Friday, October 4, 2013

മാതൃഭൂമി വാര്‍ത്ത അടിസ്ഥാനരഹിതം

പറവൂര്‍: ചെറിയ പല്ലംതുരുത്ത് കലാദര്‍ശന്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബുമായി ബന്ധപ്പെടുത്തി സിപിഐ എമ്മിനെതിരെ മാതൃഭൂമി പത്രത്തില്‍ വന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് സിപിഐ എം പറവൂര്‍ ടൗണ്‍ ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി ടി എസ് ബേബി അറിയിച്ചു. കലാദര്‍ശന്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് സിപിഐ എമ്മിന്റെ നിയന്ത്രണത്തിലുള്ളതല്ല. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഈ ക്ലബ്ബില്‍ എല്ലാ രാഷ്ട്രീയപാര്‍ടികളിലും ഉള്ളവര്‍ അംഗങ്ങളായുണ്ട്. ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച നടന്ന തട്ടുകടവ് ജലോത്സവത്തില്‍ സ്പോണ്‍സര്‍മാരാണ് ചിയര്‍ഗേള്‍സിനെ പങ്കെടുപ്പിച്ചത്. ഇക്കാര്യത്തില്‍ സിപിഐ എമ്മിന് ബന്ധവുമില്ല. പൊതുജനങ്ങളില്‍ പാര്‍ടിക്കെതിരെ തെറ്റിദ്ധാരണ പരത്താന്‍ ചില ശക്തികള്‍ നിരന്തരം നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമാണ് മാതൃഭൂമിയില്‍ വന്ന ചിയര്‍ഗേള്‍സ് വാര്‍ത്തയും.

ക്ലബ്ബുകള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ജനപ്രതിനിധികള്‍ പങ്കെടുക്കുന്നത് സാധാരണമാണ്. വിവിധ രാഷ്ട്രീയ പാര്‍ടികളില്‍പ്പെട്ട നിരവധിപേര്‍ തട്ടുകടവ് ജലോത്സവത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് സിപിഐ എം ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയിലോ പാര്‍ടിപ്രവര്‍ത്തകര്‍ക്കിടയിലോആശയക്കുഴപ്പം ഇല്ലെന്നിരിക്കെ മാതൃഭൂമിയില്‍ വന്ന വാര്‍ത്തയും ഇതുസംബന്ധിച്ച് പാര്‍ടിക്കെതിരെ കുബുദ്ധികള്‍ നടത്തുന്ന പ്രചാരണങ്ങളും ഒറ്റക്കെട്ടായി തള്ളിക്കളയണമെന്ന് ടി എസ് ബേബി ആവശ്യപ്പെട്ടു.

വള്ളംകളി മത്സരം ആകര്‍ഷകമാക്കുന്നതിന് സ്പോണ്‍സര്‍മാരായ പറവൂര്‍ മെറ്റല്‍സ് ചിയര്‍ ഗേള്‍സിനെ പങ്കെടുപ്പിക്കുന്നതിന് തീരുമാനിച്ചപ്പോള്‍ തങ്ങള്‍ സന്തോഷപൂര്‍വം ഇതിനെ അംഗീകരിക്കുകയായിരുന്നുവെന്ന് കലാദര്‍ശന്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതിന്റെ പേരില്‍ ക്ലബ്ബിന്റെ രക്ഷാധികാരിയെയും ചടങ്ങില്‍ പങ്കെടുത്ത മറ്റ് സാമൂഹിക രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തകരെയും ആക്ഷേപിക്കുന്ന തരത്തില്‍ ഒരു പത്രത്തില്‍ വന്ന വാര്‍ത്ത ഖേദകരമാണെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.

deshabhimani

No comments:

Post a Comment