വര്‍ഗീയതയ്ക്കെതിരെ വിശാല ഐക്യം അനിവാര്യം
കോഴിക്കോട്: ഇടതുപക്ഷത്തിന് സ്വാധീനവും ജനസമ്മതിയും കുറഞ്ഞ പ്രദേശങ്ങളില്‍ വര്‍ഗീയ- തീവ്രവാദശക്തികള്‍ മേല്‍ക്കൈ നേടുന്നതായി സെമിനാര്‍. മതനിരപേക്ഷത ശക്തമാക്കാന്‍ ഇടതുപക്ഷ- പുരോഗമന പ്രസ്ഥാനങ്ങളുടെയും ജനാധിപത്യ -മതേതരവിശ്വാസികളുടെയും യോജിപ്പും കൂട്ടായ്മയും വിപുലമാക്കണമെന്നും വര്‍ഗീയവിരുദ്ധ സെമിനാര്‍ ആഹ്വാനം ചെയ്തു. മൂലധനശക്തികളും ഭരണാധികാരികളും വര്‍ഗീയശക്തികളെ ആയുധമാക്കുന്ന സാഹചര്യത്തില്‍ ജനാധിപത്യ- പുരോഗമനധാര വിശാലമാക്കാനുള്ള ഇടപെടലുകള്‍ രാഷ്ട്രീയത്തിനകത്തും പുറത്തുനിന്നുമായി വളര്‍ന്നുവരണമെന്നും സെമിനാറില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച വര്‍ഗീയവിരുദ്ധസെമിനാര്‍ കേരളത്തിലും മറ്റുസംസ്ഥാനങ്ങളിലും വര്‍ഗീയ പ്രവണതകള്‍ അപകടകരമാംവിധം ഫാസിസ്റ്റ്- തീവ്രവാദസ്വഭാവം കൈവരിക്കുന്നതിലേക്ക് ശ്രദ്ധക്ഷണിച്ചു. ഹിന്ദുത്വഫാസിസത്തിന്റെ ഇന്ത്യന്‍ മേധാവിയായ നരേന്ദ്രമോഡിയുടെ വംശഹത്യക്കെതിരായ പ്രതിരോധത്തിനും പ്രതിഷേധത്തിനും നേതൃത്വം നല്‍കുന്ന വിഖ്യാതകലാകാരി മല്ലികാസാരാഭായിയുടെയും ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാറിന്റെയും സാന്നിധ്യത്താല്‍ സെമിനാര്‍ ശ്രദ്ധേയമായി. രാജ്യത്തിനാകെ ഭീഷണിയാകുംവിധമാണ് വര്‍ഗീയ- തീവ്രവാദശക്തികളുടെ വളര്‍ച്ചയെന്ന് സെമിനാര്‍ ഉദ്ഘാടനംചെയ്ത സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മതനിരപേക്ഷതയും മതന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാന്‍ ജീവത്യാഗംചെയ്ത പാരമ്പര്യമാണ് ഇടതുപക്ഷത്തിനുള്ളത്. കേരളത്തിലെ ക്രിസ്ത്യന്‍- മുസ്ലിം സമുദായത്തിലെ ചെറുധനികവിഭാഗത്തെ ചൂണ്ടിക്കാട്ടി മറ്റുസമുദായങ്ങള്‍ തകര്‍ന്നു എന്ന പ്രചാരണം ആര്‍എസ്എസ് നടത്തുന്നു. ഇത് തികച്ചും അസംബന്ധമാണ്. കേരളത്തിന്റെ സാമുദായിക യാഥാര്‍ഥ്യംകാണാതെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ പൊതുസമൂഹത്തില്‍ വിപല്‍ക്കരമായ സ്ഥിതിവിശേഷം സൃഷ്ടിക്കുമെന്നും കോടിയേരി പറഞ്ഞു.
