Saturday, March 31, 2012

ലീഗ് നേതൃത്വം യുവാക്കളെ വഞ്ചിക്കുന്നു: കെ ടി ജലീല്‍


തീവ്രവാദത്തിനെതിരെ ഒറ്റമനസ്സായി

തളിപ്പറമ്പ്: ജില്ലയിലെ സാംസ്കാരിക സംഘടനകള്‍ ചേര്‍ന്ന് തീവ്രവാദത്തിനെതിരെ തളിപ്പറമ്പില്‍ നടത്തിയ ഇരകളുടെ കൂട്ടായ്മ അപൂര്‍വ സംഗമത്തിന് വേദിയായി. അക്രമികളുടെ ക്രൂരതകളില്‍ ഉറ്റവരുള്‍പ്പെടെ വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ട ജില്ലയിലെ അഞ്ഞൂറോളം കുടുംബങ്ങളാണ് ജനകീയ കൂട്ടായ്മയില്‍ പങ്കെടുത്തത്. മുസ്ലിംലീഗിലെ തീവ്രവാദികള്‍ നടത്തുന്ന അതിക്രൂരമായ അക്രമങ്ങള്‍ അവരുടെ അണികള്‍തന്നെ തിരിച്ചറിയുന്നുവെന്ന കാര്യവും വെളിപ്പെടുത്തുന്നതായി കൂട്ടായ്മ. ലീഗുകാര്‍ വധിക്കാന്‍ ശ്രമിച്ചതിനെതുടര്‍ന്ന് 39 ദിവസമായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജീവഛവമായി കഴിയുന്ന അരിയിലെ വി മോഹനന്റെ ഉറ്റവര്‍, ഇവിടെത്തന്നെ ഇരുകാലുകളും തകര്‍ന്ന് ശയ്യാവലംബിയായ മുതലപ്പാറയിലെ രാജന്റെ സഹോദരങ്ങള്‍, മുസ്ലിംലീഗുകാര്‍ കൊലപ്പെടുത്തിയ പന്നിയൂരിലെ കൃഷ്ണന്റെ കുടുംബാംഗങ്ങള്‍, ലീഗുകാര്‍ കാല്‍ വെട്ടിമാറ്റിയ കുപ്പത്തെ കല്ലിങ്കീല്‍ ദിനേശന്‍, ജില്ലയുടെ വിവിധ ഭാഗങ്ങളിലെ രക്തസാക്ഷികളുടെയും അക്രമത്തിനിരയായവരുടെയും കുടുംബാംഗങ്ങളും ബന്ധുക്കളുമെല്ലാം കൂട്ടായ്മക്കെത്തി.

