സംസ്ഥാനത്ത് വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്നതില്‍ മുന്നില്‍ സ്വകാര്യ ബാങ്കുകള്‍. കേരളത്തിലെ അഭ്യന്തര നിക്ഷേപത്തിന്റെയും പ്രവാസി നിക്ഷേപത്തിന്റെയും സിംഹഭാഗവും കൈയടിക്കിയിട്ടുള്ള സ്വകാര്യ ബാങ്കുകള്‍ വിദ്യാഭ്യാസ ആവശ്യത്തിന് നല്‍കിയിട്ടുള്ളത് നാമമാത്ര തുക. 2012-13ല്‍ ആകെ വിതരണം ചെയ്ത വിദ്യാഭ്യാസ വായ്പയുടെ 61.40 ശതമാനം ദേശസാല്‍കൃത ബാങ്കുകള്‍ നല്‍കിയപ്പോള്‍ സ്വകാര്യ ബാങ്കുകളുടെ വിഹിതം 7.28 ശതമാനംമാത്രം. ദേശസാല്‍കൃത ബാങ്കുകള്‍ 5092 കോടി രൂപ വിതരണംചെയ്തു. സ്വകാര്യ ബാങ്കുകളാകട്ടെ 601 കോടിയും.
സംസ്ഥാനത്തെ ബാങ്കിങ് വ്യവസായത്തില്‍ 22 ശതമാനം പങ്കാളിത്തമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ വിദ്യാഭ്യാസ വായ്പയിലെ പങ്ക് 25.11 ശതമാനം. 2083 കോടി രൂപ വിതരണം ചെയ്തു. എസ്ബിഐ 1156 കോടി നല്‍കി. 13.94 ശതമാനം. കാനറ ബാങ്കിന്റെ പങ്കാളിത്തം 11.65 ശതമാനമായ 966 കോടി രൂപ. യൂണിയന്‍ ബാങ്ക് 592 കോടിയായി 7.14 ശതമാനം നല്‍കി. സ്വകാര്യ ബാങ്കുകളുടെ വായ്പാ വിതരണം വളരെ ദയനീയമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരളം ആസ്ഥാനമായ സ്വകാര്യ ബാങ്കുകളും ഇക്കാര്യത്തില്‍ പിന്നിലാണ്. 12 ശതമാനം ബിസിനസ് പങ്കാളിത്തമുള്ള ഫെഡറല്‍ ബാങ്കിന്റെ വിദ്യാഭ്യാസ വായ്പാ പങ്കാളിത്തം 4.38 ശതമാനംമാത്രം. 363 കോടി രൂപ. സൗത്ത് ഇന്ത്യന്‍ ബാങ്ക് നല്‍കിയത് 118 കോടി. 1.42 ശതമാനം. കാത്തലിക് സിറിയന്‍ ബാങ്ക് 109 കോടി നല്‍കിയപ്പോള്‍ പങ്കാളിത്തം 1.31 ശതമാനം. പുതുതലമുറ ബാങ്കുകള്‍ക്ക് വിദ്യാഭ്യാസ വായ്പാ വിതരണത്തില്‍ ഒരു താല്‍പ്പര്യവുമില്ലെന്നാണ് കണക്ക് വ്യക്തമാക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്കിന്റെ പങ്കാളിത്തം 0.13 ശതമാനം മാത്രം. 11 കോടി രൂപ. ഐസിഐസിഐ ബാങ്കിന്റെ വിഹിതം 30 ലക്ഷം രൂപയില്‍ ഒതുക്കി. ഇരു ബാങ്കുകള്‍ക്കുമായി സംസ്ഥാനത്ത് 238 ശാഖകളും അഞ്ച് ശതമാനം ബിസിനസ് പങ്കാളിത്തവുമുണ്ട്. എന്നാല്‍, സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ 8295 കോടി രൂപയാണ് ഇതേസമയം വിദ്യാഭ്യാസ വായ്പയായി വിതരണം ചെയ്തത്.
സംസ്ഥാനത്തെ സ്റ്റേറ്റ് ബാങ്കുകളെക്കാള്‍ നിക്ഷേപം സ്വകാര്യ ബാങ്കുകള്‍ക്കാണ്. സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിന്റെ നിക്ഷേപം ആകെ നിക്ഷേപത്തിന്റെ 34.8 ശതമാനം മാത്രമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആകെ നിക്ഷേപം 78,579 കോടി രൂപ. എന്നാല്‍, സ്വകാര്യ ബാങ്കുകളുടെ നിക്ഷേപം 34.93 ശതമാനമാണ്. 79,753 കോടി രൂപ. പ്രവാസി നിക്ഷേപത്തിലും ഈ അന്തരം വ്യക്തം. 2013 ജൂണിലെ കണക്കനുസരിച്ച് സ്റ്റേറ്റ് ബാങ്കിന്റെ പ്രവാസി നിക്ഷേപം 38.22 ശതമാനം. 29,000 കോടി രൂപ. സ്വകാര്യ ബാങ്കുകളുടെ നിക്ഷേപം 30,130 കോടിയും. 39.70 ശതമാനം. ബാങ്കിങ് ബിസിനസിന് ആനുപാതികമായി വിദ്യാഭ്യാസ വായ്പ വിതരണം ചെയ്യണമെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദേശം. സര്‍ക്കാരിനു പ്രായോജനകരമായ പദ്ധതിയില്‍ ബാങ്കുകള്‍ പങ്കാളിയാകുന്നതിന് റിസര്‍വ് ബാങ്ക് വരുത്തിയിട്ടുള്ള നിയന്ത്രണങ്ങളെല്ലാം വിദ്യാഭ്യാസ വായ്പയുടെ കാര്യത്തില്‍ നീക്കിയിട്ടുണ്ട്. എന്നിട്ടും സംസ്ഥാനത്തെ നിക്ഷേപത്തിന്റെ ഏറ്റവും വലിയ പങ്ക് ലഭിക്കുന്ന സ്വകാര്യ ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പാ വിതരണത്തില്‍ ഒരു താല്‍പ്പര്യവും കാട്ടുന്നില്ല.
(ജി രാജേഷ്കുമാര്‍)
deshabhimani
No comments:
Post a Comment