ഗുജറാത്തിനെ ഹിന്ദുത്വഫാസിസം പരീക്ഷണശാലയാക്കിമാറ്റിയത്് മുപ്പതാണ്ടായി തുടരുന്ന പ്രവര്‍ത്തനത്തിലൂടെയാണെന്ന് മല്ലികാസാരാഭായി പറഞ്ഞു. ബിജെപി ഗുജറാത്തിനെ വര്‍ഗീയവംശീയഭീതിയില്‍ മുക്കുമ്പോള്‍ കോണ്‍ഗ്രസ് മൗനത്തിന്റെ ഗുഹയിലൊളിച്ചിരിക്കുകയായിരുന്നെന്ന് ആര്‍ ബി ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു. സമുദായിക ജാതീയശക്തികളുടെ കോണ്‍ഫെഡറേഷനാണ് ഇന്ന് കേരളം ഭരിക്കുന്നതെന്ന് അധ്യക്ഷനായിരുന്ന സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം എളമരം കരീം എംഎല്‍എ പറഞ്ഞു. ചടങ്ങില്‍ രാംപുനിയാനി രചിച്ച് ചിന്ത പ്രസിദ്ധീകരിച്ച "വര്‍ഗീയരാഷ്ട്രീയം" പുസ്തകം മല്ലികാസാരാഭായി ശ്രീകുമാറിന് നല്‍കി പ്രകാശനം ചെയ്തു. സിപിഐ എം കോട്ടപ്പള്ളി ലോക്കല്‍കമ്മിറ്റി നിര്‍മിച്ച ഡോക്യുമെന്ററി സിനിമ "കനല്‍വഴികളില്‍ നിന്നും" സിഡി കോടിയേരി ബാലകൃഷ്ണന്‍ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം അഡ്വ. പി സതീദേവിക്ക് നല്‍കി പ്രകാശനം ചെയ്തു. ഡിവൈഎഫ്ഐ കുന്നുമ്മല്‍ ബ്ലോക്ക് കമ്മിറ്റി തയ്യാറാക്കിയ വീഡിയോ ആല്‍ബം "നാടുണരുന്നു" ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി പി എ മുഹമ്മദ് റിയാസിന് നല്‍കി കോടിയേരി പുറത്തിറക്കി. കെ ടി കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞു.
(പി വി ജീജോ)
കോണ്‍ഗ്രസിലെ മതേതരവാദികള്‍ ഇടതുപക്ഷത്തിനൊപ്പം വരണം: കോടിയേരി
മത- സാമുദായിക ശക്തികള്‍ക്ക് പൂര്‍ണമായും കീഴടങ്ങുന്ന യുഡിഎഫ് രാഷ്ട്രീയം കേരളത്തെ അപകടകരമായ അവസ്ഥയിലേക്കാണ് നയിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മന്ത്രിസഭയും സര്‍ക്കാര്‍ സംവിധാനങ്ങളും മത- സാമുദായിക ശക്തികളുടെ നിയന്ത്രണത്തില്‍ അമര്‍ന്നു. ഇതിനെതിരായ ചെറുത്തുനില്‍പ്പില്‍ കോണ്‍ഗ്രസിലെ മതേതരവാദികള്‍ ഇടതുപക്ഷവുമായി സഹകരിക്കണമെന്ന് കോടിയേരി പറഞ്ഞു. പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച വര്‍ഗീയവിരുദ്ധ സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു കോടിയേരി.
സര്‍ക്കാരിന്റെ പ്രീണന നയത്തില്‍ ജാതി- മത ശക്തികളുടെ വിലപേശല്‍ വര്‍ധിക്കുകയാണ്. ഭരണത്തില്‍ സ്വാധീനം ചെലുത്തി കാര്യം നേടാനാകുമെന്നു കണ്ട് പുതിയ സംഘടനകള്‍ വരുന്നു. അധികാരം നിലനിര്‍ത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ ഇവരുടെ സമ്മര്‍ദത്തിന് കീഴടങ്ങുന്നു. ഭരണത്തില്‍ വര്‍ഗീയ- സാമുദായിക ശക്തികളുടെ സ്വാധീനം വര്‍ധിക്കുന്നതോടെ കേരളം ഗുജറാത്തിന്റെ മറ്റൊരു പതിപ്പായി മാറും. ഭരണത്തിന്റെ താക്കോല്‍സ്ഥാനങ്ങള്‍ ആര്‍എസ്എസ് കൈയടക്കിയതാണ് ഗുജറാത്തിലെ ദുരന്തത്തിന് വഴിയൊരുക്കിയത്. കേരളത്തിലെ പ്രധാന ചര്‍ച്ച ഇപ്പോള്‍ അഞ്ചാംമന്ത്രിയെക്കുറിച്ചാണ്. 140 എംഎല്‍എമാര്‍ക്ക് 19 മന്ത്രിമാരുണ്ട്. ഇനി പിറവത്ത് ജയിച്ചയാള്‍ മന്ത്രിയായാല്‍ ഇത് ഇരുപതാകും. അഞ്ചാംമന്ത്രികൂടി വരുമ്പോള്‍ 21 മന്ത്രിയും മന്ത്രിപദവിയുള്ള ചീഫ് വിപ്പും ആയി. മന്ത്രിസഭയുടെ ഘടന സാമൂഹ്യയാഥാര്‍ഥ്യം ഉള്‍ക്കൊള്ളുന്നതാണോയെന്ന് മതേതരപാര്‍ടിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് ചിന്തിക്കണം.
