ആധാര്‍, കോര്‍ ബാങ്കിങ് അക്കൗണ്ട് തുടങ്ങി പല നിബന്ധനകളിലൂടെ ക്ഷേമപെന്‍ഷനുകള്‍ സര്‍ക്കാര്‍ നിഷേധിച്ചതോടെ, ലക്ഷക്കണക്കിനാളുകള്‍ക്ക് ഇക്കുറി കണ്ണീരിന്റെ ഓണം. ചില വിഭാഗങ്ങള്‍ക്ക് മണിയോര്‍ഡറായി പെന്‍ഷന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല. എല്ലാ തവണയും പെന്‍ഷന്‍ കുടിശ്ശിക തീര്‍ത്തുകിട്ടുക ഓണത്തിനാണെങ്കില്‍ ചരിത്രത്തിലാദ്യമായി ഇത്തവണ അതും നിഷേധിച്ചതോടെ നാട്ടിന്‍പുറങ്ങളില്‍ ഉള്‍പ്പെടെ വയോജനങ്ങളുടെ ഓണത്തിന് പൊലിമ കെട്ടു.
മത്സ്യം, കയര്‍, കൈത്തറി, കശുവണ്ടി തുടങ്ങി ഭൂരിഭാഗം തൊഴില്‍മേഖലയിലും സാമൂഹ്യക്ഷേമ പെന്‍ഷന് അര്‍ഹരായവര്‍ക്ക് സമ്പൂര്‍ണമായി പെന്‍ഷന്‍ വിതരണംചെയ്യാന്‍ സര്‍ക്കാരിനായിട്ടില്ല. സഹകരണ മേഖലയിലുള്‍പ്പെടെയുള്ള പല ബാങ്കുകളിലും കോര്‍-ബാങ്കിംഗ് സംവിധാനമില്ല. കോര്‍-ബാങ്ക് അക്കൗണ്ട് ഹാജരാക്കിയില്ലെന്ന പേരില്‍ മത്സ്യത്തൊഴിലാളികളില്‍ പതിനായിരത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ അഞ്ചുമാസമായി മുടങ്ങിയത്. 41,000 പേരാണ് പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരുന്നതെങ്കില്‍ ഇതില്‍ 31,000ത്തോളംപേര്‍ മാത്രമാണ് കോര്‍-ബാങ്കിങ് അക്കൗണ്ട് ഹാജരാക്കിയത്. അറിവില്ലായ്മയാലും വാര്‍ധക്യത്തിന്റെ അവശതയാലും ബാങ്കിലെത്തി അക്കൗണ്ട് എടുക്കാന്‍ കഴിയാത്തവരാണ് ബുദ്ധിമുട്ടുന്നത്.
മരുന്നിനും മറ്റു നിത്യനിദാന ചെലവുകള്‍ക്കും മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുന്ന ഇവര്‍ ഓണത്തിനെങ്കിലും പെന്‍ഷന്‍തുക തീര്‍ത്തുകിട്ടുമെന്ന് കണക്കുകൂട്ടിയെങ്കിലും സര്‍ക്കാര്‍ കനിഞ്ഞില്ല. കൈത്തറിമേഖലയില്‍ പെന്‍ഷന് അര്‍ഹതയുള്ള 9800-ഓളംപേര്‍ക്ക് മൂന്നുമാസത്തെ പെന്‍ഷനാണ് കുടിശ്ശികയുള്ളത്. ഒമ്പത് മാസത്തെ കുടിശ്ശികയില്‍ ആറ് മാസത്തേതുമാത്രമാണ് സര്‍ക്കാര്‍ അനുവദിച്ചത്. കയര്‍ത്തൊഴിലാളികളില്‍ പെന്‍ഷന്‍ അര്‍ഹതയുള്ള 60,000ത്തോളം പേരാണുള്ളത്. ആധാര്‍ ലിങ്ക്ചെയ്യല്‍ നിബന്ധനയുടെപേരില്‍ ഇവരില്‍ പകുതിയോളം പേര്‍ക്ക് പെന്‍ഷന്‍ ഇനിയും ലഭിച്ചിട്ടില്ല. കര്‍ഷകത്തൊഴിലാളി, വാര്‍ധക്യകാലം, മാനസിക-ശാരീരിക വൈകല്യം, വിധവ, 50 വയസ്സ് കഴിഞ്ഞ അവിവാഹിത തുടങ്ങിയ ക്ഷേമപെന്‍ഷന്‍ വാങ്ങുന്ന 20 ലക്ഷം പേരാണ് സംസ്ഥാനത്തുള്ളത്.
ആധാറുമായി കണ്ണിചേര്‍ക്കല്‍ നിര്‍ബന്ധമാക്കിയ ഇവരില്‍ 25 ശതമാനത്തോളം പേര്‍ക്ക് ഇനിയും അതിന് കഴിഞ്ഞിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഇതേത്തുടര്‍ന്ന് ഇവരുടെ പെന്‍ഷന്‍ വിതരണം നിര്‍ത്തിവച്ചു. ഓണം പ്രമാണിച്ച് ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയതാകട്ടെ ഈ മാസം 12നുമാത്രവും. ഇതിനുശേഷം ലഭിച്ചത് കേവലം രണ്ട് പ്രവൃത്തിദിവസം. ഈ ദിവസങ്ങള്‍ക്കകം മണിയോര്‍ഡര്‍ അയക്കുന്നതും അയച്ചാല്‍ത്തന്നെ അത് വിലാസക്കാരന് ലഭിക്കുന്നതും അസാധ്യമാണ്.
ഷഫീഖ് അമരാവതി deshabhimani 160913
No comments:
Post a Comment