Saturday, March 31, 2012

മുഖ്യമന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ല


അനാഥയായ പിഞ്ചുകുഞ്ഞ് വെള്ളംനിറച്ച ബക്കറ്റില്‍ വീണ് മരിക്കാനിടയായ സംഭവം ശിശുക്ഷേമസമിതിയിലെ മൂന്ന് ആയമാരെ സസ്പെന്‍ഡ് ചെയ്തതുകൊണ്ടുമാത്രം മറവിയില്‍ കുഴിച്ചുമൂടാന്‍ കഴിയുന്ന കുറ്റമല്ല. ദൗര്‍ഭാഗ്യകരം എന്ന് വിശേഷിപ്പിച്ച് തേച്ചുമാച്ചു കളയാനും കഴിയില്ല. യാദൃച്ഛിക സംഭവമായി കണ്ട് അവഗണിച്ച് തള്ളേണ്ടതുമല്ല പ്രശ്നം. അനാഥശിശുവായതുകൊണ്ട് പരാതിപ്പെടാന്‍ ആളില്ലെന്ന് വന്നേക്കാം. അക്ഷരാര്‍ഥത്തില്‍ ഇത് പൈശാചികമായ ശിശുഹത്യയാണ്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം.
ശിശുക്ഷേമസമിതി നാഥനില്ലാക്കളരിയായി മാറ്റിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കാണ്. ശിശുക്ഷേമസമിതിയുടെ ഭരണം കാര്യക്ഷമമായി നടത്തിയിരുന്നത് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയാണ്. തികഞ്ഞ ശുഷ്കാന്തിയോടെയാണ് അതിന്റെ ഭരണം നടന്നത്. യുഡിഎഫ് സര്‍ക്കാര്‍ വന്നതോടെ എല്ലാം അത്യാര്‍ത്തിയോടെ വാരിപ്പിടിക്കാനും കൈയിലൊതുക്കാനും ഏത് വഴിവിട്ട രീതിയും അവലംബിക്കാമെന്നായി. സര്‍വകലാശാല സിന്‍ഡിക്കറ്റുകള്‍ ഓരോന്നും നിയമവിരുദ്ധമായി പിരിച്ചുവിട്ടു. സംസ്ഥാന സഹകരണ ബാങ്കിന്റെയും ജില്ലാ സഹകരണ ബാങ്കുകളുടെയും തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികള്‍ പിരിച്ചുവിട്ടു. സങ്കുചിത രാഷ്ട്രീയവീക്ഷണവും സ്വാര്‍ഥലാഭവും അഴിമതി നടത്താനുള്ള താല്‍പ്പര്യവുമൊക്കെ കൂടിച്ചേര്‍ന്നാണ് ഇത്തരം ജനാധിപത്യവിരുദ്ധ നടപടികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത്. ശിശുക്ഷേമസമിതി പിരിച്ചുവിട്ടതിനെതിരെ ഭരണസമിതിയുടെ ഉത്തരവാദപ്പെട്ട ആളുകള്‍ നീതിന്യായകോടതിയെ സമീപിച്ചു. അനുകൂലവിധിയുണ്ടാകുകയുംചെയ്തു. പിരിച്ചുവിടുന്നതിനുമുമ്പുണ്ടായിരുന്ന ഭാരവാഹികളെ ചുമതല തിരിച്ചേല്‍പ്പിക്കണമെന്ന് കോടതി വിധിച്ചിട്ടും വിധി നടപ്പാക്കാന്‍ മുഖ്യമന്ത്രിതന്നെ വിസമ്മതിച്ചു.

ഇപ്പോള്‍ സമിതിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ മൂക്കിനുതാഴെയാണ് മരണം സംഭവിച്ചത്. 56 ശിശുക്കളാണവിടെയുണ്ടായത്. കുട്ടികളെ നോക്കാന്‍ മുപ്പത്തഞ്ചോളം ആയമാരുണ്ടെന്നാണറിയുന്നത്. എന്നാല്‍ അവരുടെ ചുമതല നിശ്ചയിക്കാനോ, ജീവനക്കാരെ നിയന്ത്രിക്കാനോ ചുമതലയുള്ള ആരുമില്ല. ആവശ്യമായ ഫണ്ടനുവദിക്കാതെ സ്ഥാപനത്തെ വരിഞ്ഞുമുറുക്കുന്നു. ഒന്നരവയസ്സുകാരി അന്യയാണ് മരിച്ചത്. സംഭവം നടക്കുമ്പോള്‍ കെട്ടിടത്തിന്റെ നാലാംനിലയില്‍ കഴിഞ്ഞിരുന്ന കുഞ്ഞുങ്ങള്‍ക്ക് ഉച്ചഭക്ഷണം നല്‍കാന്‍ ജീവനക്കാരിമാറിയപ്പോഴാണ് കുട്ടി വെള്ളത്തില്‍ വീഴാനിടയായതെന്ന് റിപ്പോര്‍ട്ടുകളില്‍ കാണുന്നു. ജീവനക്കാരി തിരിച്ചുവരുമ്പോള്‍ കുട്ടി ബക്കറ്റില്‍ വീണുകിടക്കുന്നതാണ് കാണുന്നത്. ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ വാഹനം ഉണ്ടായില്ല. ശിശുക്ഷേമസമിതിയില്‍ വാഹനമുണ്ടെന്ന് പറയുന്നു. അതിനെന്ത് സംഭവിച്ചു എന്നറിയില്ല. ഇപ്പോഴും ചില കുഞ്ഞുങ്ങള്‍ക്ക് രോഗമുണ്ട്. സാധാരണ ഡോക്ടര്‍മാര്‍ വരാറുണ്ട്. ആ പതിവ് നിലച്ചു. ഭരണപരമായ വീഴ്ചകാരണമാണ് എല്ലാം കുത്തഴിഞ്ഞുകിടക്കുന്നത്. ഭാരിച്ച ഉത്തരവാദിത്തമുള്ള സംസ്ഥാനമുഖ്യമന്ത്രിക്ക് ഇതെല്ലാം ശ്രദ്ധിക്കാന്‍ കഴിയുമോ എന്ന് ശുദ്ധാത്മാക്കളായ ചിലരെങ്കിലും ചോദിച്ചേക്കാം. എങ്കില്‍ എന്തിനീ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തു? ഭരണസമിതി പിരിച്ചുവിട്ടതെന്തിനാണ്? അവിടെ ഭരണപരമായ വീഴ്ച സംഭവിച്ചില്ലല്ലോ.