കോണ്‍ഗ്രസില്‍ ആര് മന്ത്രിയാകണമെന്ന് സാമുദായികസംഘടനകളാണ് നിശ്ചയിച്ചത്. കലക്ടര്‍മാരെയും ജില്ലാ പൊലീസ് സൂപ്രണ്ടുമാരെയും ഡിവൈഎസ്പിമാരെയുമൊക്കെ തീരുമാനിക്കുന്നതും ജാതി- മത സംഘടനാ നേതൃത്വങ്ങളാണ്. പൊലീസ് സ്റ്റേഷനുകളുടെ നിയന്ത്രണംവരെ ചില സംഘടനകള്‍ കൈയടക്കി. പൊലീസിലും വര്‍ഗീയശക്തികള്‍ കടന്നെത്തിയെന്ന വാര്‍ത്ത വലിയ ഞെട്ടലോടെയാണ് കേരളം കേട്ടത്. വര്‍ഗീയാടിസ്ഥാനത്തില്‍ പൊലീസുകാരെ സംഘടിപ്പിക്കുന്നത് പൊലീസിന്റെ പാരമ്പര്യം ഇല്ലാതാക്കും. ന്യൂനപക്ഷവര്‍ഗീയത ആപല്‍ക്കരമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനമായി കേരളം മാറി. മുസ്ലിംലീഗുമായി മാത്രമല്ല, തീവ്രവാദസംഘടനയായ എന്‍ഡിഎഫുമായിപ്പോലും കോണ്‍ഗ്രസ് അവിശുദ്ധബന്ധം സ്ഥാപിച്ചതാണ് മതേതരത്വം നേരിടുന്ന പ്രധാന വെല്ലുവിളി.
ന്യൂനപക്ഷസംരക്ഷണം എന്ന മുദ്രാവാക്യം സിപിഐ എം മുന്നോട്ടുവയ്ക്കുന്നത് അവരെ പ്രീണിപ്പിക്കാനല്ല, മറിച്ച് മതനിരപേക്ഷത നിലനിര്‍ത്താനാണ്. മുസ്ലിം- ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ ചെറിയ വിഭാഗം സമ്പന്നവര്‍ഗമായി മാറി. ഈ വിഭാഗമാണ് അധികാരത്തില്‍ സ്വാധീനം ചെലുത്തി വിലപേശുന്നത്. ഇവരെ ചൂണ്ടിക്കാട്ടി ഹിന്ദുക്കള്‍ പാടേതകര്‍ന്നതായി ആര്‍എസ്എസ് പ്രചരിപ്പിക്കുന്നു. എന്നാല്‍, എല്ലാ മതവിഭാഗങ്ങളിലും ബഹുഭൂരിപക്ഷവും ദരിദ്രരാണ്. അവരെ ഭിന്നിപ്പിക്കാനാണ് വര്‍ഗീയതയും സാമുദായികതയും പ്രചരിപ്പിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് മതേതരത്വം സംരക്ഷിക്കാന്‍ എല്ലാ ജനവിഭാഗങ്ങളും ഒന്നിച്ചുനില്‍ക്കണമെന്ന് കോടിയേരി അഭ്യര്‍ഥിച്ചു.
deshabhimani 310312
മത- സാമുദായിക ശക്തികള്‍ക്ക് പൂര്‍ണമായും കീഴടങ്ങുന്ന യുഡിഎഫ് രാഷ്ട്രീയം കേരളത്തെ അപകടകരമായ അവസ്ഥയിലേക്കാണ് നയിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മന്ത്രിസഭയും സര്‍ക്കാര്‍ സംവിധാനങ്ങളും മത- സാമുദായിക ശക്തികളുടെ നിയന്ത്രണത്തില്‍ അമര്‍ന്നു. ഇതിനെതിരായ ചെറുത്തുനില്‍പ്പില്‍ കോണ്‍ഗ്രസിലെ മതേതരവാദികള്‍ ഇടതുപക്ഷവുമായി സഹകരിക്കണമെന്ന് കോടിയേരി പറഞ്ഞു. പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച വര്‍ഗീയവിരുദ്ധ സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു കോടിയേരി.
ReplyDelete