Monday, November 18, 2013

തെന്മല ഡാമിലെ എക്കല്‍-മണല്‍ നീക്കം തടസ്സപ്പെടും

തെന്മല: പശ്ചിമഘട്ട മേഖലയിലെ ആവാസവ്യവസഥയുടെ സംരക്ഷണമെന്ന പേരില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അതേപടി നടപ്പാക്കിയാല്‍ തെന്മല ഡാമിലെ എക്കല്‍, മണല്‍ നിക്ഷേപം നീക്കംചെയ്ത് അണക്കെട്ടിന്റെ ജലസംഭരണശേഷി വര്‍ധിപ്പിക്കുന്ന പ്രവൃത്തികളും പ്രതിസന്ധിയിലാകും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും മണല്‍ഖനനത്തിനും അനുമതിയില്ലാത്ത പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളായി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ ജില്ലയിലെ എട്ട് വില്ലേജുകളില്‍ തെന്മലയിലെ കല്ലട ജലസേചനപദ്ധതിയുടെ പരപ്പാര്‍ അണക്കെട്ടും വൃഷ്ടിപ്രദേശങ്ങളും ഉള്‍പ്പെടും. ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നത് തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ വില്ലേജുകളിലാണ്. ഡാമിന്റെ 75 ശതമാനം പ്രദേശങ്ങളും തെന്മല വില്ലേജ് പരിധിയിലാണ്. തെന്മല ഡാമിന്റെ ജലസംഭരണശേഷിയുടെ 35 ശതമാനത്തോളം ഇപ്പോള്‍ എക്കല്‍-മണല്‍ നിക്ഷേപത്തില്‍ മുങ്ങി. വേനല്‍ക്കാലത്ത് ഡാമിലെ ജലനിരപ്പ് കുറയുമ്പോള്‍ ചെറുതും വലതുമായ നൂറുകണക്കിനു മണല്‍ക്കുന്നുകള്‍ ഡാമിന്റെ വിവിധ പ്രദേശങ്ങളില്‍ തെളിഞ്ഞുവരും. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ എന്നിവമൂലം പതിറ്റാണ്ടായി തെന്മല ഡാമില്‍ വന്‍തോതില്‍ കൂറ്റന്‍ കല്ലുകള്‍, മരങ്ങള്‍ എന്നിവയും മണ്ണിടിച്ചില്‍മൂലം ഒഴുകിനിറഞ്ഞ എക്കല്‍, മണല്‍ നിക്ഷേപങ്ങള്‍ എന്നിവയും എത്തുന്നു. ഇവ നീക്കംചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

ശെന്തുരുണി വന്യജീവിസങ്കേതത്തില്‍ ഉള്‍പ്പെടുന്നതാണ് തെന്മല ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളും ജലസംഭരണപ്രദേശങ്ങളും. അത്യപൂര്‍വ ജലജീവികളും സസ്യജാലങ്ങളും ഉള്ളതിനാല്‍ ഇവിടെനിന്ന് മണലും എക്കലും നീക്കംചെയ്യാന്‍ കേന്ദ്ര പരിസ്ഥിതി-വന്യജീവി മന്ത്രാലയം അനുമതി നല്‍കിയിട്ടില്ല. ഡാമിന്റെ ജലസംഭരണശേഷി വീണ്ടെടുക്കാന്‍ 2003ല്‍ മണല്‍വാരലിനായി കല്ലട ജലസേചനപദ്ധതി അധികൃതര്‍ ശ്രമം നടത്തിയപ്പോഴാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആ നീക്കം തടഞ്ഞത്. 2003ല്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞ രാജശ്രീ പോത്താലയുടെ നേതൃത്വത്തില്‍ നടത്തിയ ഉപഗ്രഹ സര്‍വേയില്‍ ഡാമിന്റെ ജലസംഭരണശേഷി 15 മുതല്‍ 20 ശതമാനംവരെ കുറഞ്ഞതായി കണ്ടെത്തി. കഴിഞ്ഞവര്‍ഷം തുറമുഖവകുപ്പ് നടത്തിയ പഠനത്തില്‍ 35 ശതമാനം ഭാഗവും മണല്‍ എക്കല്‍നിക്ഷേപമാണെന്നു തെളിഞ്ഞു. ഈ പഠനറിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇതുവരെ തുറമുഖവകുപ്പില്‍നിന്നു വാങ്ങിയിട്ടില്ല. ആയിരം കോടി രൂപയുടെ മണല്‍നിക്ഷേപമാണ് തെന്മല ഡാമിലുള്ളത്. നിര്‍മാണമേഖലയില്‍ മണല്‍ക്ഷാമം നേരിടുമ്പോഴാണ് ഇത്രയേറെ മണല്‍ ഡാമില്‍നിന്നു നീക്കം ചെയ്യാതെ കിടക്കുന്നത്. സര്‍ക്കാരിന് വരുമാനത്തോടൊപ്പം ആയിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ അവസരങ്ങളും മണല്‍വാരലിലൂടെ ലഭിക്കും.

കേരളത്തിലെ ഡാമുകളിലെ മണല്‍നിക്ഷേപങ്ങള്‍ നീക്കം ചെയ്യാനുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി തെന്മല ഡാമിലെ മണല്‍വാരാനുള്ള കേന്ദ്ര അനുമതിക്കായി സംസ്ഥാന വന്യജീവി ബോര്‍ഡ് കേന്ദ്രത്തിലേക്ക് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് കൊല്ലത്തെ ഒരു സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനം സാധ്യതാപഠനം നടത്താന്‍ വനംവകുപ്പില്‍ അനുമതിക്കായി സമീപിച്ചിട്ടുമുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കെഐപി വനം വന്യജീവി വകുപ്പിനു നല്‍കിയിട്ടില്ല. തെന്മല ഡാമിലെ മണല്‍നീക്കത്തിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടക്കവെയാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അതേപടി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. തെന്മല ഡാമില്‍നിന്ന് ഒരിക്കലും മണല്‍നിക്ഷേപം നീക്കംചെയ്ത് ഡാമിന്റെ ജലസംഭരണശേഷി കൂട്ടാന്‍ ഈ നിയമം നടപ്പായാല്‍ സാധിക്കുകയില്ല. ഇതുസംബന്ധിച്ച ആശയക്കുഴപ്പം നീക്കാന്‍ സര്‍ക്കാരാണ് ബാധ്യസ്ഥര്‍.

deshabhimani

No comments:

Post a Comment