തളിപ്പറമ്പിലെ കരുണ ചാരിറ്റബിള്‍ സൊസൈറ്റി, തലശേരി ഒ വി അബ്ദുള്ള മെമ്മോറിയല്‍ ട്രസ്റ്റ്, കണ്ണൂരിലെ എന്‍ അബ്ദുള്ള മെമ്മോറിയല്‍ കള്‍ച്ചറല്‍ സെന്റര്‍, പാനൂരിലെ പ്രഫ. എ പി അബ്ദുള്‍ഖാദര്‍ കള്‍ച്ചറല്‍ സെന്റര്‍, കൂത്തുപറമ്പിലെ മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക കള്‍ച്ചറല്‍ സെന്റര്‍, മട്ടന്നൂരിലെ കുഞ്ഞാലിമരയ്ക്കാര്‍ സ്മാരകട്രസ്റ്റ്, പെരളശേരിയിലെ വൈക്കം മുഹമ്മദ് ബഷീര്‍ ട്രസ്റ്റ്, പിണറായിയിലെ അബുമാസ്റ്റര്‍ ട്രസ്റ്റ്, പാപ്പിനിശേരിയിലെ അബ്ദുറഹിമാന്‍ സ്മാരകട്രസ്റ്റ്, ചക്കരക്കല്ലിലെ വൈക്കം മുഹമ്മദ് ബഷീര്‍ കള്‍ച്ചറല്‍ സെന്റര്‍, പഴയങ്ങാടിയിലെ മുഹമ്മദ് അബ്ദുള്‍റഹിമാന്‍ സാഹിബ് കള്‍ച്ചറല്‍ സെന്റര്‍, പെരിങ്ങോത്തെ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, ഇരിട്ടി പി വി കുഞ്ഞൂട്ടിയാലി സ്മാരകട്രസ്റ്റ്, പയ്യന്നൂരിലെ കുഞ്ഞാലിമരയ്ക്കാര്‍ സ്മാരക കള്‍ച്ചറല്‍ട്രസ്റ്റ്, ശ്രീകണ്ഠപുരം പള്ളിക്കുട്ടി സ്മാരക ട്രസ്റ്റ് എന്നിവ സംയുക്തമായണ് പരിപാടി സംഘടിപ്പിച്ചത്. തീവ്രവാദികള്‍ക്ക് പിന്തുണയേകുന്ന നയത്തില്‍ പ്രതിഷേധിച്ച് മുസ്ലിംലീഗ് വിട്ട പിലാക്കണ്ടി മുഹമ്മദലി, മനോളി മുഹമ്മദ് എന്നിവര്‍ പരിപാടിയല്‍ പങ്കെടുത്തു.

തലശേരി നഗരസഭാ ചെയര്‍മാന്‍ ആമിന മാളിയേക്കലിന്റെ നേതൃത്വത്തില്‍ അഡ്വ. ഒ വി അബ്ദുള്ള മെമ്മോറിയല്‍ ട്രസ്റ്റ് ഗായകസംഘം അവതരിപ്പിച്ച മതസൗഹാര്‍ദ ഗാനമേള അരങ്ങേറി. കൂട്ടായ്മ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി പി ജയരാജന്‍, കെ ടി ജലീല്‍ എംഎല്‍എ എന്നിവര്‍ സംസാരിച്ചു. സി അബ്ദുള്‍കരീം അധ്യക്ഷനായി. എ എന്‍ ഷംസീര്‍ സ്വാഗതവും പ്രൊഫ. സി എച്ച് മേമി നന്ദിയും പറഞ്ഞു. എം വി ജയരാജന്‍, കെ കെ ശൈലജ, കെ കെ രാഗേഷ്, എംഎല്‍എമാരായ ജെയിംസ്മാത്യു, ടി വി രാജേഷ് എന്നിവരും പങ്കെടുത്തു. ജില്ലയിലെ വിവിധ സാംസ്കാരിക സംഘടനകളുടെ ഭാരവാഹികളായ ജില്ലാപഞ്ചായത്തംഗം ഹമീദ് കരിയാട്, കെ ഇ കുഞ്ഞബ്ദുള്ള, എം അബ്ദു, പി അബ്ദുള്‍റഷീദ്, കാത്താണ്ടി റസാഖ്, കെ അബ്ദുള്‍റഷീദ്, എല്‍ വി മുഹമ്മദ്, തളിപ്പറമ്പ് നഗരസഭാ ചെയര്‍മന്‍ റംല പക്കര്‍, ഗായികമാരായ നജ്മ ഹാഷിം, സൈറ മുഹമ്മദ് എന്നിവരും സന്നിഹിതരായി.

