Tuesday, March 26, 2013

പൊലീസ് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥി മരിച്ചു


പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുന്നതിനിടെ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു. എടത്വ സെന്റ് അലോഷ്യസ് കോളേജിലെ ബിഎസ്സി കെമിസ്ട്രി അവസാന വര്‍ഷ വിദ്യാര്‍ഥിയും കളര്‍കോട് ഇരവുകാട് വാര്‍ഡില്‍ അഭിലാഷ് ഭവനില്‍ അശോക്കുമാറിന്റെ മകനുമായ അഖിലേഷ്(24) ആണ് പൊലീസ് ഭീകരതയുടെ രക്തസാക്ഷിയായത്. അഖിലേഷിന് പൊലീസ് വിദഗ്ധ ചികിത്സ നിഷേധിച്ചതായും പരാതിയുണ്ട്.

വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപത്തെ പെട്രോള്‍ പമ്പിനടുത്ത് സുഹൃത്തിന്റെ ബൈക്കിലിരിക്കുമ്പോള്‍ കഴിഞ്ഞ 16നാണ് അഖിലേഷിനെ പുന്നപ്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ചുവെന്ന് ആരോപിച്ച് എസ്ഐ ജീപ്പിലേക്ക് വലിച്ചിഴയ്ക്കുമ്പോള്‍ തല ശക്തമായിടിച്ചു. ഒമ്പതുദിവസം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഖിലേഷിനെ ഞായറാഴ്ച രാത്രിയാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയത്. തിങ്കളാഴ്ച രാവിലെ ഒമ്പതിന് മരിച്ചു. കസ്റ്റഡിയിലെടുത്തശേഷം പൊലീസ് വീട്ടില്‍ വിളിച്ചുപറഞ്ഞതനുസരിച്ച് അച്ഛനും അമ്മ സോമലതയും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തുമ്പോള്‍ അഖിലേഷിനെ കോട്ടയത്തേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സില്‍ കയറ്റുകയായിരുന്നു. കാണാന്‍പോലും സമ്മതിച്ചില്ല. എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ വിദഗ്ധ ചികിത്സ നല്‍കണമെന്ന ആവശ്യവും ചെവിക്കൊണ്ടില്ല. എസ്ഐ ഏകപക്ഷീയമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ട്രോമാ കെയര്‍ യൂണിറ്റില്‍ ന്യുമോണിയ മൂര്‍ച്ഛിച്ച് ഗുരുതരാവസ്ഥയില്‍ കിടന്നയാളുടെ തൊട്ടടുത്താണ് അഖിലേഷിനെ കിടത്തിയത്. ഇവിടെ കിടന്ന മറ്റു പതിനാലോളം പേരും കടുത്ത പനിബാധിതരായിരുന്നു. തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ അഖിലേഷിനെ ഇവര്‍ക്കൊപ്പം കിടത്തുന്നതിന്റെ ഭവിഷ്യത്ത് മാതാപിതാക്കളും ബന്ധുക്കളും അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അവഗണിച്ചു. ഒടുവില്‍ വീട്ടുകാരും സഹപാഠികളും ചേര്‍ന്ന് നിര്‍ബന്ധപൂര്‍വം എറണാകുളത്തേക്ക് മാറ്റുകയായിരുന്നു. അഖിലേഷിന്റെ നിലയില്‍ പുരോഗതിയുണ്ടെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്. എന്നാല്‍, സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഇരുവൃക്കയും തകരാറിലാണെന്നും ശരീരമാകെ പഴുപ്പ് ബാധിച്ചതായും കണ്ടെത്തി. ഡയാലിസിസ് നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിദഗ്ധ ചികിത്സ വൈകിച്ചതാണ് മരണകാരണമായതെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വൈകിട്ട് ആറോടെ മൃതദേഹം ആലപ്പുഴയിലെ വീട്ടില്‍ കൊണ്ടുവന്നു. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് സെന്റ് അലോഷ്യസ് കോളേജില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്കാരം പകല്‍ പതിനൊന്നിന് വലിയ ചുടുകാട്ടില്‍.

സഹോദരന്‍  അഭിലാഷ്. എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്നു അഖിലേഷ്. അഖിലേഷ് മദ്യപിച്ചിരുന്നില്ലെന്ന് ഒപ്പമുണ്ടായിരുന്ന കൂട്ടുകാര്‍ തറപ്പിച്ചു പറയുന്നു. ജീപ്പില്‍ കൊണ്ടുപോകവെ ചാടിയതാണ് അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ആഭ്യന്തരമന്ത്രി പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്ഐ എന്‍ രാജേഷ്, പൊലീസ് ഡ്രൈവര്‍ ജയന്‍ എന്നിവരെ ഐജി പത്മകുമാര്‍ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. പൊലീസ് ഭീകരതയെത്തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ചതിനെതിരെ ശക്തമായ ജനരോഷമുയര്‍ന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആലപ്പുഴ നഗരത്തില്‍ ദേശീയപാത ഉപരോധിച്ചു.

deshabhimani 260313

No comments:

Post a Comment