Wednesday, March 27, 2013

കൊച്ചിക്ക് നിരാശമാത്രം

കേരളത്തിന്റെ ഖജനാവിലേക്ക് ഏറ്റവുമധികം സാമ്പത്തികവിഹിതം സംഭാവനചെയ്യുന്ന വ്യവസായിക തലസ്ഥാനമായ എറണാകുളത്തിനായി കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി കെ എം മാണി പ്രഖ്യാപിച്ച പരിമിതമായ പദ്ധതികള്‍ പലതും കടലാസില്‍ ഒതുങ്ങി. പ്രമുഖ പദ്ധതികള്‍ക്കുപോലും നീക്കിവച്ചത് തുച്ഛമായ തുക. അതുപോലും പൂര്‍ണമായി നല്‍കിയില്ല. 2011 മുതല്‍ ഇത്തരം വെറും പ്രഖ്യാപനങ്ങള്‍ തുടരുന്നതിനാല്‍ ഇക്കുറിയും മാണിയുടെ ബജറ്റില്‍ ജില്ലയ്ക്ക് അമിത പ്രതീക്ഷയില്ല.

കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി മെട്രോ പദ്ധതിക്ക് 600 കോടി രൂപ പദ്ധതി വിഹിതമായി പ്രതീക്ഷിച്ചിരുന്നെങ്കിലും മാണി പ്രഖ്യാപിച്ചത് 150 കോടി മാത്രമാണ്. നല്‍കിയതാകട്ടെ 119 കോടിയും. ജില്ലയുടെ മറ്റൊരു പ്രധാന പദ്ധതിയായ ആമ്പല്ലൂര്‍ ഇലക്ട്രോണിക്സ് പാര്‍ക്കിന് പ്രഖ്യാപിച്ചത് 20 കോടി രൂപയാണെങ്കിലും നല്‍കിയത് പകുതിമാത്രം. എല്‍ഡിഎഫ് സര്‍ക്കാര്‍ ആസൂത്രണംചെയ്ത പദ്ധതിക്കായി ആ സര്‍ക്കാര്‍ അവസാന ബജറ്റില്‍ പ്രഖ്യാപിച്ചത് 250 കോടി രൂപയായിരുന്നു. ഇതാണ് മാണി വെട്ടിച്ചുരുക്കി 10 കോടിയാക്കിയത്. കേരളത്തിലെ ഏറ്റവും തിരക്കേറിയ വൈറ്റില ജങ്ഷനോട് ചേര്‍ന്നുള്ള മൊബിലിറ്റി ഹബ്ബിന്റെ രണ്ടാംഘട്ട വികസനത്തിനായി കേവലം അഞ്ചുകോടി മാത്രമാണ് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ തുകയും നല്‍കിയില്ല. 376 കോടി രൂപയുടെ പദ്ധതിയാണ് സര്‍ക്കാരിന്റെ അനാസ്ഥയില്‍ അനിശ്ചിതമായി നീളുന്നത്. ഇനി ഈ തുകയില്‍ പദ്ധതി പൂര്‍ത്തിയാക്കാനാകുമോ എന്നതും സംശയമാണ്. എറണാകുളം കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡില്‍ വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്ക് "സേഫ് വിമണ്‍, സേഫ് ട്രാവല്‍" സംവിധാനം നടപ്പാക്കുമെന്ന് 2011 മുതല്‍ പറഞ്ഞുതുടങ്ങിയതാണെങ്കിലും ഒന്നും യാഥാര്‍ഥ്യമായില്ല. നിലവില്‍ കേരളത്തിലെ ഏറ്റവും ശോചനീയമായ സ്റ്റാന്‍ഡുകളിലൊന്നായി ഇവിടം മാറി.

