെയ്യമായിരുന്നു. ചെണ്ടമേളവും കൊടിതോരണങ്ങളും പ്ലക്കാര്‍ഡുകളും കൂറ്റന്‍പതാകകളും നിരന്ന ജാഥയില്‍ നൂറുകണക്കിന് തൊഴിലാളികള്‍ അണിനിരന്നു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവന്‍ ഉദ്ഘാടനം ചെയ്തു. പൂക്കോടന്‍ ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.

കെ ഇ പിക്ക് ഇന്നും രൂപീകരണ സമ്മേളനത്തിന്റെ ആവേശം

തലശേരി: ""1970 മെയ് 30. വലിയ ആവേശത്തിലായിരുന്നു കൊല്‍ക്കത്ത നഗരവും തൊഴിലാളികളും. നഗരം ചുവപ്പുമേലാപ്പണിഞ്ഞതുപോലെ. എങ്ങും ചെങ്കൊടി പാറുന്നു. തൊഴിലാളിവര്‍ഗ ചരിത്രത്തിലെ പുതുയുഗപ്പിറവി കുറിച്ച സമ്മേളനമായിരുന്നു അത്. മഹാരഥരായ നേതാക്കള്‍ അണിനിരന്ന വേദി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍""-സിഐടിയു ദേശീയ സമ്മേളനത്തിന് കണ്ണൂര്‍ ആതിഥ്യമരുളുമ്പോള്‍ രൂപീകരണ സമ്മേളനത്തിന്റെ ആവേശസ്മരണയിലാണ് കെ ഇ പി നമ്പ്യാര്‍. തിരുവങ്ങാട് പുല്ലമ്പില്‍ റോഡിലെ "കൃഷ്ണ"യില്‍ പ്രായം തളര്‍ത്താത്ത ആവേശത്തോടെ കെ ഇ പി നമ്പ്യാര്‍ രൂപീകരണസമ്മേളനത്തിന്റെ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുന്നു.

മുംബൈയില്‍നിന്നുള്ള പ്രതിനിധിയായാണ് അദ്ദേഹം കൊല്‍ക്കത്ത സമ്മേളനത്തില്‍ പങ്കെടുത്തത്. എഐടിയുസിയുടെ മുംബൈയിലെ പ്രധാന നേതാക്കളിലൊരാളായിരുന്നു അന്ന് നമ്പ്യാര്‍. മുംബൈയില്‍ ചേര്‍ന്ന എഐടിയുസി സമ്മേളനത്തില്‍ ഡാങ്കെക്കെതിരെ വലിയ വിമര്‍ശമുണ്ടായി. ബി ടി ആര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സമ്മേളനത്തിലുണ്ടായിരുന്നു. രാഷ്ട്രീയമായി യോജിച്ചുപോകുക അസാധ്യമാണെന്ന് സമ്മേളനത്തോടെ ബോധ്യപ്പെട്ടു. അങ്ങനെയാണ് ഗോവയില്‍ പ്രത്യേക ആലോചനായോഗം ചേര്‍ന്നതെന്ന് കെ ഇ പി നമ്പ്യാര്‍ ഓര്‍ക്കുന്നു. കൊല്‍ക്കത്ത സമ്മേളനത്തിന് ഒരു വര്‍ഷം മുമ്പായിരുന്നു ആ യോഗം. രൂപീകരണസമ്മേളനം കൊല്‍ക്കത്തയില്‍ നടത്താന്‍ തീരുമാനിച്ച ഗോവയിലെ യോഗത്തില്‍ കെ ഇ പി നമ്പ്യാരുമുണ്ടായിരുന്നു. സമ്മേളനത്തിനുശേഷം സിഐടിയുവിനുപിന്നില്‍ മുംബൈയിലെ തൊഴിലാളികളെ അണിനിരത്താനുള്ള പ്രവര്‍ത്തനം തുടങ്ങി. മുംബൈ അന്ധേരിയില്‍ സിഐടിയുവിന് പുതിയ ഓഫീസുണ്ടാക്കിയത് കെ ഇ പി നമ്പ്യാരാണെന്നത് പുതുതലമുറയ്ക്ക് അറിയാത്ത ചരിത്രമാണ്.

