Monday, November 4, 2013

അണ്‍എയ്ഡഡ് സ്കൂളുകളില്‍ കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ ശമ്പളസ്കെയില്‍ നടപ്പാക്കണം

കോഴിക്കോട്: അണ്‍എയ്ഡഡ് സ്കൂള്‍ ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍ക്കുള്ള ശമ്പളസ്കെയില്‍ നടപ്പാക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന് കേരള അണ്‍എയ്ഡഡ് സ്കൂള്‍ ടീച്ചേഴ്സ് ആന്‍ഡ് സ്റ്റാഫ് യൂണിയന്‍ (കെയുഎസ്ടിയു) അവകാശ പ്രഖ്യാപന കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.

കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ നല്‍കാമെന്ന ഉറപ്പിലാണ് അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കുന്നത്. എന്നാല്‍ ലക്ഷക്കണക്കിനാളുകള്‍ തൊഴിലെടുക്കുന്ന മേഖലയില്‍ ഭൂരിപക്ഷത്തിനും 5000 രൂപയില്‍ താഴെയാണ് ശമ്പളം. നിയമ നിര്‍മാണം നടത്തുന്നതുവരെ 2012 സെപ്തംബര്‍ 14ന്റെ ഹൈക്കോടതി വിധി പ്രകാരമുള്ള ഇടക്കാല ശമ്പള വര്‍ധന അനുവദിക്കണമെന്നും കണ്‍വന്‍ഷന്‍ അവകാശ പ്രഖ്യാപന രേഖയില്‍ ആവശ്യപ്പെട്ടു. പ്രസവാവധി, അവധിക്കാല ശമ്പളം, പിഎഫ്, ഇഎസ്ഐ ആനുകൂല്യങ്ങള്‍, ബോണസ് എന്നിവ നടപ്പാക്കുക, തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുക, സര്‍വീസ് നിയമങ്ങള്‍ നടപ്പാക്കാനും പരിശോധിക്കാനും അതോറിറ്റി രൂപീകരിക്കുക, അധ്യാപക-വിദ്യാര്‍ഥി അനുപാതം നിയമാനുസൃതം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും കണ്‍വന്‍ഷന്‍ ഉന്നയിച്ചു. അണ്‍എയ്ഡഡ് മേഖലയിലെ ചൂഷണം അവസാനിപ്പിക്കാന്‍ രണ്ടാം വിദ്യാഭ്യാസ ബില്ലിന്റെ പ്രസക്തി വര്‍ധിച്ചുവരികയാണെന്നും അവകാശ പ്രഖ്യാപന രേഖ അഭിപ്രായപ്പെട്ടു.

ടൗണ്‍ഹാളില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കെയുഎസ്ടിയു സംസ്ഥാന പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി വേണു കക്കട്ടില്‍ അവകാശ പ്രഖ്യാപന രേഖ അവതരിപ്പിച്ചു. ഡോ. എ അച്യുതന്‍, ജോയ് മാത്യു, യു കെ കുമാരന്‍, ഡോ. ജെ പ്രസാദ്, എ കെ ഉണ്ണികൃഷ്ണന്‍, വി പി കുഞ്ഞികൃഷ്ണന്‍, ടി ദാസന്‍ എന്നിവര്‍ സംസാരിച്ചു. എ പ്രദീപ്കുമാര്‍ എംഎല്‍എ സ്വാഗതവും എ രാജശേഖരന്‍ നന്ദിയും പറഞ്ഞു.

deshabhimani

No comments:

Post a Comment