പുതുവൈപ്പില്‍ 1200 മെഗാവാട്ടിന്റെ വൈദ്യുതിനിലയം ആരംഭിക്കുമെന്ന് കഴിഞ്ഞ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയെങ്കിലും പിന്നീട് ഈ വഴിക്കുള്ള നീക്കമൊന്നുമുണ്ടായില്ല. പെട്രോനെറ്റ് എല്‍എന്‍ജിയുമായി ചേര്‍ന്നുള്ള പദ്ധതിയില്‍ പെട്രോനെറ്റിന് പ്രതീക്ഷ ഏറെയാണെങ്കിലും സര്‍ക്കാര്‍നീക്കം ചട്ടപ്പടിയാണ്. വ്യവസായവികസനത്തിന് കിന്‍ഫ്ര, കെഎസ്ഐഡിസി, ഇന്‍കെല്‍ എന്നിവയെ ഉപയോഗപ്പെടുത്തി പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് 2011 മുതല്‍ പ്രഖ്യാപിച്ചതാണ്. ഒന്നും യാഥാര്‍ഥ്യമായില്ല. കോയമ്പത്തൂര്‍-കൊച്ചി ചരക്ക് ഇടനാഴിയെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ പദ്ധതി പ്രസക്തമാണെന്ന് മാണി സമ്മതിച്ചെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. അറുന്നൂറ് കോടിരൂപ ചെലവുള്ള സീപോര്‍ട്ട്-എയര്‍പോര്‍ട്ട് നാലുവരിപ്പാത പൂര്‍ത്തിയാക്കുന്നതിന് 2011-ല്‍ മാണി പ്രഖ്യാപിച്ചത് കേവലം അഞ്ച് കോടി മാത്രമായിരുന്നു. ഈ തുക നല്‍കിയില്ലെന്ന് മാത്രമല്ല, 2012-ലെ ബജറ്റില്‍ റോഡിന്റെ രണ്ടാംഘട്ട വികസനത്തെക്കുറിച്ച് മിണ്ടിയില്ല. നിലവിലുള്ള റോഡ് പരീക്ഷണാര്‍ഥം കോണ്‍ക്രീറ്റ് ചെയ്യുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. അതും നടപ്പായില്ല. പാതയിലെ രണ്ട് പാലങ്ങള്‍ക്ക് നബാര്‍ഡിന്റെ തുക ലഭ്യമാക്കുമെന്ന് 2011-ല്‍ പറഞ്ഞുവെങ്കിലും ഒന്നും ലഭിച്ചില്ല.

ഗോശ്രീ പാലത്തിനുസമീപം കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്‍ സ്മാരകത്തിനായി 2011 മുതല്‍ മാണി പണം "അനുവദിക്കാന്‍" തുടങ്ങിയതാണ്. നയാപൈസ ഇനിയും നല്‍കിയില്ല. 2011-ല്‍ സ്മാരകത്തിന് 25 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. തുക നല്‍കിയില്ലെന്നുമാത്രമല്ല 2012-ല്‍ ഇത് അഞ്ച് ലക്ഷമാക്കി കുറച്ചു. ഈ തുകയും നല്‍കാന്‍ തയ്യാറായില്ല. ഇക്കുറിയും ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നുതന്നെയാണ് സംഘാടകരുടെ പ്രതീക്ഷ. പണം കിട്ടുമോ എന്ന കാര്യത്തില്‍ മാത്രമാണ് സംശയം. കേരള പ്രസ് അക്കാദമിയുടെ പുതിയ ഹോസ്റ്റലിന് 10 ലക്ഷം രൂപ ഗ്രാന്റ് നല്‍കുമെന്നും 2011ല്‍ പ്രഖ്യാപിച്ചതാണ്. അതും ജലരേഖയായി.
(ഷഫീഖ് അമരാവതി)

