ഒട്ടനവധി ദ്രോഹം മനുഷ്യവംശത്തിന് ചെയ്തുകഴിഞ്ഞ ആഗോളവല്‍ക്കരണം ഇനി നമുക്കാവശ്യമില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റാലിയന്‍ ദ്വീപായ സാര്‍ദീനിയായില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് മാര്‍പാപ്പ ആഗോളവല്‍ക്കരണത്തെ തള്ളിപ്പറഞ്ഞത്. സിറോ മലബാര്‍ സഭയുടെ മുഖമാസികയായ സത്യദീപം റിപ്പോര്‍ട്ട് ചെയ്തതാണിത്.
സമ്പദ്വ്യവസ്ഥയുടെ കേന്ദ്രം മനുഷ്യനാകണം. പണമായിരിക്കരുത്. അതാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് മാര്‍പാപ്പ പറഞ്ഞു. ആഗോള സാമ്പത്തികമാന്ദ്യം ഏറ്റവും രൂക്ഷമായി ബാധിച്ച പ്രദേശങ്ങളിലൊന്നാണ് മാര്‍പാപ്പ സന്ദര്‍ശിച്ചത്. അവിടുത്തെ ജനങ്ങള്‍ അനുഭവിക്കുന്ന തൊഴിലില്ലായ്മയ്ക്കു കാരണം ആഗോളവല്‍ക്കരണമാണെന്ന് മാര്‍പാപ്പ പറഞ്ഞു. നീതിനിഷ്ഠമായ വ്യവസ്ഥയാണ് നമുക്കാവശ്യം. നമ്മെയെല്ലാവരെയും മുമ്പോട്ടു പോകാന്‍ അനുവദിക്കുന്ന വ്യവസ്ഥയാകണമത്. തന്നെ സ്വീകരിക്കാനെത്തിയവരില്‍ മൂന്നു മക്കളുടെ അച്ഛനായ ഒരാള്‍ താന്‍ നേരിടുന്ന തൊഴിലില്ലായ്മയുടെ ദയനീയത വിവരിച്ചതു കേട്ടപ്പോഴാണ് പോപ്പ് തയ്യാറാക്കിയ പ്രസംഗം മാറ്റിവച്ച് സംസാരിച്ചത്. ധൈര്യമായി ഇരിക്കുക എന്നുപറഞ്ഞ പാപ്പ ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് തന്റെ പ്രസംഗംകൊണ്ട് കാര്യമായ പ്രയോജനം ഉണ്ടാകില്ലെന്നും സമ്മതിച്ചു. എന്നാല്‍ ധൈര്യമായി ഇരിക്കാനുള്ള തന്റെ ആഹ്വാനം വെറുംവാക്കായി പോകാതിരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു. ദരിദ്രര്‍ക്ക് ഭക്ഷണം കൊടുക്കുന്ന ചിലര്‍ അത് ദരിദ്രരെ ചൂഷണംചെയ്യാന്‍ ഉപയോഗിക്കുന്നത് ഗുരുതരമായ പാപമാണ്. യേശുവിന്റെ ശരീരങ്ങളുമായി വരുന്ന പാവങ്ങളെ പൊങ്ങച്ചത്തിനുവേണ്ടി ഉപയോഗപ്പെടുത്തുന്നവര്‍ വീട്ടിലിരിക്കുന്നതാണ് നല്ലതെന്നും മാര്‍പാപ്പ പറഞ്ഞതായി ഒക്ടോബര്‍ രണ്ടിന്റെ സത്യദീപത്തിലുണ്ട്.
deshabhimani
No comments:
Post a Comment