Friday, October 4, 2013

ഐഎസ്ആര്‍ഒ ചൊവ്വയിലേക്ക്; വിക്ഷേപണം 28 ന്

ചൊവ്വയില്‍ ജീവന്റെ തുടിപ്പു തേടി ഐഎസ്ആര്‍ഒയുടെ ഉപഗ്രഹം ഈ മാസം അവസാനം യാത്ര തുടങ്ങും. ചന്ദ്രനില്‍ ജലസാന്നിധ്യം കണ്ടെത്തിയ ചന്ദ്രയാന്‍-ഒന്നിന്റെ വിക്ഷേപണ വിജയത്തിനുശേഷമുള്ള ചൊവ്വാ ദൗത്യത്തിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ചൊവ്വാ ദൗത്യപേടകമായ "മംഗല്‍യാന്‍" വ്യാഴാഴ്ച വൈകിട്ട് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍ എത്തി. മംഗല്‍യാന്‍ വിക്ഷേപണം 28 ന് നടക്കും. കാലവസ്ഥയടക്കമുള്ള കാര്യങ്ങള്‍ അനുകൂലമെങ്കില്‍ അന്നു പകല്‍ 4.14 ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പര്‍ വിക്ഷേപണത്തറയില്‍നിന്ന് പേടകവുമായി പിഎസ്എല്‍വി സി-25 കുതിച്ചുയരും. ഐഎസ്ആര്‍ഒയുടെ എക്സല്‍ ശ്രേണിയിലുള്ള കരുത്തേറിയ റോക്കറ്റാണിത്.

ബംഗളൂരുവിലെ ഐഎസ്ആര്‍ഒ സാറ്റലെറ്റ് സെന്ററില്‍നിന്ന് എത്തിച്ച ഉപഗ്രഹം വരുംദിവസങ്ങളില്‍ അന്തിമ പരിശോധനകള്‍ക്ക് വിധേയമാക്കും. 16 ന് ഉപഗ്രഹത്തെ വിക്ഷേപണത്തറയിലെത്തിച്ച് റോക്കറ്റിലുറപ്പിക്കും. വിക്ഷേപണത്തിന് മുന്നോടിയായുള്ള കൗണ്ട് ഡൗണ്‍ 25 ന് ആരംഭിക്കും. വിക്ഷേപണത്തിന്റെ ഇരുപതാം മിനിറ്റില്‍ പിഎസ്എല്‍വി റോക്കറ്റ് മംഗല്‍യാന്‍ പേടകത്തെ ഭൂമിയോടടുത്ത ഭ്രമണപഥത്തിലെത്തിക്കും. തുടര്‍ന്ന് 20-25 ദിവസം ഭൂമിയെ വലംവയ്ക്കുന്ന പേടകത്തെ ഘട്ടം ഘട്ടമായി ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കുകയാണ് ലക്ഷ്യം. 200-300 ദിവസം നീളുന്ന യാത്രയാണിത്. അടുത്ത സെപ്തംബര്‍ പകുതിയോടെ ചൊവ്വയുടെ പരിധിയില്‍ എത്തുന്ന പേടകത്തിലെ പരീക്ഷണ ഉപഗ്രഹങ്ങള്‍ തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കും. ചൊവ്വയുടെ 375 കിലോമീറ്റര്‍ അടുത്തെത്തി മംഗല്‍യാന്‍ ചൊവ്വയെ അപഗ്രഥിച്ച് വിവരങ്ങള്‍ ഭൂമിയിലേക്ക് അയക്കും. ചൊവ്വയില്‍ ജീവന്റെ തുടിപ്പുണ്ടോയെന്ന് കണ്ടെത്തുന്നതിനുളള മാര്‍സ് മീഥൈന്‍ സെന്‍സര്‍(എംഎസ്എം) ആണ് ഇവയില്‍ പ്രധാനം. ചൊവ്വയുടെ രാസഘടന, അന്തരീക്ഷം, ഗുരുത്വാകര്‍ഷണം, ജലസാന്നിധ്യം, ലോഹസാന്നിധ്യം തുടങ്ങിവയില്‍ ഒട്ടേറെ നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാന്‍ ദൗത്യത്തിനാവുമെന്ന് ഐഎസ്ആര്‍ഒ കേന്ദ്രങ്ങള്‍ പറഞ്ഞു. ആറു മാസമാണ് ഉപഗ്രഹത്തിന്റെ കാലാവധി. 450 കോടിയാണ് ചൊവ്വ പര്യവേക്ഷണ പദ്ധതിയുടെ ചെലവ്. ഇതില്‍ 150 കോടി ഉപഗ്രഹത്തിനാണ്. വിക്ഷേപണ വാഹനമായ പിഎസ്എല്‍വിയുടെ രൂപകല്‍പ്പനയും സാങ്കേതികവിദ്യയുമെല്ലാം വികസിപ്പിച്ചത് തിരുവനന്തപുരം വിഎസ്എസ്സിയും എല്‍പിഎസ്സിയുമാണ്.
(ദിലീപ് മലയാലപ്പുഴ)

deshabhimani

No comments:

Post a Comment