Monday, September 16, 2013

അധികാരം മുഖ്യമന്ത്രിക്ക് കുറ്റകൃത്യങ്ങള്‍ക്ക് മറ: ബേബി

അവകാശപ്പോരാട്ടത്തിനായ് അണിനിരന്ന മട്ടാഞ്ചേരിയിലെ തൊഴിലാളികളെ 1953ല്‍ വെടിവച്ചുകൊന്ന കുപ്രസിദ്ധ മുഖ്യമന്ത്രി എ ജെ ജോണിന്റെ അതേമുഖവും നയങ്ങളുമാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ഭരണാധികാരം കുറ്റകൃത്യം ചെയ്യുന്നതിനുള്ള മറയായാണ് ഇദ്ദേഹം ഉപയോഗിക്കുന്നത്. ജനേച്ഛ മനസ്സിലാക്കി മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുംവരെ സോളാര്‍ അഴിമതിക്ക് എതിരായ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി തുറമുഖത്തെ ചാപ്പസമ്പ്രദായം അവസാനിപ്പിക്കുന്നതിനും മറ്റ് അവകാശങ്ങള്‍ക്കുംവേണ്ടി പോരാട്ടം നയിച്ച സെയ്ത്, സെയ്താലി, ആന്റണി എന്നീ തൊഴിലാളികള്‍ വെടിയേറ്റുമരിച്ച മട്ടാഞ്ചേരി രക്തസാക്ഷി ദിനാചരണത്തിന്റെ 60-ാം വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബേബി.
കോണ്‍ഗ്രസ് ഭരണത്തിന്റെ ജനവിരുദ്ധ, തൊഴിലാളിവിരുദ്ധ നയങ്ങള്‍ 60 വര്‍ഷത്തിനിപ്പുറവും തുടരുന്നുവെന്നതാണ് അന്നത്തെയും ഇന്നത്തെയും സര്‍ക്കാരിന്റെ തുല്യ നടപടികള്‍ വ്യക്തമാക്കുന്നത്. സോളാര്‍ അഴിമതിക്കെതിരെയുള്ള ജുഡീഷ്യല്‍ അന്വേഷണം സത്യസന്ധമാവണമെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണം. അല്ലാതുള്ള അന്വേഷണത്തെ ജനം അവിശ്വസിക്കും. എന്നാല്‍ എങ്ങനെയും സ്ഥാനം നിലനിര്‍ത്തുക, അതിലൂടെ കുറ്റകൃത്യവും അഴിമതിയും തുടരുക എന്നതാണ് ഉമ്മന്‍ചാണ്ടിയുടെ നയം. അഴിമതിയുടെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്കും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനുമെല്ലാം ഒരേ മുഖമാണ്. കുത്തകകളായ റിലയന്‍സ്, അംബാനിമാര്‍ക്കായാണ് മന്‍മോഹന്‍ സിങ്ങിന്റെ ഭാരണം. പ്രകൃതിവാതകത്തിന് കേന്ദ്രം വില ഉയര്‍ത്തി. ഇത് അടുത്ത ഏപ്രിലില്‍ വീണ്ടും ഉയര്‍ത്തും. വിലവര്‍ധന അംബാനിമാര്‍ക്ക് 7400 കോടി ഡോളറിന്റെ ലാഭമാണുണ്ടാക്കുന്നത്. കെജി ഗ്യാസ് ഫീല്‍ഡില്‍നിന്നുമാത്രം 30 ലക്ഷം കോടി ഡോളറിന്റെ ലാഭമാണ് ഇക്കൂട്ടര്‍ നേടിയത്.
ചാപ്പസമ്പ്രദായം നാടുനീങ്ങിയെങ്കിലും തത്തുല്യമായ സമ്പ്രദായങ്ങള്‍ ഇന്നും തൊഴില്‍മേഖലയില്‍ നിലനില്‍ക്കുന്നു. പ്രത്യേക സാമ്പത്തികമേഖലയിലെ തൊഴിലാളിയും ജീവനക്കാരനും ജയില്‍ശിക്ഷയ്ക്ക് തടവിലിട്ടവര്‍ തൊഴിലെടുക്കുന്നപോലെ തൊഴിലെടുക്കാന്‍ വിധിക്കപ്പെട്ടവരാണ്. തൊഴിലുറപ്പും സംഘടനാസ്വാതന്ത്ര്യവും ഇവര്‍ക്കില്ല. ന്യൂനപക്ഷത്തെ വേട്ടയാടുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റേതിന് തുല്യമായ നടപടികളാണ് ഇന്ത്യയില്‍ മോഡിയും സംഘപരിവാറും കാട്ടിക്കൂടുന്നത്. സാങ്കല്‍പ്പിക ശത്രുക്കളെ സൃഷ്ടിച്ച് ഏറ്റുമുട്ടല്‍ എന്ന വ്യാജേന തങ്ങള്‍ ആഗ്രഹിക്കുന്നവരെ ഇവര്‍ കൊല്ലുന്നു. അതുവഴി ഒട്ടേറെ ശത്രുക്കള്‍ കൊല്ലാന്‍ നടക്കുന്ന മഹാനാണ് താനെന്ന മിഥ്യാബോധവും ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നു. ഇത്തരം എല്ലാ കുടിലതകള്‍ക്കെതിരെയുമുള്ള പോരാട്ടത്തിന് മട്ടാഞ്ചേരിയിലെ ധീര പോരാളികളുടെ സ്മരണ കരുത്തുപകരുമെന്നും ബേബി പറഞ്ഞു.

ഫോര്‍ട്ട്കൊച്ചി കുന്നുംപുറത്തുനിന്ന് ആരംഭിച്ച പ്രകടനത്തില്‍ അണിനിരന്ന തൊഴിലാളിവര്‍ഗത്തിന്റെ ശക്തി ഭരണവര്‍ഗത്തിന് താക്കീതായി. മട്ടാഞ്ചേരി രക്തസാക്ഷിത്വത്തിന്റെ ഓര്‍മ പ്രക്ഷോഭങ്ങള്‍ക്ക് കരുത്തേകുമെന്ന മുദ്രാവാക്യങ്ങള്‍ പ്രകടനത്തില്‍ മുഴങ്ങി. പ്രകടനം കാണാനായി റോഡിന്റെ ഇരുവശത്തും ആയിരങ്ങള്‍ എത്തി. സിപിഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ പി രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എം എം ലോറന്‍സ്, സിഐടിയു സംസ്ഥാന സെക്രട്ടറി കെ ചന്ദ്രന്‍പിള്ള, സിപിഐ എം ജില്ലാ സെക്രട്ടറി സി എം ദിനേശ്മണി, സിപിഐ ജില്ലാ സെക്രട്ടറി ഇ എ കുമാരന്‍, സിപിഐ എം കൊച്ചി ഏരിയ സെക്രട്ടറി ജോണ്‍ ഫെര്‍ണാണ്ടസ്, ഏരിയ കമ്മിറ്റി അംഗം വി ആര്‍ അശോകന്‍ എന്നിവര്‍ സംസാരിച്ചു. ടി കെ ഷബീബ് അധ്യക്ഷനായി.

deshabhimani

No comments:

Post a Comment