Friday, March 16, 2012

തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കാന്‍ നീക്കം

നിക്ഷേപതാല്‍പര്യം മുന്‍നിറുത്തി തൊഴില്‍നിയമങ്ങള്‍ക്ക് ബദല്‍ സംവിധാനം വേണമെന്ന് സാമ്പത്തിക സര്‍വെ. തൊഴില്‍നിയമങ്ങളില്‍ വെള്ളം ചേര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കം അപകടമെന്ന് സി പി ഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത.

വ്യവസായ സ്ഥാപനങ്ങള്‍ക്ക് ബാധകമായ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആക്ട്, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് ആക്ട്, ഗ്രാറ്റുവിറ്റി നിയമം, അപകട ഇന്‍ഷ്വറന്‍സ് നഷ്ടപരിഹാര നിയമം തുടങ്ങിയവയുള്‍പ്പെടെയുള്ള തൊഴില്‍ നിയമങ്ങളില്‍ ബദല്‍ സംവിധാനം വേണമെന്നാണ് സാമ്പത്തിക സര്‍വെയില്‍ പറയുന്നത്. ഇത്തരം നിയമങ്ങളുടെ ഭാഗമായി രേഖകള്‍ സുക്ഷിക്കുന്നതും റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതും ആവശ്യമായ പണം നീക്കിവെയ്ക്കുന്നതും നിക്ഷേപ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന സാഹചര്യത്തില്‍ ചെറുകിടക്കാരുടെ മാത്രമല്ല വന്‍കിട വ്യവസായികള്‍ക്കും ബാധകമാകുന്ന തരത്തില്‍ ഇത്തരം നിയമങ്ങളില്‍ ബദല്‍ സംവിധാനം വേണം.

തൊഴില്‍ നിയമങ്ങള്‍ ലഘൂകരിക്കാനുള്ള നീക്കം അപകടമാണ്. ഇക്കണോമിക് സര്‍വെയിലെ പരാമര്‍ശങ്ങള്‍ തൊഴില്‍നിയമങ്ങളില്‍ വെള്ളം ചേര്‍ക്കണമെന്നുതന്നെയാണ് ആവശ്യപ്പെടുന്നത്. തൊഴില്‍ നിയമങ്ങള്‍ ലഘൂകരിക്കുന്നത് കോര്‍പ്പറേറ്റുകളെയും വ്യവസായികളെയും സഹായിക്കാനാണ്. തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ ഇതിലൂടെ ഹനിക്കപ്പെടും. സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയത്തിന്റെ പുതിയ ഉദാഹരണമാണിതെന്നും ഗുരുദാസ് ദാസ് ഗുപ്ത പറഞ്ഞു. തൊഴിലാളികളുടെയും തൊഴില്‍ദാതാക്കളുടെയും താല്‍പര്യങ്ങള്‍ ഒരുപോലെ സംരക്ഷിച്ചാകണം ഇത്തരമൊരു ബദലെന്നാണ് സാമ്പത്തിക സര്‍വെയില്‍ പറയുന്നുണ്ടെങ്കിലും ഫലത്തില്‍ അത് തൊഴിലാളി വിരുദ്ധമായേ പ്രാവര്‍ത്തികമാകൂവെന്ന കാര്യത്തില്‍ സംശയമില്ല.

സര്‍ക്കാര്‍ സബ്‌സിഡികള്‍ ഗുണഭോക്താക്കള്‍ക്ക് നേരിട്ട് ലഭിക്കുവാന്‍ സബ്‌സിഡികള്‍ ബാങ്കുകളിലൂടെ വിതരണം ചെയ്യണമെന്ന് ഇക്കണോമിക് സര്‍വെയില്‍ പറയുന്നുണ്ട്. അതേസമയം രാജ്യത്ത് 2000ല്‍ അധികം ജനസംഖ്യയുള്ള 73000 ജനവാസ പ്രദേശങ്ങളില്‍ ബാങ്കിംഗ് സേവനം ആരംഭിക്കാനായി നടപ്പു സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ടിരുന്നു. ഇതില്‍ എത്രകണ്ട് പ്രാവര്‍ത്തികമായെന്ന കാര്യം ഇക്കണോമിക് സര്‍വെ വ്യക്തമാക്കുന്നില്ല. നഗര പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം സ്വകാര്യ പങ്കാളിത്തത്തോടെ വേണമെന്നും ഇക്കണോമിക് സര്‍വെ പറയുന്നു. സ്വകാര്യ പങ്കാളിത്തത്തോടെ 2012-13ല്‍ വിലകയറ്റം നിയന്ത്രിക്കാമെന്നാണ് ഇക്കണോമിക് സര്‍വെയില്‍ പറയുന്നത്. അതായത് വരുന്ന സാമ്പത്തിക വര്‍ഷവും ജനം വിലകയറ്റത്തിന്റെ കെടുതികള്‍ തുടര്‍ന്നും അനുഭവിക്കേണ്ടിവരുമെന്ന് ഇതിലൂടെ വ്യക്തമാകുന്നു.

