Friday, October 4, 2013

മോഡിക്കുവേണ്ടി സജീവമായി കോര്‍പറേറ്റുകളും

നരേന്ദ്രമോഡിക്കുവേണ്ടി പ്രചാരണം നടത്താന്‍ സര്‍ക്കാരിതര സംഘടനയുടെ മറവില്‍ വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ സജീവമായി. "സിറ്റിസണ്‍സ് ഫോര്‍ അക്കൗണ്ടബിള്‍ ഗവര്‍ണന്‍സ്" (സിഎജി) എന്ന സര്‍ക്കാരിതര സംഘടനയാണ് കോര്‍പറേറ്റുകളുടെ സഹായത്തോടെ പിറവിയെടുത്തിട്ടുള്ളത്. ബുധനാഴ്ച ഡല്‍ഹിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഏഴായിരത്തോളം വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു നടത്തിയ "മോഡി പ്രദര്‍ശന"ത്തിനു പിന്നില്‍ സിഎജിയായിരുന്നു. മുഴുവന്‍ വിദ്യാര്‍ഥികളെയും കൊണ്ടുവന്നതിന്റെയും താമസത്തിന്റെയുമെല്ലാം ചെലവു വഹിച്ചതും സിഎജിയാണ്. വിവിധ കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ പണിയെടുത്തിരുന്ന നൂറോളം പേരാണ് സിഎജിയുടെ പൂര്‍ണസമയ പ്രവര്‍ത്തകര്‍. ആര്‍ പി ഗോയങ്ക ഗ്രൂപ്പ്, ഇന്‍ഫോസിസ്, ജെപി മോര്‍ഗന്‍, എച്ച്എസ്ബിസി, ബാര്‍ക്ലെയ്സ്, ഗോള്‍ഡ്മാന്‍ സാക്സ്, ഇന്റല്‍, മക്കിന്‍സി തുടങ്ങിയ ആഭ്യന്തര-വിദേശ കുത്തകസ്ഥാപനങ്ങളില്‍ ജോലിയെടുത്തിരുന്നവരാണ് അധികവും. മാധ്യമ- നിയമ മേഖലകളില്‍നിന്നുള്ളവരുമുണ്ട്. രാജ്യവ്യാപകമായി നടത്തുന്ന പ്രചാരണ പരിപാടികള്‍ക്ക് സംഘടന കോടികളാണ് ഒഴുക്കുന്നത്. എന്നാല്‍, ഫണ്ടിന്റെ സ്രോതസ്സ് വെളിപ്പെടുത്താന്‍ സിഎജി തയ്യാറല്ല.

സിഎജി സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളിലും മോഡിയുടെ സാന്നിധ്യമുണ്ടാകും. കഴിഞ്ഞ ജൂണില്‍ അഹമ്മദാബാദില്‍ യങ് ഇന്ത്യന്‍ ലീഡേഴ്സ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചായിരുന്നു സിഎജിയുടെ തുടക്കം. "മന്ഥന്‍" എന്ന പേരില്‍ രാജ്യത്തെ പ്രമുഖ ക്യാമ്പസുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ അണിനിരത്തിയുള്ള സംവാദപരമ്പരയാണ് മോഡിപ്രചാരണത്തിനായി സിഎജി സംഘടിപ്പിച്ച മറ്റൊരു പരിപാടി. ജൂലൈയില്‍ തുടക്കംകുറിച്ച "മന്ഥന്‍" പതിനാലോളം വിഷയത്തിലാണ് സംവാദം സംഘടിപ്പിച്ചത്. ബുധനാഴ്ച ഡല്‍ഹിയില്‍ സംവാദപരമ്പരയുടെ സമാപനം നടന്നു. മോഡിയായിരുന്നു പ്രധാന പ്രാസംഗികന്‍. വിദ്യാര്‍ഥികള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് മോഡിയെയാണെന്ന വിചിത്രന്യായം മുന്നോട്ടുവച്ചാണ് സിഎജി അദ്ദേഹത്തെ പ്രധാനപ്രാസംഗികനാക്കിയത്. ആന്ധ്ര മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ പരിപാടിയിലേക്ക് ക്ഷണിച്ച് മന്ഥന് വാര്‍ത്താപ്രാധാന്യം നേടിയെടുക്കുന്നതിലും സിഎജി വിജയിച്ചു. അരുണ്‍ ജെയ്റ്റ്ലി, രാംജെത്മലാനി തുടങ്ങി ബിജെപി നേതാക്കള്‍മാത്രമാണ് മന്ഥന്റെ സമാപനപരിപാടിക്കുണ്ടായിരുന്നത്.
(എം പ്രശാന്ത്)

deshabhimani

No comments:

Post a Comment