ലീഗ് നേതൃത്വം യുവാക്കളെ വഞ്ചിക്കുന്നു: കെ ടി ജലീല്‍

തളിപ്പറമ്പ്: കമ്യൂണിസ്റ്റുകാര്‍ക്കെതിരായ കടന്നാക്രമണം സ്വര്‍ഗപ്രാപ്തിക്ക് അര്‍ഹത നേടിക്കൊടുക്കുന്ന ജിഹാദാണെന്ന മുസ്ലിംലീഗിന്റെ പ്രചാരണത്തിന് കനത്ത വില നല്‍കേണ്ടിവരുമെന്ന് കെ ടി ജലീല്‍ എംഎല്‍എ പറഞ്ഞു. ജില്ലയിലെ സാംസ്കാരിക സംഘടനകള്‍ തീവ്രവാദത്തിനെതിരെ തളിപ്പറമ്പില്‍ നടത്തിയ ജനകീയ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിംലീഗ് നേതൃത്വം യുവാക്കളെ വഞ്ചിക്കുകയാണ്. എപ്പോഴാണ് മുസ്ലിംലീഗിന് കമ്യൂണിസ്റ്റുകാര്‍ ശത്രുക്കളും ദൈവവിശ്വാസമില്ലാത്തവരുമായത്്. ഒന്നാം യുപിഎ സര്‍ക്കാരില്‍ ഇ അഹമ്മദിന് അഞ്ചുവര്‍ഷം മന്ത്രിയാകാന്‍ കമ്യൂണിസ്റ്റുകാരുടെ പിന്തുണ ആവശ്യമായിരുന്നു. മാപ്പിള ലഹളയെന്ന് വിളിച്ചാക്ഷേപിച്ച മലബാര്‍ കലാപം ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണെന്ന് ആദ്യമായി പ്രഖ്യാപിച്ചത് ഇ എം എസാണ്. ഇതിന്റെ പേരില്‍ അന്ന് ഇ എം എസിനെ ജയിലിലേക്കോ ഭ്രാന്താശുപത്രിയിലേക്കോ അയക്കാന്‍ ആവശ്യപ്പെട്ടവരാണ് കോണ്‍ഗ്രസ് നേതൃത്വവും മാതൃഭൂമിയും. മുസ്ലിംദ്രോഹനിയമമായ മാപ്പിള ഔട്ട്റേജസ് ആക്ട് പിന്‍വലിച്ചതും എംഎസ്പിയില്‍ മുസ്ലിംയുവാക്കള്‍ക്കുണ്ടായിരുന്ന നിയമനിരോധനം പിന്‍വലിച്ചതും സര്‍ക്കാര്‍ജോലിക്ക് അവസരം നല്‍കിയതും ഇ എം എസ് സര്‍ക്കാരാണെന്നത് ലീഗുകാര്‍ മറക്കരുത്. കമ്യൂണിസ്റ്റുകാരന്റെ ചങ്കുറപ്പാണ് മലപ്പുറം ജില്ല രൂപീകരണമെന്നതും 20 എംഎല്‍എമാരുണ്ടായിട്ടും അഞ്ചാംമന്ത്രിയെ കിട്ടാത്ത ലീഗുകാര്‍ ഓര്‍ക്കണം. ഒരിക്കലും പാവപ്പെട്ട മുസല്‍മാനെ ലീഗ് സഹായിച്ചിട്ടില്ല. സിപിഐ എം ഗുജറാത്തിലെ നിരാലംബരായ മുസ്ലീങ്ങളെ സഹായിക്കാന്‍ 40ലക്ഷം രൂപ പിരിച്ചുകൊടുത്തു. ഭരണകക്ഷിയായ ലീഗ് 30ലക്ഷം മാത്രമാണ് സ്വരൂപിച്ചത്. അത് കൊടുത്തതുമില്ല. അക്കാര്യം ചോദിച്ചതിനാണ് എന്നെ ലീഗ് പുറത്താക്കിയത്- ജലീല്‍ പറഞ്ഞു.

deshabhimani 310312

2 comments:

