Saturday, March 31, 2012

മോഡിയെ മാതൃകയാക്കി മമത


ഗുജറാത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരെ നരേന്ദ്രമോഡി ഭരണം നടത്തിയ ക്രൂരതകള്‍ പശ്ചിമബംഗാളില്‍ മമതാബാനര്‍ജിയുടെ തൃണമൂല്‍ സര്‍ക്കാര്‍ കമ്യൂണിസ്റ്റുകാരെ വേട്ടയാടാന്‍ മാതൃകയാക്കുകയാണെന്ന് ഗുജറാത്ത് മുന്‍ ഡിജിപിയും മലയാളിയുമായ ആര്‍ ബി ശ്രീകുമാര്‍ പറഞ്ഞു. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന് അനുബന്ധമായി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം ദേശാഭിമാനിക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.

ഗുജറാത്തില്‍ വര്‍ഗീയ ഫാസിസമാണെങ്കില്‍ ബംഗാളില്‍ ഭരണകൂട ഭീകരതയാണ്. ഹിന്ദുവര്‍ഗീയത ആളിക്കത്തിച്ച് മുസ്ലിംകൂട്ടക്കുരുതികള്‍ക്ക് നേതൃത്വം നല്‍കിയ മോഡി പത്രങ്ങളെയും ഭീഷണിപ്പെടുത്തി. ഇതോടെ പ്രാദേശിക പത്രങ്ങള്‍ വരുതിയിലായി. വശംവദരാകാത്ത ദേശീയ പത്രങ്ങള്‍ക്കെതിരെ കടുത്ത നിലപാടെടുത്തു. ഇതു തന്നെയാണ് ബംഗാളില്‍ ഇപ്പോള്‍ മമതആരംഭിച്ചത്. കമ്യൂണിസ്റ്റുകാരെ കൊലപ്പെടുത്തുന്നത് വാര്‍ത്തയാക്കുമ്പോള്‍ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നു. ഗ്രന്ഥാലയങ്ങള്‍ക്ക് പത്രങ്ങള്‍ നല്‍കുന്നത് നിരോധിച്ചു. ഭരണയന്ത്രം ഉപയോഗിച്ച് നടത്തുന്ന കൂട്ടക്കുരുതികള്‍ പുറംലോകം അറിയാതിരിക്കാനുള്ള ശ്രമത്തിന്റെ ആദ്യപടിയാണിത്. വര്‍ഗീയത വളര്‍ത്തിയ വിഷപുരുഷനാണ് മോഡിയെങ്കില്‍ കമ്യൂണിസ്റ്റ്വിരുദ്ധ വിഷം നല്‍കി ഇടതുപക്ഷവിരുദ്ധര്‍ വളര്‍ത്തിയ വിഷകന്യകയാണ് മമത. മമതയ്ക്ക് ബംഗാളിന്റെ മണ്ണില്‍ അധികകാലം വിഷംചീറ്റാന്‍ കഴിയില്ല. അവിടെ ഇടതുപക്ഷം പരിപാലിച്ച സമ്പന്നമായ സാംസ്കാരിക അന്തരീക്ഷമുണ്ട്.