പദ്ധതി നിര്‍വഹണത്തിന് രണ്ടാഴ്ചമാത്രം; 300 കോടി പാഴാകും

തൃക്കാക്കര: ജില്ലയില്‍ നടപ്പുസാമ്പത്തികവര്‍ഷം തദ്ദേശസ്ഥാപനങ്ങള്‍ക്ക് 300 കോടിയില്‍പ്പരം രൂപ പാഴാകും. പദ്ധതി പൂര്‍ത്തീകരണത്തിന് രണ്ടാഴ്ചമാത്രം ശേഷിക്കുമ്പോള്‍ 2012-"13 സാമ്പത്തികവര്‍ഷത്തിലാണ് ഇത്രയുംതുക പാഴാകുന്നത്. പൊതുവിഭാഗത്തില്‍നിന്ന് 171 കോടിരൂപയും പട്ടികജാതി വിഭാഗഫണ്ടില്‍നിന്ന് 85 കോടി രൂപയും പട്ടികവര്‍ഗവിഭാഗത്തില്‍നിന്ന് 23 കോടി രൂപയുമാണ് ചെലവാക്കാതെ പാഴാക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ ഈ കണക്കിനു പുറമേയാണ് 279 കോടിരൂപ പാഴാകുന്നത്. ജില്ലയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും തുക ചെലവഴിക്കാനാകാതെ പാഴാകുന്നത്. ജില്ലയില്‍ പൊതുവിഭാഗത്തിന് ലഭിച്ചത് 235 കോടിയാണ്. ഇതില്‍ 64 കോടിയാണ് കഴിഞ്ഞമാസംവരെ ചെലവഴിച്ചത്. പട്ടികജാതിഫണ്ടിനത്തില്‍ 101 കോടിയില്‍ 16 കോടിയും പട്ടികവര്‍ഗവിഭാഗത്തിന് 33 കോടിയില്‍ 10 കോടിയുമാണ് വിനിയോഗിച്ചത്. ജില്ലക്കാകെ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച പദ്ധതിവിഹിതം 340 കോടിയാണ്. ചെലവഴിച്ചത് 82.51 കോടി രൂപമാത്രം. പഞ്ചായത്തുകള്‍ 31 ശതമാനം തുകയാണ് വിനിയോഗിച്ചത്. 84 പഞ്ചായത്തുകള്‍ക്കായി 159 കോടി പദ്ധതിവിഹിതം ലഭിച്ചതില്‍ 49 കോടി ചെലവഴിച്ചു. ചോറ്റാനിക്കര, മണീട്, ഉദയംപേരൂര്‍, വാരപ്പെട്ടി, മാറാടി, വടക്കേകര, പിറവം പഞ്ചായത്തുകളാണ് 50 ശതമാനത്തില്‍ കൂടുതല്‍ തുക ചെലവഴിച്ചത്. 17 ശതമാനമാണ് ചെലവഴിച്ച ചൂര്‍ണിക്കര പഞ്ചായത്താണ് ഏറ്റവും പിന്നില്‍. കഴിഞ്ഞവര്‍ഷം പഞ്ചായത്തുകള്‍ 74 ശതമാനം തുക ചെലവഴിച്ചിരുന്നു.

14 ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് അനുവദിച്ച 328 കോടിരൂപ അനുവദിച്ചപ്പോള്‍ ചെലവഴിച്ചത് 11 കോടിമാത്രം. കഴിഞ്ഞവര്‍ഷം 80 ശതമാനം തുക ചെലവഴിച്ചവര്‍ ഇത്തവണ 35 ശതമാനത്തിലൊതുക്കി. കൂടുതല്‍ തുക വിനിയോഗിച്ചത് പറവൂര്‍ ബ്ലോക്കാണ്. (66 ശതമാനം). 50 ശതമാനത്തില്‍ കൂടുതല്‍ ചെലവഴിച്ചത് മറ്റ് രണ്ട് ബ്ലോക്കുകള്‍ വൈപ്പിനും വാഴക്കുളവുമാണ്. 25 ശതമാനം ചെലവഴിച്ച അങ്കമാലി ബ്ലോക്കാണ് പിറകില്‍. ബ്ലോക്ക് പഞ്ചായത്തുകള്‍ കഴിഞ്ഞവര്‍ഷം 80 ശതമാനവും തുക ചെലവാക്കിയിരുന്നു. ജില്ലയിലെ 11 നഗരസഭകള്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം 83 ശതമാനം തുക വിനിയോഗിച്ചപ്പോള്‍ ഇത്തവണ 12 ശതമാനംമാത്രമാണ് ചെലവഴിച്ചത്. 519 കോടിരൂപയാണ് നഗരസഭകള്‍ക്കുള്ള പദ്ധതിവിഹതം. 62 കോടിയെ ഇതുവരെ വിനിയോഗിച്ചുള്ളൂ. കൊച്ചി കോര്‍പറേഷന് ലഭിച്ച 552 കോടിയില്‍ 83 കോടി ചെലവാക്കി. കഴിഞ്ഞതവണ 83 ശതമാനം തുകയാണ് ചെലവാക്കിയത്. ഇത്തവണ 15 ശതമാനംമാത്രം. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിവിഹിതം 403 കോടി രൂപയാണ്. 25 ശതമാനത്തില്‍താഴെ തുകയാണ് ചെലവഴിച്ചത്. സര്‍ക്കാര്‍ നിരന്തരം പുറത്തിറക്കുന്ന ഉത്തരവുകളാണ് പദ്ധതിത്തുക ചെലവഴിക്കുന്നതിന് തടസ്സമായതെന്ന് പഞ്ചായത്ത് സെക്രട്ടറിമാര്‍ പറയുന്നു. കാര്‍ഷികരംഗത്ത് വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് കിണര്‍ നിര്‍മിക്കാന്‍ 50 ശതമാനം തുക മുന്‍കൂറായി നല്‍കാമെന്നാണ് മന്ത്രി എം കെ മുനീര്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍, ഇതുസംബന്ധിച്ച ഉത്തരവൊന്നും ഇതുവരെ ഇറക്കിയിട്ടില്ല. മാര്‍ച്ച് 28, 29, 31 തീയതികളില്‍ അവധിയായിരിക്കുമ്പോള്‍ ഈ സാമ്പത്തികവര്‍ഷം പദ്ധതി പൂര്‍ത്തീകരിക്കാന്‍ ശേഷിക്കുന്നത് രണ്ടാഴ്ചയില്‍താഴെ ദിവസങ്ങള്‍മാത്രമാണ്.

