Monday, September 16, 2013

സലിംരാജിന്റെ തീവ്രവാദബന്ധം: അന്വേഷണം തടഞ്ഞു

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിന് തീവ്രവാദസംഘടനകളുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണം മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് അട്ടിമറിച്ചു. അന്വേഷണം വഴിതിരിച്ചുവിടാന്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു. കോഴിക്കോട്ടുനിന്ന് ഓച്ചിറയില്‍ പോയ ചേവായൂര്‍ എസ്ഐ വാസുദേവന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുഖ്യമന്ത്രി ഇടപെട്ടതോടെ എന്‍ഡിഎഫ് അടക്കമുള്ള ചില സംഘടനകളുമായി സലിംരാജിനുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിച്ചതേയില്ല.

ശനിയാഴ്ച രാത്രി പൊലീസ് സംഘം ഓച്ചിറയില്‍നിന്ന് തിരിച്ചെത്തി. റിപ്പോര്‍ട്ട് അന്വേഷണച്ചുമതലയുള്ള ചേവായൂര്‍ സിഐ പ്രകാശന്‍ പടന്നയിലിന് പൊലീസ് സംഘം കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തിയെങ്കിലും സര്‍ക്കാരിലും പൊലീസിലും സലിംരാജിനുള്ള സ്വാധീനമാണ് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. കോഴിക്കോട് സ്പെഷല്‍ ജയിലില്‍ റിമാന്‍ഡിലാണിപ്പോള്‍ സലിംരാജും സംഘവും. കോഴിക്കോട്ട് യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കവെ അറസ്റ്റിലായ സലിംരാജ് ഉള്‍പ്പെട്ട ക്വട്ടേഷന്‍ സംഘത്തിനെതിരെ കൊല്ലത്ത് മറ്റേതെങ്കിലും കേസുണ്ടോ എന്ന് മാത്രമാണ് പൊലീസ് അന്വേഷിച്ചത്. തീവ്രവാദബന്ധത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും അപ്രധാന കാര്യങ്ങള്‍ മാത്രം അന്വേഷിച്ച് ചേവായൂര്‍ പൊലീസ് മടങ്ങി.

എന്‍ഡിഎഫ് പ്രവര്‍ത്തകനടക്കമുള്ള ക്രിമിനലുകള്‍ക്കൊപ്പമാണ് സലിംരാജ് പിടിയിലായത്. സലിംരാജ് എങ്ങനെയാണ് ക്വട്ടേഷന്‍ സംഘത്തില്‍ എത്തിപ്പെട്ടതെന്നും സംഘവുമായി ഇയാള്‍ക്കുള്ള ബന്ധം എന്താണെന്നുമാണ് പൊലീസ് ഓച്ചിറയില്‍ അന്വേഷിച്ചത്. എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരും പൊലീസിനെ ആക്രമിച്ച കേസിലടക്കം പ്രതികളായവരുമാണ് സലിംരാജിനൊപ്പം പിടിയിലായവര്‍. ഓച്ചിറ കടാശേരി സ്വദേശി റിജോ ഇബ്രാഹിംകുട്ടി എന്ന റാഫി(28), യൂത്ത് കോണ്‍ഗ്രസ് കുലശേഖരപുരം മണ്ഡലം പ്രസിഡന്റ് ഇര്‍ഷാദ്(24), യൂത്ത്കോണ്‍ഗ്രസ് കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടറി ജുനൈദ്(30), കാര്‍ ഡ്രൈവര്‍ സിദ്ദിഖ്(37), ഓച്ചിറ സ്വദേശികളായ ഷംനാദ്(29), സത്താര്‍(37) എന്നിവരാണ് സലിംരാജിനൊപ്പം ജില്ലാജയിലില്‍ റിമാന്‍ഡിലുള്ളത്. ഷംനാദും സത്താറും എസ്ഡിപിഐ പ്രവര്‍ത്തകരാണ്. സത്താര്‍ ഫ്രീഡം പരേഡിലെ പ്രധാനിയും ഓച്ചിറ എസ്ഐയെ ആക്രമിച്ച കേസിലെ പ്രതിയുമാണ്. ജുനൈദ് നേരത്തെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്നു.

സലിംരാജിന്റെ ജാമ്യഹര്‍ജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. അഡ്വക്കറ്റ് ജനറല്‍ ദണ്ഡപാണിയുടെ അടുത്ത ബന്ധു അഡ്വ. ഷഹീര്‍സിങ്ങാണ് സലിംരാജിനുവേണ്ടി കോടതിയില്‍ ഹാജരായത്. സലിംരാജിന് ഭരണനേതൃത്വത്തില്‍നിന്ന് സംരക്ഷണം ലഭിക്കുന്നതായി കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഐ വിഭാഗം ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ കെപിസിസി ഭാരവാഹിക്ക് സലിംരാജുമായി ചേര്‍ന്ന് റിയല്‍ എസ്റ്റേറ്റ് ഇടപാടുണ്ടെന്ന ആരോപണവും ഐ വിഭാഗം ഉയര്‍ത്തിയിട്ടുണ്ട്.
(പി വി ജീജോ)

deshabhimani

No comments:

Post a Comment