  1. കമ്യൂണിസ്റ്റുകാര്‍ക്കെതിരായ കടന്നാക്രമണം സ്വര്‍ഗപ്രാപ്തിക്ക് അര്‍ഹത നേടിക്കൊടുക്കുന്ന ജിഹാദാണെന്ന മുസ്ലിംലീഗിന്റെ പ്രചാരണത്തിന് കനത്ത വില നല്‍കേണ്ടിവരുമെന്ന് കെ ടി ജലീല്‍ എംഎല്‍എ പറഞ്ഞു. ജില്ലയിലെ സാംസ്കാരിക സംഘടനകള്‍ തീവ്രവാദത്തിനെതിരെ തളിപ്പറമ്പില്‍ നടത്തിയ ജനകീയ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete
  2. ഷുക്കൂര്‍ കൊലക്കേസില്‍ നേതാവിന്റെ മകനടക്കം എട്ടുപേര്‍ കോടതിയില്‍ കീഴടങ്ങി

    കണ്ണൂര്‍: അരിയില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകനായ ഷുക്കൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ സി.പി.എം ബ്രാഞ്ച് സിക്രട്ടറി ഉള്‍പ്പെടെ എട്ട് പേര്‍ കോടതിയില്‍ കീഴടങ്ങി.

    തളിപ്പറമ്പ് നഗരസഭാ മുന്‍ ചെയര്‍മാനും വിസ്മയ പാര്‍ക്കിന്റെ ചെയര്‍മാനുമായ വാടി രവിയുടെ മകന്‍ വിജുമോനും ഇവരിലുള്‍പ്പെടുന്നു. സി.പി.എം അരിയില്‍ ബ്രാഞ്ച് സിക്രട്ടറി ബാബു, കെ.എസ്.ആര്‍.ടി.സി കണ്ണൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ മൊറാഴയിലെ സുധാകരന്‍, അരിയിലെ ഉമേശന്‍, മൊറാഴയിലെ തയ്യില്‍ ഹൗസില്‍ വിഗേഷ് എന്ന ബാബൂട്ടി, കീഴറയിലെ നടുവിലെ പുരയില്‍ എം.വി ദിനേശന്‍, വാടി ഹൗസില്‍ വിജുമോന്‍, കീഴറയിലെ മനോഹരന്‍ എന്നിവരാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് സി. മുജീബ് റഹ്മാന്‍ മുമ്പാകെ ഇന്നലെ ഉച്ചയോടെ കീഴടങ്ങിയത്.



    ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രാഥമിക പ്രതിപ്പട്ടികയില്‍ 19 പേരാണുള്ളത്. കേസില്‍ ഇനി ഏഴ് പേരെ കൂടി തിരിച്ചറിയാനുണ്ട്. പി ജയരാജന്റെ വാഹനം അക്രമിക്കപ്പെട്ട പട്ടുവം അരിയില്‍ നിന്ന് സി പി എം പ്രവര്‍ത്തകര്‍ കീഴറയില്‍ നേരിട്ടെത്തി ഷുക്കൂറിനെയും ഒപ്പം വെട്ടേറ്റ സക്കറിയ്യയേയും അക്രമികള്‍ക്ക് കാണിച്ച് കൊടുത്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിപ്പട്ടികയില്‍ 19 പേരുണ്ടെങ്കിലും എല്ലാവരും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരല്ല.സ്ഥലത്തെ മൊബൈല്‍ ഫോണ്‍ ടവറുകളിലൂടെ കടന്ന് പോയ വിളികളെ അടിസ്ഥാനമാക്കിയാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്ത് ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്തത്. സംഭവ സമയത്ത് ശ്യാംജിത്തിന്റെ ഫോണിലൂടെ തുടര്‍ച്ചയായി നിരവധി കോളുകള്‍ പോയതായി പോലീസ് കണ്ടെത്തിയിരുന്നു.ഷുക്കൂറിന്റെ കൊലപാതവകുമായി ബന്ധപ്പെട്ട് രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ റിമാന്റിലാണ്. ഫിബ്രവരി 20നാണ് കണ്ണപുരം കീഴറയില്‍ വെച്ച് ഷുക്കൂറിനെ വെട്ടിക്കൊന്നത്.

    ReplyDelete