Saturday, March 31, 2012

ഗുജറാത്തില്‍ മഹാദുരിതം


""നിങ്ങള്‍ കേട്ടതൊന്നും ഗുജറാത്തല്ല. വികസനത്തെക്കുറിച്ച് വായിച്ചതും അറിഞ്ഞതും എല്ലാം നിറംപിടിപ്പിച്ച കഥകള്‍. ഗാന്ധിജിയുടെ നാടിന്ന് കൊടുംനാശത്തിന്റെ പടിവാതില്‍ക്കലാണ്."" ദേശാഭിമാനിക്ക് അനുവദിച്ച അഭിമുഖത്തില്‍ പ്രശസ്ത നര്‍ത്തകിയും സാമൂഹ്യപ്രവര്‍ത്തകയുമായ മല്ലിക സാരാഭായ് "തിളങ്ങുന്" ഗുജറാത്തിന്റെ യഥാര്‍ഥ ചിത്രം വരച്ചുകാണിക്കുന്നു.

മുഖം മിനുക്കിയും സുഗന്ധദ്രവ്യങ്ങള്‍ പൂശിയും കെട്ടുകാഴ്ചയാക്കി നിര്‍ത്തിയ ഗുജറാത്തെന്ന ശരീരം ദുഷിച്ചുകഴിഞ്ഞു. ഒരു മഹാദുരന്തത്തിന്റെ വക്കത്തുനിന്നാണ് ഇത് പറയുന്നത്. പത്രങ്ങളും ചാനലുകളും പൊലിപ്പിക്കുന്നതല്ല നരേന്ദ്രമോഡിയുടെ ഗുജറാത്ത്. മിനുമിനുത്ത ഹൈവേ കണ്ട് നാട് ജര്‍മനിയും പാരീസുമൊക്കെയായെന്ന് തെറ്റിദ്ധരിക്കരുത്. അവിടത്തെ ഗ്രാമങ്ങളില്‍ പട്ടിണിയും അരക്ഷിതാവസ്ഥയുമാണ്. പുല്ലുതിന്ന് ജീവിക്കുന്ന കുട്ടികളുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? ആത്മഹത്യകള്‍ പെരുകി. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചു. റോഡുകളും ഗതാഗതമേഖലയും വിദ്യാഭ്യാസരംഗവും എല്ലാം സ്വകാര്യവല്‍ക്കരിച്ചു. പണമുള്ളവര്‍ കൂടുതല്‍ പണക്കാരായി. ദരിദ്രന്‍ കൂടുതല്‍ ദരിദ്രനും. വ്യവസായികളുടെ പറുദീസയെന്ന് കൊട്ടിഘോഷിക്കുന്ന നാട്ടില്‍ ഇരുമ്പ് തിന്ന് ജനങ്ങള്‍ക്ക് ജീവിക്കാനാകുമോ?

എവിടെയാണ് ഗുജറാത്ത് തിളങ്ങുന്നത്, എവിടെയാണ് മോഡി തിളങ്ങുന്നത്. മോഡി ഏകാധിപതിയായി മാറി. ദുര്‍ഭരണവും അഴിമതിയും ഗുജറാത്തിനെ വിഴുങ്ങി. പൊലീസും ഭരണവ്യവസ്ഥയും നിയമവുമെല്ലാം മോഡിയാണ്. എംഎല്‍എമാരും മന്ത്രിമാരുമടക്കം മോഡിയുടെ ആജ്ഞാനുവര്‍ത്തികള്‍മാത്രം. നിയമസഭപോലും മോഡിയുടെ കൈയിലാണ്. ഐഎഎസ് ഉദ്യോഗസ്ഥര്‍ അടിമപ്പണിചെയ്യുന്നു. മോഡി അറിയാതെ ഗുജറാത്തില്‍ ഒന്നും നടക്കില്ല. എതിരഭിപ്രായം പറയുന്നവരെ ഗുജറാത്തുവിരോധിയെന്ന് മുദ്രകുത്തും. വികസനവിരോധിയെന്നും രാജ്യദ്രോഹിയെന്നും ആക്ഷേപിച്ച് നശിപ്പിക്കും, വേണ്ടിവന്നാല്‍ തലയും വെട്ടും. എതിര്‍ത്ത് പറയാന്‍ പ്രതിപക്ഷമായ കോണ്‍ഗ്രസിന് ത്രാണിയില്ല. പടലപിണക്കവും ഗ്രൂപ്പുപോരും കോണ്‍ഗ്രസിന്റെ നട്ടെല്ല് തകര്‍ത്തു. മോഡി നടത്തിയ വംശഹത്യയുടെ നടുക്കം ഇന്നും ഗുജറാത്തിനെ വിട്ടൊഴിഞ്ഞിട്ടില്ല. 2002ലെ കൂട്ടക്കൊല ആരും മറന്നിട്ടില്ല, ഒരിക്കലും മറക്കാനുമാകില്ല. ഇരകളാക്കപ്പെട്ടവരുടെ കണ്ണീര്‍ ഇനിയും മാഞ്ഞിട്ടില്ല. അവര്‍ക്കൊപ്പം നിന്ന് മോഡിക്കെതിരായ പോരാട്ടം തുടരുകതന്നെചെയ്യും.

