Sunday, March 31, 2013

കടല്‍കൊല: ഒത്തുകളിക്ക് വീണ്ടും അരങ്ങൊരുങ്ങുന്നു


ഇറ്റാലിയന്‍ സൈനികര്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസ് ദേശീയ അന്വേഷണ ഏജന്‍സിയെ (എന്‍ഐഎ) ഏല്‍പ്പിക്കുന്നതില്‍ ഒത്തുകളി. ഇറ്റാലിയന്‍ സര്‍ക്കാരുമായുണ്ടാക്കിയ രഹസ്യ ഒത്തുതീര്‍പ്പിനെ സഹായിക്കുംവിധം അന്വേഷണറിപ്പോര്‍ട്ട് ഉണ്ടാക്കിയെടുക്കാനാണ് അന്വേഷണം എന്‍ഐഎയ്ക്ക് വിടുന്നത്. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും നിയമമന്ത്രാലയവും ചര്‍ച്ച നടത്തി. ചൊവ്വാഴ്ച കേസ് പരിഗണിക്കുമ്പോള്‍ ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചേക്കും.

വിചാരണയ്ക്കുള്ള പ്രത്യേക കോടതി പ്രവര്‍ത്തനം തുടങ്ങാനിരിക്കെയാണ് കേസ് എന്‍ഐഎയ്ക്ക് വിടുന്നത്. കേരള പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച കേസില്‍ വധശിക്ഷവരെ ലഭിക്കാവുന്ന 302-ാംവകുപ്പാണ് ഇറ്റാലിയന്‍ സൈനികര്‍ക്കെതിരെ ചുമത്തിയത്. കേരള പൊലീസിന്റെ എഫ്ഐആറോ കുറ്റപത്രമോ സുപ്രീംകോടതി റദ്ദാക്കിയിട്ടില്ല. നിലവിലുള്ള സാഹചര്യത്തില്‍ ബോധപൂര്‍വമുള്ള നരഹത്യക്ക് സൈനികരെ വിചാരണ ചെയ്യാം. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഇറ്റലിക്ക് നല്‍കിയ വാഗ്ദാനം അനുസരിച്ച് ഇത് നടക്കില്ല. ഇന്ത്യയുടെ നിയമപ്രക്രിയയ്ക്കുശേഷം സൈനികരെ ഇറ്റലിക്ക് കൈമാറാനോ ശിക്ഷ വിധിക്കപ്പെട്ടാല്‍തന്നെ അത് പരമാവധി ലഘുവാക്കാനോ കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നു. ഇതിനായി എന്‍ഐഎയുടെ സേവനം ഉപയോഗപ്പെടുത്താമെന്നാണ് വിലയിരുത്തല്‍. സൈനികരെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ ഇറ്റലി തയ്യാറായത് വധശിക്ഷ നല്‍കില്ലെന്ന ഉറപ്പിലാണ്. ഇതിന്റെ ഭാഗമായാണ് കേന്ദ്രം സെഷന്‍സ് കോടതിക്കുപകരം വിചാരണ ചീഫ് മെട്രോപൊളിറ്റന്‍ കോടതിയില്‍ നടത്താന്‍ തീരുമാനിച്ചത്.

ഇന്ത്യയുടെ ക്രിമിനല്‍നടപടി ചട്ടത്തിന്റെ 29(1) വകുപ്പനുസരിച്ച് മജിസ്ട്രേട്ട് കോടതിക്ക് വധശിക്ഷ, ജീവപര്യന്തം, ഏഴുവര്‍ഷത്തില്‍ കൂടുതലുള്ള തടവ് എന്നിവ വിധിക്കാന്‍ അധികാരമില്ല. മുമ്പ് കേസ് നടന്നത് കൊല്ലം സെഷന്‍സ് കോടതിയിലാണ്. ഹൈക്കോടതിയുടെ അംഗീകാരം വേണമെങ്കിലും വധശിക്ഷപോലും വിധിക്കാന്‍ സെഷന്‍സ് കോടതിക്ക് കഴിയും. കൊല്ലം സെഷന്‍സ് കോടതിയെത്തന്നെ പ്രത്യേക കോടതിയാക്കണമെന്ന ആവശ്യം കേന്ദ്രം തള്ളിയത് ഈ സാഹചര്യത്തിലാണ്. പ്രോസിക്യൂട്ടിങ് ഏജന്‍സിയായും അന്വേഷണ ഏജന്‍സിയായുമാണ് എന്‍ഐഎ പ്രവര്‍ത്തിക്കുക. കേസ് സങ്കീര്‍ണമായ നയതന്ത്രപ്രശ്നമാക്കി മാറ്റാനാണ് ഇറ്റലി തുടക്കംമുതല്‍ ശ്രമിച്ചത്. കേന്ദ്ര നീക്കങ്ങളും ഇറ്റലിയുടെ വാദത്തിന്റെ ചുവടുപിടിച്ചാണ്.

എന്‍ഐഎ അന്വേഷിക്കുന്നതില്‍ സന്തോഷം: തിരുവഞ്ചൂര്‍

കോട്ടയം: ഇറ്റാലിയന്‍ സൈനികര്‍ പ്രതികളായ കടല്‍ക്കൊലക്കേസ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്നതില്‍ സര്‍ക്കാരിന് സന്തോഷമാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലയൂരുകയാണെന്ന് ആര്‍ക്കും തോന്നില്ലെന്നും മന്ത്രി പറഞ്ഞു. സൈനികര്‍ക്ക് വധശിക്ഷ നല്‍കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയത് നിയമപരമാണോ എന്ന ചോദ്യത്തിന് തന്നോട് അലോചിച്ചല്ല അക്കാര്യം തീരുമാനിച്ചതെന്നായിരുന്നു പ്രതികരണം. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സി അന്വേഷിക്കുന്നതിലൂടെ സോണിയാഗാന്ധിയുടെ ഇടപെടല്‍ ഉണ്ടാകുമെന്ന ആരോപണം ഉയരില്ലേയെന്ന ചോദ്യത്തിന് അത് ഊഹാപോഹമാണെന്നും നിയമത്തിന്റെ വഴിയെയാണ് പോകുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നുമായിരുന്നു മറുപടി.

deshabhimani 310313

No comments:

Post a Comment