സങ്കുചിത താല്‍പ്പര്യം മുന്‍നിര്‍ത്തി എല്ലാം കൈപ്പിടിയിലൊതുക്കാനും സ്വന്തം പാര്‍ടിക്കാര്‍ക്ക് പുതിയ ലാവണം കണ്ടെത്താനും അവരെ തൃപ്തിപ്പെടുത്താനും സംസ്ഥാനത്തിന്റെയും സമൂഹത്തിന്റെയും ഉത്തമ താല്‍പ്പര്യം ബലികഴിച്ച് പ്രവര്‍ത്തിച്ചാല്‍ ഭവിഷ്യത്തുകള്‍ പലതും സംഭവിക്കും. കുഞ്ഞിന്റെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് തലയൂരാന്‍ കഴിയുന്നതല്ല. ഇതുമായി ബന്ധപ്പെട്ട് ഒരു കാര്യംകൂടി ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. വെള്ളംനിറച്ച ബക്കറ്റില്‍ വീണും ജലാശയങ്ങളില്‍ വീണും പിഞ്ചുകുഞ്ഞുങ്ങള്‍ മരിക്കുന്നത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. വടകരയിലെ ഒരു പത്രലേഖകന്റെ കുഞ്ഞ് വെള്ളംനിറച്ച ബക്കറ്റില്‍വീണ് മരിക്കാനിടയായത് എല്ലാവരെയും ഞെട്ടിച്ചതാണ്. പിന്നീടെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ രക്ഷിതാക്കളും മറ്റുത്തരവാദപ്പെട്ടവരും ശ്രദ്ധാലുക്കളാകും എന്ന് കരുതിയിരുന്നു. എന്നാല്‍ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ശിശുക്ഷേമസമിതിയില്‍ ഒന്നരവയസായ കുഞ്ഞ് മരിക്കാനിടയായ സംഭവത്തെപ്പറ്റി നിഷ്പക്ഷവും ഫലപ്രദവുമായ അന്വേഷണം നടക്കണം. ഉത്തരവാദികള്‍ എത്ര വലിയവരായാലും ഏത് ഉന്നതസ്ഥാനത്ത് ഇരിക്കുന്നവരായാലും ശിക്ഷിക്കപ്പെടണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൂടാ.

deshabhimani editorial 310312

1 comment:

  1. അനാഥയായ പിഞ്ചുകുഞ്ഞ് വെള്ളംനിറച്ച ബക്കറ്റില്‍ വീണ് മരിക്കാനിടയായ സംഭവം ശിശുക്ഷേമസമിതിയിലെ മൂന്ന് ആയമാരെ സസ്പെന്‍ഡ് ചെയ്തതുകൊണ്ടുമാത്രം മറവിയില്‍ കുഴിച്ചുമൂടാന്‍ കഴിയുന്ന കുറ്റമല്ല. ദൗര്‍ഭാഗ്യകരം എന്ന് വിശേഷിപ്പിച്ച് തേച്ചുമാച്ചു കളയാനും കഴിയില്ല. യാദൃച്ഛിക സംഭവമായി കണ്ട് അവഗണിച്ച് തള്ളേണ്ടതുമല്ല പ്രശ്നം. അനാഥശിശുവായതുകൊണ്ട് പരാതിപ്പെടാന്‍ ആളില്ലെന്ന് വന്നേക്കാം. അക്ഷരാര്‍ഥത്തില്‍ ഇത് പൈശാചികമായ ശിശുഹത്യയാണ്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം.
    ശിശുക്ഷേമസമിതി നാഥനില്ലാക്കളരിയായി മാറ്റിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കാണ്.

    ReplyDelete