Saturday, March 31, 2012
നീതിതേടാനുറച്ച് ബന്ധുക്കള്‍
കണ്ണൂര്‍: ""അവനൊരിക്കലും ആത്മഹത്യചെയ്യില്ല. അത് കൊലപാതകമാണ്. ഉപരിപഠനംതേടിപ്പോകുന്ന മറ്റൊരു കുട്ടിക്കും അജ്മലിന്റെ ഗതിവരരുത്. അതിനാല്‍ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാന്‍ ഏതറ്റം വരെയും പോകും""- ബംഗളൂരൂ ചിക്കബല്ലാപ്പൂരിലെ ശാഷിബ് എന്‍ജിനിയറിങ് കോളേജില്‍ റാഗിങ്ങിനിടെ പൊള്ളലേറ്റ് മരിച്ച കാപ്പാടെ അജ്മലിന്റെ പിതാവ് ഹാരിസ് മകന്‍ നഷ്ടപ്പെട്ട വേദനക്കിടയിലും വിരല്‍ചൂണ്ടിയത് അന്യസംസ്ഥാനത്ത് പഠിക്കുന്നവരുടെ ദുരിതങ്ങള്‍ക്കുനേരെ. ഏകമകന്റെ ദുരന്തവാര്‍ത്തയറിഞ്ഞാണ് അബുദാബിയില്‍നിന്ന് ഹാരിസ് ബംഗളൂരുവിലെത്തിയത്. വ്യാഴാഴ്ച പകല്‍ വരെ പ്രതീക്ഷയിലായിരുന്നു. ഇടയ്ക്ക് എന്തൊക്കെയോ അജ്മല്‍ സംസാരിച്ചു. അപകടനില തരണംചെയ്തു ജീവിതം തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് നില വീണ്ടും വഷളായത്. ഹാരിസ് ആകെ തളര്‍ന്നു. ഉമ്മ സൗദയുടെ കാര്യം പറയാനുമില്ല. അജ്മലിന്റെ മരണം ആത്മഹത്യയാണെന്ന് വരുത്താനുള്ള നീക്കം ബംഗളൂരു കേന്ദ്രീകരിച്ചു നടക്കുന്നുവെന്ന വാര്‍ത്ത പ്രചരിച്ചതോടെ കാപ്പാട്, മബറൂഖ് ഹൗസിലെത്തിയ നാട്ടുകാരും കുടുംബാംഗങ്ങളും ക്ഷുഭിതരായി.
""അജ്മലിന്റെ കാര്യത്തില്‍ നടന്നത് റാഗിങ്ങല്ല. ജൂനിയര്‍ വിദ്യാര്‍ഥികളില്‍നിന്ന് പണം കൊള്ളയടിക്കാനുള്ള ഏതാനും പേരുടെ പ്രാകൃതമനോഭാവമാണ്. ക്യാമ്പസിലെ നിരവധി ഒന്നാംവര്‍ഷ കുട്ടികള്‍ ഇതനുഭവിക്കുകയാണ്. കോളേജധികൃതര്‍ക്കടക്കം അന്വേഷണത്തിന് താല്‍പര്യമില്ലെന്നാണ് മനസിലാക്കുന്നത്" -അജ്മലിന്റെ ഉമ്മയുടെ സഹോദരിയുടെ മകന്‍ പറഞ്ഞു. അജ്മല്‍ ആശുപത്രിയില്‍ കഴിയുമ്പോള്‍ സഹപാഠി മൊബൈല്‍ഫോണിലൂടെ സംഭവത്തെക്കുറിച്ചു വിവരിക്കുന്നത് ഫോണില്‍ റെക്കോഡ് ചെയ്തത് അദ്ദേഹം കേള്‍പ്പിച്ചു. ആരൊക്കെ ചേര്‍ന്നാണ് അജ്മലിനെ പീഡിപ്പിച്ചതെന്ന് അവന്‍ വിശദീകരിക്കുന്നുണ്ടായിരുന്നു. അജ്മല്‍ കുളിമുറിയില്‍ കയറിയപ്പോള്‍ പുറത്തുനിന്ന് തിന്നര്‍ ഒഴിച്ചു തീയിടുകയായിരുന്നുവെന്നാണ് അവന്റെ വിശദീകരണം.
ബംഗളൂരുവില്‍ പഠിക്കണമെന്നത് അജ്മലിന്റെ ആഗ്രഹമായിരുന്നു. ഏയ്റോനോട്ടിക്കല്‍ എന്‍ജിനിയറിങ് അവിടെ പഠിച്ചാല്‍ കൂടുതല്‍ സാധ്യതയുണ്ടന്ന് പറയുമായിരുന്നുവെന്ന് ഉപ്പയുടെ സഹോദരന്‍ അബ്ദുള്ള പറഞ്ഞു. നാലുലക്ഷംരൂപ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ കണ്ണൂര്‍ ശാഖയില്‍നിന്ന്് പഠനവായ്പയെടുത്താണ് കോളേജില്‍ ചേര്‍ന്നത്. ചേര്‍ന്നിട്ട് എട്ടു മാസമായിട്ടേയുള്ളൂ. സീനിയര്‍ വിദ്യാര്‍ഥികളുടെ പീഡനത്തെക്കുറിച്ച് അവധിക്ക് വന്നപ്പോള്‍ ഉമ്മയോടു സൂചിപ്പിച്ചിരുന്നു. പുതുവത്സരാഘോഷത്തിനുള്ള പണം കൊണ്ടുവരണമെന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടതനുസരിച്ച് ഉമ്മയുടെ നാലരപവന്‍ സ്വര്‍ണമാല അവരറിയാതെ എടുത്തുകൊണ്ടുപോയിക്കൊടുത്തു. ഫെബ്രുവരിയില്‍ ഒരു ബന്ധുവിന്റെ കല്യാണത്തിന് നാട്ടില്‍ വന്നപ്പോള്‍ മടങ്ങിപ്പോകാനുള്ള പ്രയാസം അജ്മല്‍ ചില സുഹൃത്തുക്കളെ അറിയിച്ചിരുന്നു. കോളേജ് മാറണമെന്നു പറഞ്ഞിരുന്നതായി ബന്ധുവായ ഫുവാദ് പറഞ്ഞു.
deshabhimani 310312
Subscribe to:
Post Comments (Atom)
No comments:
Post a Comment