അഴിമതി വര്‍ഗീയതയ്ക്ക് സഹായകമാകുമെന്നാണ് ഗുജറാത്ത് പാഠം. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ മോഡി ഭരണത്തിന്റെ കുഴലൂത്തുകാരായി. അവരെ എന്തു വൃത്തികെട്ട മാര്‍ഗങ്ങള്‍ക്കും മോഡിക്ക് ഉപയോഗിക്കാനായി. അതിെന്‍റ ഭാഗമായാണ് വര്‍ഗീയത ആളിക്കത്തിക്കുന്ന മോഡി സര്‍ക്കാരിന്റെ ദുഷ്ചെയ്തികളോട് ഉദ്യോഗസ്ഥര്‍ മൗനംപാലിച്ചത്. അഴിമതിയോടുള്ള കോണ്‍ഗ്രസിന്റെ സമീപനവും വലിയ പ്രത്യാഘാതങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കും. സഹസ്രകോടികളുടെ അഴിമതികേട്ട് അത്ഭുതപ്പെടുന്ന ജനങ്ങളെ മതങ്ങളും ഒറ്റയാള്‍ പ്രസ്ഥാനങ്ങളും ചൊല്‍പ്പടിയിലാക്കും. ആഗോളവല്‍ക്കരണ നയങ്ങളും മതഭീകരത വളര്‍ത്തി ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെ അവഗണിക്കാന്‍ ശ്രമിക്കുന്നു. സവര്‍ണ ദൈവങ്ങളുടെ മഹത്കഥകള്‍ ടെലിസീരിയലുകളാക്കി വര്‍ഗീയതയെ കുത്തകകള്‍ പ്രോത്സാഹിപ്പിക്കുന്നത് അതുകൊണ്ടാണ്. ആര്‍എസ്എസ് പ്രചാരകന്‍ മുഖ്യമന്ത്രിയായാല്‍ എങ്ങനെയായിരിക്കുമെന്ന് ഗുജറാത്ത് നമുക്ക് കാണിച്ചുതന്നു.

രാജ്യത്ത് ഹിന്ദുത്വവര്‍ഗീയതയുടെ നിശബ്ദ വേരോട്ടം നടക്കുന്നുണ്ട്. സമ്പത്ത് സ്വരൂപിച്ച് ന്യൂനപക്ഷവര്‍ഗീയതയും വളരുന്നു. നമ്മുടെ സാംസ്കാരിക പൈതൃകങ്ങളും ചിഹ്നങ്ങളും മതങ്ങള്‍ക്ക് വിട്ടുകൊടുത്ത് നിശബ്ദരായിരിക്കരുത്. അവയെ മതേതരമായി നിലനിര്‍ത്താന്‍ കഴിയണം. രാജ്യത്തിന്റെ ഈ മഹത്തായ പാരമ്പര്യം സംരക്ഷിക്കാന്‍ മതേതര പാര്‍ടികളുടെ യോജിപ്പ് അനിവാര്യമാണ്. അതിന് സിപിഐ എം മുന്‍കൈയെടുക്കണം. ആ കൂട്ടായ്മയില്‍ വര്‍ഗീയവാദികളല്ലാത്ത വിശ്വാസികളെയും അണിനിരത്താന്‍ കഴിയണം- ആര്‍ ബി ശ്രീകുമാര്‍ പറഞ്ഞു. 2002ലെ ഗുജറാത്ത് കൂട്ടക്കൊലയ്ക്കു പിന്നിലെ മോഡിയുടെ പങ്കിനെക്കുറിച്ച് ആദ്യം വെളിപ്പെടുത്തുകയും കുറ്റവാളികളെയെല്ലാം നിയമത്തിനു മുന്നിലെത്തിച്ച് പരമാവധി ശിക്ഷ വാങ്ങി നല്‍കാന്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയുമാണ് ശ്രീകുമാര്‍.
(എം വി പ്രദീപ്)

deshabhimani 310312

2 comments:

  1. ഗുജറാത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരെ നരേന്ദ്രമോഡി ഭരണം നടത്തിയ ക്രൂരതകള്‍ പശ്ചിമബംഗാളില്‍ മമതാബാനര്‍ജിയുടെ തൃണമൂല്‍ സര്‍ക്കാര്‍ കമ്യൂണിസ്റ്റുകാരെ വേട്ടയാടാന്‍ മാതൃകയാക്കുകയാണെന്ന് ഗുജറാത്ത് മുന്‍ ഡിജിപിയും മലയാളിയുമായ ആര്‍ ബി ശ്രീകുമാര്‍ പറഞ്ഞു. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന് അനുബന്ധമായി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം ദേശാഭിമാനിക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.

    ReplyDelete
  2. ശ്രീ ആര്‍ ബി ശ്രീകുമാറിന്റെ സത്യസന്ധമായ നിരീക്ഷണങ്ങളും ധീരമായ നിലപാടുകളും ഈ കറുത്ത കാലഘട്ടത്തിലെ വെളിച്ചമായി പരിണമിക്കട്ടെ.

    ReplyDelete