Friday, October 4, 2013

അമേരിക്കന്‍ ജനജീവിതം കീഴ്മേല്‍ മറിഞ്ഞു

സര്‍ക്കാര്‍ വക അടച്ചുപൂട്ടല്‍ മൂന്നുദിവസം പിന്നിട്ടതോടെ അമേരിക്കയില്‍ ജനജീവിതം കീഴ്മേല്‍മറിഞ്ഞു. നിശ്ചയിക്കപ്പെട്ട വിവാഹങ്ങള്‍ കുഴഞ്ഞുമറിഞ്ഞു, അവധി ആഘോഷങ്ങള്‍ ദുരിതമായി, കര്‍ഷകര്‍ക്ക് പശുവിനെ വാങ്ങാന്‍ ലഭിച്ച ചെക്ക് മാറാന്‍ പോലും കഴിയാത്ത അവസ്ഥ. കാവല്‍ക്കാരും ടാക്സ് ഏജന്റുമാരുമടക്കം എട്ടുലക്ഷത്തോളം ജീവനക്കാരാണ് നിര്‍ബന്ധിത ശമ്പളരഹിത അവധിയെടുത്ത് വീട്ടിലിരിക്കുന്നത്. കോര്‍പ്പറ്റുകളേയും മറ്റ് സ്വകാര്യ കമ്പനികളേയും തല്‍ക്കാലം അടച്ചുപൂട്ടല്‍ ബാധിച്ചിട്ടില്ലെങ്കിലും മധ്യവര്‍ഗത്തിന്റെ ജീവിതം താളംതെറ്റി. ഒക്ടോബറില്‍ നടക്കേണ്ട രണ്ടു ഡസനോളം വിവാഹങ്ങളാണ് മാറ്റിവച്ചത്. ഈ ആഴ്ച നടക്കേണ്ട ഒമ്പത് വിവാഹങ്ങളും മാറ്റിവച്ചെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഉദ്യാനങ്ങളിലും സ്മാരകങ്ങളിലും വിവാഹം നടത്താന്‍ നിശ്ചയിച്ചവരാണ് പ്രതിസന്ധിയിലായത്. അടച്ചുപൂട്ടല്‍മൂലം മാറ്റിവച്ച വിവാഹങ്ങളെ പരാമര്‍ശിക്കാന്‍ ഷട്ട്ഡൗണ്‍വെഡ്ഡിങ്ങ് എന്ന പ്രയോഗം തന്നെ ട്വിറ്ററില്‍ പ്രചാരത്തിലായി. വിനോദസഞ്ചാരമേഖല ഒന്നടങ്കം പ്രതിസന്ധിയിലായി. സര്‍ക്കാരിന്റെ വായ്പ ലഭിച്ച കര്‍ഷകരും വന്‍ പ്രതിസന്ധിയിലാണ്. ഫാം സര്‍വീസ് എജന്‍സി ഒന്നടങ്കം അടച്ചുപൂട്ടി. അനാഥാലയങ്ങളേയും സാമൂഹികക്ഷേമ പദ്ധതികളേയും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. സ്കൂളുകളിലെ സൗജന്യ ഉച്ചഭക്ഷണ പദ്ധതികളും കുഴപ്പത്തിലായി. സര്‍ക്കാര്‍സഹായം ലഭ്യമല്ലാതായതോടെ മറ്റ് മര്‍ഗങ്ങള്‍ തേടാനുള്ള ഒരുക്കത്തിലാണ് സംഘടനകള്‍.

രാഷ്ടീയ തര്‍ക്കം മൂലം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതിനെതിരെ അമേരിക്കന്‍ സാമൂഹിക വെബ്സൈറ്റുകളില്‍ ജനങ്ങള്‍ അതിരൂക്ഷമായാണ് പ്രതികരിക്കുന്നത്. സര്‍ക്കാര്‍സേവന വെബ്സൈറ്റുകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടി. ശനിയാഴ്ച ആരംഭിക്കുന്ന ഒബാമയുടെ ഏഷ്യന്‍രാജ്യങ്ങളിലേക്കുള്ള പര്യടനം വെട്ടിച്ചുരുക്കിയതിനുപിന്നാലെ പരിപാടി പൂര്‍ണമായി റദ്ദാക്കാനും സാധ്യതയുണ്ട്. ജനങ്ങള്‍ക്ക് ആകാശയാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഒബാമ ദീര്‍ഘദൂര വിമാനയാത്ര നടത്തുന്നതിന്റെ സാംഗത്യം എതിര്‍പാളയം ചോദ്യംചെയ്യുന്നു. ഈ മാസം ഏഴിന് ബാലിയില്‍ നടക്കുന്ന ഏഷ്യ-പസഫിക് എക്കണോമിക് കോ ഓപ്പറേഷന്‍ (എപിഇസി) യോഗത്തില്‍ നിന്ന് ഒബാമ വിട്ടുനില്‍ക്കാന്‍ സാധ്യതയുണ്ട്. എട്ടു ലക്ഷത്തോളം ഫെഡറല്‍ ജീവനക്കാര്‍ മൂന്ന് ദിവസമായി ശൂന്യവേതന അവധിയില്‍ വീട്ടിലിരിപ്പാണ്.

അടച്ചുപൂട്ടലിന്റെ തീവ്രത കൂടുതല്‍ വെളിപ്പെടുത്തി ദേശീയ സുരക്ഷാ ഏജന്‍സി (എന്‍എസ്എ) ജീവനക്കാര്‍ക്കും ബുധനാഴ്ച മുതല്‍ നിര്‍ബന്ധിത ശമ്പളരഹിത അവധി നല്‍കി. ദേശീയസുരക്ഷയുടെ പേരില്‍ അമേരിക്കയ്ക്കായി ചാരപ്പണി നടത്തുന്ന എന്‍എസ്എയെ നേരത്തെ അടച്ചുപൂട്ടല്‍ പദ്ധതിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. ആരോഗ്യമേഖലയിലെ പകുതിയിലധികം ജീവനക്കാര്‍ വീട്ടിലിരിപ്പായതോടെ ദേശീയ ആരോഗ്യപരിപാടികളും ഗവേഷണ പദ്ധതികളും താളംതെറ്റി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍(എന്‍ഐഎച്ച്) മനുഷ്യരിലുള്ള മരുന്നുപരീക്ഷണം നിര്‍ത്തിവയ്ക്കേണ്ടിവന്നു. അര്‍ബുദരോഗികളാണ് ബുദ്ധിമുട്ടിലായവരില്‍ ഏറെയും. 18,000ലേറെ ജീവനക്കാരുള്ള നാസയില്‍ ഇപ്പോള്‍ 549പേരെയുള്ളൂ. അമേരിക്കന്‍ പരിസ്ഥിതിസംരക്ഷണ ഏജന്‍സിയില്‍ ഇപ്പോള്‍ ഏഴു ശതമാനം ജീവനക്കാരേയുള്ളൂ. ജീവനക്കാരില്ലാത്തതിനാല്‍ ഭക്ഷ്യസുരക്ഷാപരിശോധന നിര്‍ത്തി. എല്ലാരംഗത്തെയും ഗവേഷണ-വികസനപദ്ധതികള്‍ അവതാളത്തിലായതോടെ അമേരിക്കന്‍ ശാസ്ത്രസമൂഹം ഒന്നടങ്കം അടച്ചുപൂട്ടലിനെ അപലപിച്ച് രംഗത്തെത്തി.

deshabhimani

No comments:

Post a Comment