എം പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ജനത പിളര്‍പ്പിന്റെ വക്കില്‍. വീരേന്ദ്രകുമാറിന്റെയും മകന്‍ എം വി ശ്രേയംസ് കുമാറിന്റെ സേഛാധിപത്യ നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ടി വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ എം കെ പ്രേംനാഥിന്റെ നേതൃത്വത്തില്‍ 60-ഓളം നേതാക്കളാണ് കൊച്ചിയില്‍ യോഗം ചേര്‍ന്ന് പിളര്‍പ്പ് പ്രഖ്യാപിച്ചത്. പിളര്‍ത്താതിരിക്കാനുള്ള അന്തിമ ശാസനം എന്ന വണ്ണം യുഡിഎഫ് മുന്നണി വിട്ട് പുറത്തുവരാന്‍ പാര്‍ടിയോട് അഭ്യര്‍ത്ഥിക്കാനും യോഗം തീരുമാനിച്ചു. അംഗീകരിക്കാത്ത പക്ഷം ശക്തമായ നിലപാടുമായി മുന്നോട്ട് പോകും.
ഇതിന്റെ ഭാഗമായി 27ന് പാര്‍ടിയിലെ തങ്ങളോട് യോജിക്കുന്നവരുടെ വിപുലമായ യോഗം എറണാകുളത്ത് ചേരും. പ്രേംനാഥിന് പുറമെ വി വിശ്വംഭരന്‍, കെ കൃഷ്ണന്‍കുട്ടി, തമ്പാന്‍ തോമസ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് വക്താക്കള്‍ പറഞ്ഞു. ഈ യോഗത്തിന്റെ തീരുമാനമനുസരിച്ചാകും പുതിയ നീക്കം. മെയ് മാസം കോഴിക്കോടോ, പാലക്കാടോ വിപുലമായ സമ്മേളനവും പ്രകടനവുമൊക്കെ സംഘടിപ്പിച്ച് പുതിയ പാര്‍ടി പ്രഖ്യാപിക്കാനുമാണ് നീക്കം.
സോഷ്യലിസ്റ്റ് പഠന കേന്ദ്രം എന്ന സംഘടനയുടെ പേരില്‍ പാര്‍ടിയിലെ മുതിര്‍ന്ന നേതാവും മുന്‍ വൈസ് പ്രസിഡന്റുമായ ആലുങ്കല്‍ ദേവസിയുടെ ഇടപ്പള്ളിയിലെ വീട്ടിലാണ് ഒരു വിഭാഗം നേതാക്കള്‍ ഒത്തു ചേര്‍ന്നത്. പാര്‍ടി എല്‍ഡിഎഫ് വിട്ടത് നയങ്ങളുടെ പേരിലല്ല, സ്വാര്‍ത്ഥതാല്‍പര്യപ്രകാരമാണ്. ഇതിന്റെ പേരില്‍ പാര്‍ടിയുടെ അടിസ്ഥാന സോഷ്യലിസ്റ്റ് നയങ്ങള്‍ പോലും ബലികഴിക്കേണ്ടി വന്നതായി യോഗം വിലയിരുത്തി. വ്യാജരേഖകള്‍ പ്രകാരം പാര്‍ടിയുണ്ടാക്കി പാര്‍ടിക്കാരെയും സമൂഹത്തെ തന്നെയും വഞ്ചിക്കാനാണ് വീരേന്ദ്രകുമാര്‍ തയ്യാറായത്. ശ്രേയംസ് കുമാറാകട്ടെ വീരേന്ദ്രകുമാറിനെ പോലും ഹൈജാക്ക് ചെയ്തു. പക്വതയില്ലാത്ത പ്രവര്‍ത്തനങ്ങളും ജനവിരുദ്ധ സമീപനങ്ങളുമാണ് ഇദ്ദേഹം പുലര്‍ത്തുന്നത്. പാര്‍ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പോലും നിരന്തരമായി അപമാനിക്കപ്പെടുന്നു. ഇത് സഹിക്കാനാവില്ല.
കോണ്‍ഗ്രസിന്റെ അഴിമതിക്കെതിരെ പോരാടിയ ചരിത്രമുള്ള പാര്‍ടി ഇന്ന് ഇക്കാര്യത്തില്‍ മിണ്ടാപ്പൂച്ചയായി. ആഫ്രിക്കയിലെ ജലചൂഷണത്തെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന വീരേന്ദ്രകുമാര്‍ ഇവിടുത്തെ സ്വകാര്യവല്‍ക്കരണത്തെ കുറിച്ചും ജനചൂഷണത്തെ കുറിച്ചും മിണ്ടുന്നില്ല. ജനങ്ങളില്‍ നിന്ന് പാര്‍ടി പൂര്‍ണമായി അകന്നു. ഇതെങ്ങിനെ സഹിക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ടി സ്ഥാനാര്‍ത്ഥി എം കെ പ്രേംനാഥിനെ തോല്‍പിക്കാന്‍ കൂട്ടുനിന്നതായി ആരോപിതനായ മനയത്ത് ചന്ദ്രനെ സംരക്ഷിക്കാനാണ് വീരനും കൂട്ടരും ശ്രമിക്കുന്നത്. ചന്ദ്രന് ജില്ലാ ബാങ്ക് പ്രസിഡന്റ്, കേരഫെഡ് ചെയര്‍മാന്‍ സ്ഥാനങ്ങളും നല്‍കിയതായും യോഗം ആരോപിച്ചു.
എം കെ പ്രേംനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആലുങ്കല്‍ ദേവസി, സംസ്ഥാന നേതാക്കളായ ടി പി ജോസഫ്, കൂട്ടിക്കട അഷ്റഫ്, അഡ്വ. സെയ്ഫുദ്ദീന്‍, അഡ്വ. മുരുകദാസ്, എസ് മനോഹരന്‍, തോമസ് കോയിക്കര, റപ്പായി, അരവിന്ദാക്ഷന്‍, കലാജിത്ത് തുടങ്ങിയവരും വീരേന്ദ്രകുമാറിന്റെ വ്യാജരേഖയ്ക്കെതിരെ പാര്‍ടി വിട്ട് കോടതിയെ സമീപിച്ച പാലോട് സന്തോഷും പങ്കെടുത്തു. വിവിധ ജില്ലകളിലെ 40 പേരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നതെങ്കിലും 60 ഓളം പേരാണ് കേട്ടറിഞ്ഞ് പോലും എത്തിയതെന്ന് കൂട്ടിക്കട അഷ്റഫ് പറഞ്ഞു. നയങ്ങള്‍ തിരുത്താന്‍ പാര്‍ടി തയ്യാറാകാത്ത പക്ഷം പുതിയ പാര്‍ടിയെന്നതാണ് ലക്ഷ്യം. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പെ തന്നെ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
deshabhimani
No comments:
Post a Comment