Tuesday, September 17, 2013

കെഎസ്ആര്‍ടിസിക്ക് സബ്സിഡി ഇല്ല; 2225 ഷെഡ്യൂളുകള്‍ റദ്ദാക്കി

സബ്സിഡി നിരക്കില്‍ ഡീസല്‍ നല്‍കേണ്ടതില്ലെന്ന സുപ്രീംകോടതി ഉത്തരവോടെ കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. ഷെഡ്യൂളുകള്‍ വെട്ടികുറച്ച് പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി 2225ലേറെ ഷെഡ്യൂളുകളാണ് ചൊവ്വാഴ്ച റദ്ദാക്കിയത്. ഡീസല്‍ സബ്സിഡി നല്‍കണമെന്ന ഹൈക്കോടതി വിധി റദ്ദാക്കികൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

കെഎസ്ആര്‍ടിസിയുടെ നഷ്ടത്തിനു പരിഹാരമായി ചാര്‍ജ് വര്‍ധനവ് പോലുള്ളകാര്യങ്ങള്‍ ആലോചിക്കണമെന്നും വിധിയില്‍ പറഞ്ഞു. വിധി കെ എസ് ആര്‍ ടി സിയെ തകര്‍ക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദു പറഞ്ഞു .പ്രതിമാസം 22കോടി രൂപ യുടെ അധികബാധ്യത വിധി മൂലം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്ന വിധം ഒരുനടപടിയും എടുക്കില്ല. ജീവനക്കാര്‍ക്ക് അവകാശങ്ങള്‍ അനുവദിക്കുന്നതാണ് കെടുകാര്യസ്ഥതയെങ്കില്‍ അത് തുടരുവാനാണ് തീരുമാനമെന്നും ആര്യാടന്‍ പറഞ്ഞു.

7000 രൂപയില്‍ താഴെ വരുമാനമുള്ള സര്‍വീസുകളാണ് നിര്‍ത്തിവെയ്ക്കുക. ഇത്തരം സര്‍വീസുകളില്‍ 5000 രൂപവരെ ഡീസലിന് മാത്രം ചിലവ് വരുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ചിലവാക്കുന്നതില്‍ കൂടതല്‍ തുക ഡീസലിനായി മാറ്റിവയ്ക്കില്ല. പൊതുവിപണിയിലെ വിലയില്‍ കെ എസ് ആര്‍ ടി സി ഡീസല്‍ വാങ്ങിയാല്‍ വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുക. ഈ സാഹചര്യത്തിലാണ് ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കുന്നത്.

സബ്സിഡി റദ്ദാക്കിയത് കെഎസ്ആര്‍ടിസിയുടെ ജലഗതഗതത്തെയും ബാധിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പെട്രോളിയം കമ്പനികളുമായി ബുധനാഴ്ച ചര്‍ച്ചനടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനങ്ങളെ ഒരുതരത്തിലും ബുദ്ധിമുട്ടിക്കില്ലെന്നും അധികം ബാധ്യത വരുത്താത്തവിധം നടപടികളെടുക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ആനുകൂല്യങ്ങള്‍ വെട്ടികുറയ്ക്കില്ല: ആര്യാടന്‍

കടുത്ത പ്രതിസന്ധിയിലാണ് കെ എസ് ആര്‍ ടി സിയെങ്കിലും ജീവനക്കാരുടെ ആനുകൂല്യങ്ങളോ പാസുകളോ നിര്‍ത്തലാക്കില്ലെന്ന് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഡീസല്‍ സബ്സിഡി നിര്‍ത്തലാക്കിയതോടെ ഒരു ലിറ്ററിന് 17.40 രൂപയാണ് കെ എസ് ആര്‍ ടി സി അധികമായി നല്‍കേണ്ടി വരുന്നത്. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ നഷ്ടം ആയിരം കോടിയിലധികമാകും. എന്നാല്‍ അതിന്റെ പേരില്‍ ജീവനക്കാരുടെ ആനുകൂല്യങ്ങളോ പെന്‍ഷനോ , സേവന വേതന വ്യവസ്ഥകളോ വെട്ടിക്കുറയ്ക്കില്ല.

രോഗികള്‍, ജനപ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍, വികലാംഗര്‍ എന്നിവര്‍ക്കെല്ലാമുള്ള സൗജന്യപാസുകളും നിര്‍ത്തലാക്കില്ല. വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന കണ്‍സഷനും നിലനിര്‍ത്തും. ഇതൊക്കെയാണ് കെടുകാര്യസ്ഥതയെന്ന് കോടതി പറയുന്നതെങ്കില്‍ അത് തുടരുക തന്നെചെയ്യുമെന്ന് ആര്യാടന്‍ വ്യക്തമാക്കി.

deshabhimani

No comments:

Post a Comment