ശിവസേനക്കാര്‍ കൊലപാതകവും അക്രമവും പിടിച്ചുപറിയും നടത്തുന്ന കാലമായിരുന്നു അത്. ഇടതുപക്ഷ ട്രേഡ് യൂണിയന്‍ നേതാക്കളെ തെരഞ്ഞുപിടിച്ച് വധിക്കാന്‍ തുടങ്ങി. കെ ഇ പിക്കു നേരെയും രണ്ടു തവണ വധശ്രമമുണ്ടായി. ഒരു തവണ മരിച്ചെന്ന് കരുതി റോഡില്‍ ഉപേക്ഷിച്ചു. ചികിത്സയില്‍ കഴിയുമ്പോള്‍ എ കെ ജിയും അഹല്യാരങ്കനേക്കറും കാണാനെത്തിയത് ജീവിതത്തില്‍ വഴിത്തിരിവായി. "ഇനി ഇയാളെ ഇവിടെ നിര്‍ത്തരുത്, നാട്ടിലേക്ക് അയക്കണം"- എ കെ ജി മുംബൈയിലെ പാര്‍ടിയോട് അഭ്യര്‍ഥിച്ചു. മുംബൈയില്‍ ഒടുങ്ങിപ്പോവുമായിരുന്ന ജീവിതം അങ്ങനെയാണ് കേരളത്തിലേക്ക് പറിച്ചുനട്ടത്.

കല്യാശേരി സ്വദേശിയാണ് എടക്കെപ്രവന്‍ പുത്തന്‍വീട്ടില്‍ കൃഷ്ണന്‍ നമ്പ്യാര്‍ എന്ന കെ ഇ പി നമ്പ്യാര്‍. ചെറുകുന്ന് ഹൈസ്കൂളില്‍ എസ്എസ്എല്‍സിക്ക് പഠിക്കുമ്പോഴാണ് മോറാഴ സംഭവം. കേസില്‍ ആദ്യം കസ്റ്റഡിയിലായി. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഒരാഴ്ചയ്ക്കുശേഷം വിട്ടു. എസ്എസ്എല്‍സിക്കുശേഷം കല്യാശേരി സ്കൂളില്‍ അധ്യാപകനായി ഒരുവര്‍ഷം. പാര്‍ടി നിര്‍ദേശപ്രകാരം പിന്നീട് റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്സിലേക്ക്. ബംഗളൂരുവില്‍നിന്ന് പരിശീലനം നേടി ചിറ്റഗോങ് എയറോഡ്രോമിലായിരുന്നു ആദ്യ നിയമനം. ബ്രിട്ടീഷുകാരുടെകൂടെ ഭക്ഷണം കഴിക്കില്ലെന്നും ഇന്ത്യന്‍ മെസ് വേണമെന്നും ആവശ്യപ്പെട്ട് സമരം നടത്തിയതിന് പിരിച്ചുവിട്ടു. മുംബൈയിലെത്തി റെയില്‍വേയില്‍ ക്ലര്‍ക്കായി. പതിനെട്ട് വര്‍ഷത്തെ സര്‍വീസില്‍ മൂന്ന് തവണയായി 12 വര്‍ഷം സസ്പെന്‍ഷന്‍. നിയമയുദ്ധത്തിലൂടെ സര്‍വീസില്‍ തിരിച്ചെത്തി. ഒടുവില്‍ 1969-ല്‍ ജൂനിയര്‍ അക്കൗണ്ടന്റ് തസ്തികയില്‍നിന്ന് പിരിച്ചുവിട്ടു. രണ്ടു പ്രാവശ്യം വിചാരണകൂടാതെ നമ്പ്യാര്‍ തടവില്‍ കഴിഞ്ഞിട്ടുണ്ട്. നാട്ടിലേക്ക് തിരിച്ചെത്തി തലശേരിയില്‍ ബിസിനസ് തുടങ്ങി. വ്യാപാരി വ്യവസായി സമിതിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളാണ്. ദീര്‍ഘകാലം ജില്ലാ പ്രസിഡന്റായി. മോറാഴ സ്വദേശി ദേവിയാണ് ഭാര്യ. സിപിഐ എം മഞ്ഞോടി ബ്രാഞ്ചംഗമാണിപ്പോഴും. തലശേരി നഗരസഭ മുന്‍ ചെയര്‍മാനും സിപിഐ എം തിരുവങ്ങാട് ലോക്കല്‍ കമ്മിറ്റി അംഗവുമായ പി കെ ആശ ഉള്‍പ്പെടെ നാലു മക്കള്‍. കണ്ണൂര്‍ സമ്മേളനത്തില്‍ മുംബൈയില്‍നിന്നെത്തുന്ന നേതാക്കളെ കാണാനുള്ള കാത്തിരിപ്പിലാണിപ്പോള്‍ നമ്പ്യാര്‍.

deshabhimani 

No comments:

Post a Comment