എസ്റ്റേറ്റ് ലയം പുനരുദ്ധാരണം കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 5 കോടിയും ചെലവഴിച്ചില്ല

ഇടുക്കി: തോട്ടം എസ്റ്റേറ്റ് ലയങ്ങളിലെ പുനരുദ്ധാരണത്തിന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 5 കോടിയും പഴാക്കി. സംസ്ഥാനത്തെ ഒന്നേകാല്‍ ലക്ഷത്തിലധികം വരുന്ന എസ്റ്റേറ്റ് ലയങ്ങളിലെ തൊഴിലാളി കുടുംബങ്ങള്‍ ദുരിതത്തില്‍ ജീവിക്കുമ്പോഴാണ് സര്‍ക്കരിന്റെ പിടിപ്പുകേട് വെളിവാകുന്നത്. നൂറ്റാണ്ടിനപ്പുറം പഴക്കംചെന്ന്ജീര്‍ണാവസ്ഥയിലുള്ളതാണ് വിവിധ തേയില, കാപ്പി, ഏലം, റബ്ബര്‍ തോട്ടങ്ങളിലെ ലയങ്ങള്‍. 2012ല്‍ ബജറ്റില്‍ പ്രഖ്യാപിച്ച അഞ്ച് കോടിയില്‍ ഒന്നും ചെലവഴിക്കാതെ തൊഴിലാളി കുടുംബങ്ങളെ വഞ്ചിച്ചതായാണ് വ്യാപക പരാതി. ലയങ്ങള്‍ നന്നാക്കാന്‍ എസ്റ്റേറ്റ് ഉടമയുടെ അനുവാദം ലഭിച്ചില്ലെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍ ലയങ്ങള്‍ നന്നാക്കുന്നതിനാവശ്യമായ നീക്കം നടത്താന്‍ ഉടമകളുമായി ചര്‍ച്ചപോലും നടത്തിയിട്ടില്ലെന്ന് തൊഴിലാളികളും യൂണിയന്‍ നേതാക്കളും ആരോപിച്ചു.