ഗുജറാത്ത് സര്‍ക്കാരിന്റെ വെബ്സൈറ്റില്‍ പറയുന്നതെല്ലാം പച്ചക്കള്ളമാണ്. ഇപ്പോള്‍ ചില ഗുജറാത്തി പത്രങ്ങള്‍ മോഡിയെ ചോദ്യംചെയ്തുതുടങ്ങി. ചില ഇംഗ്ലീഷ് പത്രങ്ങള്‍ക്കും അനക്കമുണ്ട്. പക്ഷേ, ദേശീയ മാധ്യമങ്ങളും ചാനലുകളും പരസ്യത്തിന്റെ കനത്തില്‍ മഞ്ഞളിച്ചുനില്‍ക്കുകയാണ്. മാധ്യമങ്ങള്‍ക്ക് അവിടെ ഒരുപാട് ചെയ്യാനാകും. സാമൂഹ്യമാറ്റത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കലയ്ക്ക് പ്രധാന പങ്കുവഹിക്കാന്‍ സാധിക്കും. പാട്ടും നൃത്തവും സംഗീതവുമെല്ലാം പ്രതിരോധത്തിനുള്ള നല്ല ആയുധങ്ങളാണ്. ഒരു സന്ദേശം ജനങ്ങളിലെത്തിക്കാനും ഏറ്റവും ഫലപ്രദം കലാരൂപങ്ങളാണ്. മോഡിക്കെതിരായ പോരാട്ടത്തില്‍ അതെല്ലാം ശക്തമായി ഉപയോഗിക്കുന്നതായി, പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായിയുടെ അതിപ്രശസ്തയായ മകള്‍ പറഞ്ഞു. ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെയും പെണ്‍കുട്ടികളോട് ഉണരാന്‍ സമയമായെന്നാണ് മല്ലികയ്ക്ക് പറയാനുള്ളത്. ജീവിതത്തില്‍ പോരാടുന്ന സ്ത്രീകള്‍ക്ക് കേരളത്തിലെങ്കിലും സമൂഹത്തിന്റെ പിന്തുണ കിട്ടുന്നുണ്ടോ- മല്ലിക ചോദിക്കുന്നു.
(ആര്‍ രഞ്ജിത്)

deshabhimani 310312

1 comment:

  1. ""നിങ്ങള്‍ കേട്ടതൊന്നും ഗുജറാത്തല്ല. വികസനത്തെക്കുറിച്ച് വായിച്ചതും അറിഞ്ഞതും എല്ലാം നിറംപിടിപ്പിച്ച കഥകള്‍. ഗാന്ധിജിയുടെ നാടിന്ന് കൊടുംനാശത്തിന്റെ പടിവാതില്‍ക്കലാണ്."" ദേശാഭിമാനിക്ക് അനുവദിച്ച അഭിമുഖത്തില്‍ പ്രശസ്ത നര്‍ത്തകിയും സാമൂഹ്യപ്രവര്‍ത്തകയുമായ മല്ലിക സാരാഭായ് "തിളങ്ങുന്" ഗുജറാത്തിന്റെ യഥാര്‍ഥ ചിത്രം വരച്ചുകാണിക്കുന്നു.

    ReplyDelete