Tuesday, March 26, 2013

തെരുവ് നാടക പ്രസ്ഥാനം തകരാതിരിക്കാന്‍ ജാഗ്രതവേണം: കെ ടി മുഹമ്മദ് അനുസ്മരണം


കോഴിക്കോട്: സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങള്‍ ജനങ്ങളിലേക്കെത്തിച്ചിരുന്ന തെരുവ് നാടക പ്രസ്ഥാനം തകരാതിരിക്കാന്‍ നാടക പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്ന് തമിഴ് നാടകകൃത്ത് പ്രളയന്‍ പറഞ്ഞു. കച്ചവട താല്‍പര്യം ബാധിച്ചതിനാല്‍ പ്രൊഫഷണല്‍ നാടക വേദിയ്ക്ക് ജനകീയ പ്രശ്നങ്ങളില്‍ നിലപാടെടുക്കാനാകുന്നില്ല. പുരോഗമന കലാസാഹിത്യ സംഘം ആഭിമുഖ്യത്തില്‍ കെ ടി മുഹമ്മദ് അനുസ്മരണ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ത്രീ ശാക്തീകരണം അംഗീകരിക്കാനാകാത്തതിനാലാണ് പുരാണങ്ങളില്‍ സ്ത്രീയെ രാക്ഷസിയായും മറ്റും ചിത്രീകരിച്ചിരുന്നത്. വികൃതമാക്കപ്പെട്ട സ്ത്രീ കഥാപാത്രങ്ങളെ വീണ്ടെടുക്കാന്‍ നാടക പ്രവര്‍ത്തകര്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരനും മുതിര്‍ന്ന സിപിഐ എം നേതാവുമായ എം കേളപ്പന്‍ അധ്യക്ഷനായി. ബാബു പറശേരി, ഇബ്രാഹിം വെങ്ങര, ഡോ. കെ ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാസെക്രട്ടറി വി ടി സുരേഷ് സ്വാഗതവും കെ കെ സി പിള്ള നന്ദിയും പറഞ്ഞു. തുടര്‍ന്ന് കെ ടി യുടെ"നാല്‍ക്കവല" നാടകം അരങ്ങേറി. രാവിലെ ടൗണ്‍ഹാളില്‍ നാടകാവതരണ മത്സരം നടന്നു. വൈകിട്ട് മാനാഞ്ചിറയിലെ കെ ടി പ്രതിമയ്ക്കു സമീപം നാടക പ്രവര്‍ത്തകരും എഴുത്തുകാരും കെ ടിയ്ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചു. അനുസ്മരണത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ സ്മൃതി ചിത്ര പ്രദര്‍ശനം, കെ ടിയുടെ നാടക സിനിമാ ഗാനങ്ങളുടെ അവതരണം, പുസ്തക പ്രകാശനം, സാംസ്കാരിക പ്രഭാഷണം തുടങ്ങിയവ നടത്തിയിരുന്നു. മികച്ച നാടകത്തിനുള്ള സമ്മാനം വിപ്ലവ കഥാവേദിയുടെ വെള്ളപ്പൊക്കം നേടി. ഇബ്രാഹിം വെങ്ങര പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു.

കെ ടി; മതത്തിനപ്പുറത്തെ മനുഷ്യനെ കാട്ടിത്തന്നയാള്‍ -നിലമ്പൂര്‍ ആയിഷ

മാവൂര്‍: ജീവിത സത്യങ്ങളുടെ മുമ്പിലേക്ക് മനുഷ്യരെ തിരിച്ചുനിര്‍ത്തി മണ്ണിനെയും മനുഷ്യനെയും മാനുഷിക മൂല്യങ്ങളെയുംകുറിച്ച് പറയുന്നതായിരുന്നു കെ ടി മുഹമ്മദിന്റെ ഓരോ നാടകങ്ങളുമെന്ന് നിലമ്പൂര്‍ ആയിഷ. മതത്തിനപ്പുറത്തെ മനുഷ്യനെ കാണിച്ചുതന്നയാളാണ് കെ ടി. കെട്ടുകാഴ്ചകളില്ലാത്ത പച്ച മനുഷ്യന്റെ വേദനകള്‍ തന്റെ നാടകത്തില്‍ കെ ടി വിവരിച്ചു. പുരോഗമന കലാസാഹിത്യ സംഘം കുന്നമംഗലം ഏരിയാ കമ്മിറ്റി മാവൂരില്‍ സംഘടിപ്പിച്ച കെ ടി മുഹമ്മദിന്റെ അഞ്ചാം അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

തന്നില്‍ തിളച്ചുമറിഞ്ഞ ജീവിത യാഥാര്‍ഥ്യങ്ങള്‍ വരച്ചുകാട്ടി യാഥാസ്ഥികത്വത്തിന്റെ മുമ്പില്‍ കൊടുങ്കാറ്റായി മാറി. കെ ടിയുടെ നാടകങ്ങള്‍ ഇനിയും മലയാളികളുടെ മനസ്സില്‍ പോരാട്ടവീര്യം തീര്‍ക്കുമെന്നും അവര്‍ പറഞ്ഞു. മാവൂര്‍ വിജയന്‍ അധ്യക്ഷനായി. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എം ധര്‍മ്മജന്‍ നിലമ്പൂര്‍ ആയിഷയെ പൊന്നാട അണിയിച്ചു. പുരോഗമന കാലാസാഹിത്യസംഘം ജില്ലാ കമ്മിറ്റിയംഗം ബാബു പറശ്ശേരി നാടകനടന്മാരായ എം എ നാസര്‍, ആര്‍ ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു. സി ബാലഗോപാലന്‍ സ്വാഗതവും കെ പി വിജയന്‍ നന്ദിയും പറഞ്ഞു.

deshabhimani 260313

No comments:

Post a Comment