Tuesday, November 5, 2013

കോടതിവിധി പാര്‍ട്ടി നിലപാട് സാധൂകരിക്കുന്നത്

ലാവ് ലിന്‍ കേസില്‍ നിന്ന് പിണറായി വിജയനെ ഒഴിവാക്കിക്കൊണ്ടുള്ള സിബിഐ കോടതിയുടെ വിധിയെ സി.പിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് സ്വാഗതം ചെയ്യുന്നു. രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ് പിണറായി വിജയനെ ലാവ് ലിന്‍ കേസില്‍ പ്രതിചേര്‍ത്തതെന്ന പാര്‍ടി നിലപാടിന്റെ സാധൂകരണമാണ് കോടതി വിധി. സിബിഐയെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ കേസില്‍ കുടുക്കി തകര്‍ക്കുന്ന കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ ദുഷ്ടലാക്കിനേറ്റ കനത്ത പ്രഹരം കൂടിയാണ് ഈ കോടതി വിധി.

പന്നിയാര്‍-ചെങ്കുളം-പള്ളിവാസല്‍ ജലവൈദ്യുതപദ്ധതികളുടെ നവീകരണത്തിനാണ് എസ്എന്‍സി ലാവ് ലിനുമായി 1995-ല്‍ യുഡിഎഫ് സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയത്. പ്രസ്തുത കരാറുമായി മുന്നോട്ടുപോവുക മാത്രമായിരുന്നു 1996-ല്‍ അധികാരമേറ്റ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. ആ സര്‍ക്കാരിലെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍, സംസ്ഥാനത്തെ വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിന് അക്കാലത്ത് കൈക്കൊണ്ട നടപടികള്‍ സര്‍വ്വരും ശ്ലാഘിച്ചതുമാണ്. 2001-ല്‍ അധികാരമേറ്റ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ലാവ്ലിന്‍ കരാറില്‍ ക്രമക്കേടുണ്ടെന്ന ആക്ഷേപം അന്നത്തെ ഭരണപക്ഷത്തുള്ള ചിലര്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്. സിഎജി റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങളായിരുന്നു അതിന്റെ അടിസ്ഥാനം. തുടര്‍ന്ന് അന്നത്തെ സര്‍ക്കാര്‍ ഈ പ്രശ്നം അന്വേഷിക്കാന്‍ സംസ്ഥാന വിജിലന്‍സിനെ ചുമതലപ്പെടുത്തി. പിണറായി വിജയനെതിരായ ആക്ഷേപങ്ങളില്‍ ഒരു കഴമ്പുമില്ലെന്ന് വിജിലന്‍സ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, പിണറായി വിജയന്റെ രക്തത്തിനുവേണ്ടി ദാഹിച്ചവര്‍ക്ക് വിജിലന്‍സ് റിപ്പോര്‍ട്ട് തൃപ്തികരമായില്ല.

2006 ലെ പൊതുതെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍, പ്രശ്നം സിബിഐ അന്വേഷണത്തിന് വിട്ടു. ഏതു വിധേനെയും പിണറായി വിജയനെ പ്രതിയാക്കണമെന്ന മുന്‍ ധാരണയോടെയാണ് സി.ബി.ഐ പ്രവര്‍ത്തിച്ചത്. ലാവ്ലിനുമായുള്ള കരാറിന് രൂപം നല്‍കിയ യു.ഡി.എഫ് മന്ത്രിസഭയിലെ വൈദ്യുതി മന്ത്രിയായിരുന്ന ജി. കാര്‍ത്തികേയന്റെ ചെയ്തികളില്‍ ഒരു കുറ്റവും കാണാത്ത സി.ബി.ഐ, പിണറായി വിജയനെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തെ മറികടന്ന്, അന്നത്തെ ഗവര്‍ണ്ണര്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതിയും നല്‍കി. ഇതെല്ലാം വലിയ രാഷ്ട്രീയ ഗൂഢാലോചനയായിരുന്നു. മാര്‍ക്സിസ്റ്റ്വിരുദ്ധ മാധ്യമങ്ങള്‍ ഈ കള്ളക്കേസിന്റെ മറവില്‍ പാര്‍ടിയേയും പിണറായി വിജയനേയും വേട്ടയാടി.

ലാവ് ലിന്‍ കരാറുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ ഒരു സാമ്പത്തിക നേട്ടവുമുണ്ടാക്കിയിട്ടില്ലെന്ന് സിബിഐ കോടതിയില്‍ നല്‍കിയ സ്റ്റേറ്റ്മെന്റിലെ പരാമര്‍ശങ്ങള്‍ പോലും അവര്‍ കണ്ടില്ല. സിപിഐ എ നെയും ഇടതുപക്ഷത്തെയും തകര്‍ക്കാന്‍ കിട്ടിയ അവസരം എന്ന നിലയില്‍, ശത്രുക്കളെല്ലാം ഒത്തുചേര്‍ന്നു. വലതുപക്ഷം മാത്രമല്ല, തീവ്ര ഇടതുപക്ഷവും ദുഷ്പ്രചരണങ്ങളില്‍ സജീവമായിരുന്നു. ലാവ്ലിന്‍ കേസ് കളവായി കെട്ടിച്ചമച്ചതാണെന്നും, പിണറായി വിജയന്‍ യാതൊരു അഴിമതിയും നടത്തിയിട്ടില്ലെന്നും, കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും എന്നുമായിരുന്നു പാര്‍ടി കേന്ദ്രകമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും കൈക്കൊണ്ട നിലപാട്.

സംസ്ഥാനത്തെ പാര്‍ടി ഒന്നാകെ പാര്‍ടി തീരുമാനത്തിന്റെ പിന്നില്‍ അടിയുറച്ചുനിന്നു. പാര്‍ടിയുടെ നിലപാടിന്റെ ഉജ്ജ്വല വിജയമാണ് ഇപ്പോഴത്തെ കോടതി വിധി. കള്ളക്കേസുകളുണ്ടാക്കി, മലീമസമായ പ്രചരണം നടത്തി പാര്‍ടിയെ തകര്‍ക്കാമെന്ന് വ്യാമോഹിച്ച എല്ലാവര്‍ക്കുമുള്ള താക്കീതാണ് കോടതി വിധി. മാത്രമല്ല, പ്രതിയോഗികളെ കള്ളക്കേസില്‍ കുടുക്കി തകര്‍ക്കാമെന്ന് കരുതുന്നവര്‍ക്കുമുള്ള മുന്നറിയിപ്പുമാണിതെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment