Wednesday, November 20, 2013

വന്‍ ഫീസ് വര്‍ധന വെറ്ററിനറി വിദ്യാഭ്യാസം പ്രതിസന്ധിയില്‍

വന്‍ ഫീസ്വര്‍ധനയെത്തുടര്‍ന്ന് വെറ്ററിനറി വിദ്യാഭ്യാസം പ്രതിസന്ധിയിലേക്ക്. സാധാരണക്കാരന് താങ്ങാനാവാത്തതരത്തിലാണ് വെറ്ററിനറി ഫീസ് നിരക്കിലെ വര്‍ധന. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് രൂക്ഷമായ ഫീസ്വര്‍ധനയുണ്ടായത്. ഫീസ് വര്‍ധനയ്ക്കും വെറ്ററിനറി മേഖലയെ തകര്‍ക്കുന്ന നയങ്ങള്‍ക്കുമെതിരെ മണ്ണുത്തിയിലും പൂക്കോടും വിദ്യാര്‍ഥികള്‍ അനിശ്ചിതകാലസമരത്തിലാണ്. കേരള കാര്‍ഷിക സര്‍വകലാശാലക്കു കീഴില്‍നിന്ന് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയിലേക്ക് മാറുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ പ്രതീക്ഷയായിരുന്നു.

നേരത്തേ കാര്‍ഷികസര്‍വകലാശാലയ്ക്കു കീഴില്‍ അഞ്ചുവര്‍ഷത്തെ വെറ്ററിനറിസയന്‍സ് പഠനത്തിന് ഓരോ വര്‍ഷവും ട്യൂഷ്യന്‍ഫീസിനത്തില്‍ 5400 രൂപയാണ് നല്‍കേണ്ടിയിരുന്നത്. 2011ല്‍ വര്‍ഷം ഫീസ് 18,000 രൂപയാക്കി. ഇപ്പോള്‍ വീണ്ടും ഫീസ്വര്‍ധിപ്പിച്ചിരിക്കയാണ്. തുടര്‍ന്ന് ഓരോ വര്‍ഷവും പത്തു ശതമാനം എന്ന തോതില്‍ ഫീസ് വര്‍ധിപ്പിക്കും. ഇതു പ്രകാരം വിദ്യാര്‍ഥികള്‍ ട്യൂഷന്‍ ഫീ ഇനത്തില്‍ ആദ്യരണ്ടു സെമസ്റ്ററില്‍ 19,800 രൂപയാണ് നല്‍കേണ്ടത്. ഇത് മൂന്നും നാലും സെമസ്റ്ററില്‍ 21,780 രൂപയായും അഞ്ചും ആറും സെമസ്റ്ററില്‍ 23,960 രൂപയായും ഏഴും എട്ടും സെമസ്റ്ററില്‍ 26,360 രൂപയുമാവും. ഒമ്പതാം സെമസ്റ്ററില്‍ 14,500 രൂപയും ഇന്റേണ്‍ഷിപ് ഫീസ് 14,500 രൂപയും അടക്കം 29,000 രൂപയും അടയ്ക്കണം. ആദ്യ സെമസ്റ്ററില്‍ 19,800 രൂപ നല്‍കി പഠനം തുടങ്ങുന്ന വിദ്യാര്‍ഥി അവസാനവര്‍ഷമെത്തുമ്പോള്‍ ട്യൂഷന്‍ഫീസിനത്തില്‍ മാത്രം 31,900ത്തോളം രൂപ അടയ്ക്കണം. അഡ്മിഷന്‍ഫീസ്, സ്പെഷ്യല്‍ഫീസ്, പരീക്ഷാഫീസ്, സ്റ്റഡിടൂര്‍, ഇന്‍ഷുറന്‍സ് പ്രീമിയം, ഹോസ്റ്റല്‍, സര്‍ട്ടിഫിക്കറ്റ്സ്, മെസ് ഫീസുകള്‍ തുടങ്ങി അഞ്ചു വര്‍ഷം പഠിച്ചുകഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ഒരു വിദ്യാര്‍ഥി മൂന്നുലക്ഷത്തില്‍പ്പരം രൂപ നല്‍കണം. ഒരുലക്ഷത്തില്‍നിന്നാണ് കുത്തനെയുള്ള ഈ വര്‍ധന. കുറഞ്ഞ ഫീസില്‍ നല്ല കോഴ്സ് എന്ന സ്വപ്നമാണ് സര്‍വകലാശാലാ അധികൃതരും സര്‍ക്കാരും ചേര്‍ന്ന് തല്ലിക്കെടുത്തുന്നതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ചെറിയ ഫീസ് നിരക്ക് എന്ന ആകര്‍ഷണീയതകൊണ്ടുതന്നെ നിരവധി പാവപ്പെട്ട വിദ്യാര്‍ഥികള്‍ ഈ മേഖലയെ തെരഞ്ഞെടുത്തിരുന്നു. ഇവരെല്ലാം ഫീസ് അടയ്ക്കാനാവാതെ ബുദ്ധിമുട്ടുകയാണിപ്പോള്‍. മണ്ണുത്തിയിലും പൂക്കോടുമായി രണ്ടായിരത്തോളം വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ഇവരുടെയെല്ലാം വിദ്യാഭ്യാസത്തിന്റെ ഭാവി തകര്‍ക്കുന്നതാണ് സര്‍ക്കാര്‍ നടപടി. മണ്ണുത്തി ഡെയ്റി കോളേജില്‍ ഫീസ്നിരക്ക് വര്‍ധിപ്പിച്ചതിനെതിരെ ഡെയ്റി ബിടെക് എന്‍ജിനിയറിങ് വിദ്യാര്‍ഥികളും സമരത്തിലാണ്.
(ടി വി വിനോദ്)

deshabhimani

No comments:

Post a Comment