തോട്ടം വ്യവസായം ആരംഭിച്ച ഘട്ടത്തില്‍ നിര്‍മിച്ച എസ്റ്റേറ്റ് ലയങ്ങളാണ് തോട്ടം മേഖലയിലുള്ളത്. പ്രധാനമായും ബ്രിട്ടീഷുകാര്‍ നിര്‍മിച്ച 100 മുതല്‍ 150 വര്‍ഷം വരെ പഴക്കമുള്ള ലയങ്ങളില്‍ ഏറെയും താമസയോഗ്യമല്ല. മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവിടെ മൃഗങ്ങളെപോലെ താമസിക്കാന്‍ തൊഴിലാളി കുടുംബങ്ങള്‍ നിര്‍ബന്ധിതരാവുകയാണ്. നിവൃത്തിയില്ലാത്തതിനാല്‍ സ്വന്തം നിലയില്‍ അറ്റകുറ്റപ്പണി നടത്തുന്ന തൊഴിലാളി കുടുംബങ്ങളും അപൂര്‍വമായി ഇവിടെയുണ്ട്. മണ്ണും ചെളിയും കാട്ടുകല്ലും ഉപയോഗിച്ച് നിര്‍മിച്ചവയാണ് എല്ലാ ലയങ്ങളും. ആസ്ബറ്റോസ് ഷീറ്റും ഓടും മേഞ്ഞ ലയങ്ങള്‍ ചോര്‍ന്നൊലിക്കുന്നു. ചാണകം മെഴുകിയ മണ്‍തറയില്‍ കട്ടിലോ മറ്റ് ഉപകരണങ്ങളോ ഇല്ല. ഒരു ലയത്തില്‍ 4 മുതല്‍ 14 കുടുംബങ്ങള്‍ വരെ താമസിക്കുന്നുണ്ട്. കുടുംബത്തില്‍ എത്ര അംഗങ്ങളുണ്ടെങ്കിലും അടുക്കളയും കിടക്കാനൊരു മുറിയുമാണ്് ലയങ്ങളിലുള്ളത്. നാല് മുതല്‍ ഏട്ട് അംഗങ്ങള്‍ വരെ ഒരു കുടുംബത്തില്‍ ഉണ്ടെങ്കിലും അംഗസംഖ്യ നോക്കിയല്ല ലയങ്ങളില്‍ സൗകര്യം നല്‍കിയിരിക്കുന്നത്. ഓരോ ലയങ്ങളുടെയും പിന്നിലായി ഒന്നോ രണ്ടോ കക്കൂസും നിര്‍മിച്ചിട്ടുണ്ട്. ഓരോ കുടുംബത്തിലെയും വിവാഹം, മരണം, മറ്റ് പ്രധാന ചടങ്ങുകള്‍ ഏല്ലാം ഈ ചെറിയ കുടുസുമുറിയില്‍ വച്ചാണ് നടത്താറുള്ളത്. കുടിവെള്ള സൗകര്യവും ലയങ്ങളോടനുബന്ധിച്ചില്ല.

ലയം നിര്‍മിക്കാന്‍ സ്ഥലം അനുവദിക്കുന്നില്ലെന്ന് പറയുന്ന സര്‍ക്കാര്‍ ഒരു ഇടപെടലും നടത്തിയില്ല. ഇതോടെ ഒന്നോകാല്‍ലക്ഷം വരുന്ന എസ്റ്റേറ്റ് ലയങ്ങള്‍ തകര്‍ച്ചയിലേക്ക് നീങ്ങി. കലക്ടര്‍ മുഖേന തുക ചെലവഴിക്കാന്‍ നടപടി സ്വീകരിക്കാതെ ബജറ്റ് ഫണ്ട് ലാപ്സാക്കുകയായിരുന്നു. തൊഴിലാളി ക്ഷേമത്തിനായി പ്ലാന്റേഷന്‍ അഡൈ്വസറി കമ്മിറ്റി എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ ഇത് പുനസംഘടിപ്പിച്ചില്ല. ലേബര്‍ സെക്രട്ടറി ചെയര്‍മാനായി തോട്ടം ഉടമാ പ്രതിനിധികള്‍, തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍, ലേബര്‍ കമ്മീഷണര്‍ എന്നിവര്‍ ഉള്‍പ്പെട്ട അസൈ്വസറി കമ്മിറ്റിയുടെ പ്രവര്‍ത്തനം നിര്‍ജീവമാക്കി പകരം ഉടമകളും തൊഴിലാളി പ്രതിനിധികളും ഉള്‍പ്പെട്ട തട്ടിക്കൂട്ടിയ കമ്മിറ്റി മന്ത്രി മുന്‍കൈയെടുത്ത് ചേര്‍ന്നിരുന്നെങ്കിലും ഫലം കണ്ടില്ല. കേരളത്തില്‍ തോട്ടം മേഖലയില്‍ മൂന്ന് ലക്ഷം തൊളിലാളികളാണ് ആകെയുള്ളത്.

deshabhimani

No comments:

Post a Comment