രാജ്യത്തിന്റെ കയറ്റുമതി (മുന്‍വര്‍ഷം 40.5) 23.5 ശതമാനമായി കുറഞ്ഞപ്പോള്‍ ഇറക്കുമതി (28.2) 29.4 ശതമാനമായി വര്‍ദ്ധിച്ചു. ഇറക്കുമതിക്ക് കൊടുക്കേണ്ട ബാലന്‍സ് ഓഫ് പേമെന്റിനായി സൂക്ഷിക്കുന്ന കറണ്ട് അക്കൗണ്ട് ബാലന്‍സ് (-2.7) താഴ്ന്ന് -3.6 ശതമാനത്തിലെത്തി. വിദേശനാണ്യ ശേഖരം (304.8) കുറഞ്ഞ് 292.8 ബില്യണ്‍ ഡോളറിലെത്തി. രൂപയുടെ ഡോളറുമായുള്ള വിനിമയനിരക്ക് (45.56) ഫെബ്രുവരി 2012ല്‍ 47.7 രൂപയായി. രൂപയുടെ വിനിമയ നിരക്ക് ഇതിലും താഴ്‌ന്നെങ്കിലും  സാമ്പത്തിക സര്‍വെയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഫെബ്രുവരിയിലെ നിരക്കാണ്. ഇതിന് പുറമെ മറ്റ് വിദേശ രാജ്യങ്ങളുടെ കറന്‍സികളുമായുള്ള രൂപയുടെ വിനിമയ നിരക്കില്‍ വന്‍ ഇടിവുണ്ടായി.
റിയല്‍ എസ്റ്റേറ്റ് മേഖലയിലും ഓഹരി വിപണിയിലും ആസ്തിവില കുമിളപോലെ വീര്‍ക്കുന്ന സാഹചര്യത്തിനെതിരെ കരുതല്‍ വേണമെന്നും സര്‍വെ പറയുന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പ്രധാനകാരണങ്ങളിലൊന്നായിരുന്നു സാമ്പത്തിക വിപണിയിലെ ഇത്തരം പ്രവണത. ഇന്ധന വിലനിയന്ത്രണം വളര്‍ച്ച പിന്നോട്ടടിച്ചെന്ന് പറയുന്ന ഇക്കണോമിക് സര്‍വെ ഡീസല്‍ പാചക വാതക വില നിയന്ത്രണത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍വലിയുന്നതിന്റെ നേരിട്ടുള്ള സൂചനയാണ് നല്‍കുന്നത്. ഇത്തരം സബ്‌സിഡികള്‍ക്ക് നിയന്ത്രണം വേണമെന്നും ഇക്കണോമിക് സര്‍വെ പറയുന്നു.

ഊര്‍ജ്ജ മേഖലയില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടുവരാന്‍ നിക്ഷേപകര്‍ക്കായി ഉപഭോക്താക്കളില്‍നിന്ന് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുക, നിക്ഷേപകര്‍ക്ക് സബ്‌സിഡി അനുവദിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളുമുണ്ട്. കല്‍ക്കരി മേഖലയില്‍ പൊതു മേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യയുടെ കുത്തക അവസാനിപ്പിച്ച്  മറ്റുള്ളവരെകൂടി ഉള്‍പ്പെടുത്തി മല്‍സരത്തിന് കളമൊരുക്കണം. വ്യവസായികാവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള ശക്തമായ ആലോചനകളും നവീനമായ പദ്ധതികളുംവേണമെന്നും സാമ്പത്തിക സര്‍വെ പറയുന്നു.

janayugom 160312

1 comment:

  1. തൊഴില്‍ നിയമങ്ങള്‍ ലഘൂകരിക്കാനുള്ള നീക്കം അപകടമാണ്. ഇക്കണോമിക് സര്‍വെയിലെ പരാമര്‍ശങ്ങള്‍ തൊഴില്‍നിയമങ്ങളില്‍ വെള്ളം ചേര്‍ക്കണമെന്നുതന്നെയാണ് ആവശ്യപ്പെടുന്നത്. തൊഴില്‍ നിയമങ്ങള്‍ ലഘൂകരിക്കുന്നത് കോര്‍പ്പറേറ്റുകളെയും വ്യവസായികളെയും സഹായിക്കാനാണ്. തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ ഇതിലൂടെ ഹനിക്കപ്പെടും. സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയത്തിന്റെ പുതിയ ഉദാഹരണമാണിതെന്നും ഗുരുദാസ് ദാസ് ഗുപ്ത പറഞ്ഞു. തൊഴിലാളികളുടെയും തൊഴില്‍ദാതാക്കളുടെയും താല്‍പര്യങ്ങള്‍ ഒരുപോലെ സംരക്ഷിച്ചാകണം ഇത്തരമൊരു ബദലെന്നാണ് സാമ്പത്തിക സര്‍വെയില്‍ പറയുന്നുണ്ടെങ്കിലും ഫലത്തില്‍ അത് തൊഴിലാളി വിരുദ്ധമായേ പ്രാവര്‍ത്തികമാകൂവെന്ന കാര്യത്തില്‍ സംശയമില്ല.

    ReplyDelete