Saturday, March 31, 2012

ടട്ര ട്രക്ക് ഇടപാട്: അന്വേഷണം രാജീവ്ഗാന്ധി വരെ നീളും


ടട്ര ട്രക്ക് ഇടപാടിനു പിന്നില്‍ വന്‍അഴിമതിയുണ്ടെന്ന ആരോപണത്തെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ടായിട്ടും പ്രതിരോധമന്ത്രി എ കെ ആന്റണി എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന ചോദ്യം ദുരൂഹമായി തുടരുന്നു. ഒന്നരവര്‍ഷം മുമ്പ് കരസേനാ മേധാവി നേരിട്ടുപറഞ്ഞതിനു പുറമെ 2011 ജൂലൈയില്‍ ഇതുസംബന്ധിച്ച് പത്രവാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇംഗ്ലീഷ് ദിനപത്രങ്ങളും "ദേശാഭിമാനി" ഉള്‍പ്പെടെ മറ്റു ചില ഭാഷാപത്രങ്ങളും വാര്‍ത്ത വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടട്ര ട്രക്ക് ഇടപാടിനെ കുറിച്ച് അന്വേഷിച്ചാല്‍ മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി വീണ്ടുമൊരു അഴിമതി ഇടപാടില്‍ കുടുങ്ങുമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭയമാണ് അന്വേഷണത്തിന് തടസ്സമായതെന്നാണ് സൂചന. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിക്കാതെ ആന്റണി സിബിഐ അന്വേഷണം പ്രഖ്യാപിച്ചതില്‍ പല നേതാക്കളും അസ്വസ്ഥരാണ്. കോണ്‍ഗ്രസിന്റെ ഒന്നാം കുടുംബത്തെയാണ് ആന്റണി പ്രതിസന്ധിയിലാക്കിയതെന്ന് പാര്‍ടി നേതാക്കള്‍ ആരോപിക്കുന്നു.

1986ല്‍ രാജീവ്ഗാന്ധി പ്രതിരോധവകുപ്പ് കൈയാളിയ സമയത്താണ് വിവാദ ടട്ര ട്രക്ക് ഇടപാടില്‍ ഒപ്പുവച്ചത്. സിബിഐയുടെ അന്വേഷണം നേരായ ദിശയില്‍ നീങ്ങിയാല്‍ രാജീവ്ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ പ്രതിസ്ഥാനത്തേക്ക് വരും. എന്നാല്‍, രാജീവിന്റെ പേര് ഉയര്‍ന്നുവരാതിരിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം ആരംഭിച്ചിട്ടുണ്ട്. 1987 മുതല്‍ 2010 വരെയാണ് പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്‍ വഴി കരസേനയ്ക്ക് ടട്ര ട്രക്കുകള്‍ ഇറക്കുമതി ചെയ്തത്. ഇതുവരെ ഏഴായിരത്തോളം ട്രക്കാണ് ഇറക്കുമതി ചെയ്തത്. ഏതാണ്ട് 5,000 കോടി രൂപ സര്‍ക്കാര്‍ ഇതിനായി ചെലവഴിച്ചിട്ടുണ്ട്. ഇതില്‍ 750 കോടിയോളം കോഴപ്പണമായി ഉന്നതര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ട്രക്ക് ഇറക്കുമതി കരാറിനൊപ്പം സാങ്കേതികവിദ്യ കൈമാറാമെന്ന കരാറുമുണ്ടായിരുന്നെങ്കിലും ഇതുവരെ പാലിച്ചിട്ടില്ല. ബിഇഎംഎല്‍ ഇക്കാര്യത്തില്‍ താല്‍പ്പര്യവും എടുത്തിട്ടില്ല.

ചെക്ക് കമ്പനിയായ ടട്രയില്‍ നിന്നാണ് തുടക്കത്തില്‍ ട്രക്കുകള്‍ ഇറക്കുമതി ചെയ്തിരുന്നതെങ്കിലും 1997ല്‍ കമ്പനി മാറി. ബ്രിട്ടന്‍ കേന്ദ്രമായ ടട്ര- സൈപോക്സ് എന്ന കമ്പനിയാണ് തുടര്‍ന്നുള്ള ഇറക്കുമതി നടത്തിയത്. ടട്ര കമ്പനിയിലെ പ്രധാന ഓഹരി ഉടമയായി അവരുടെ മാര്‍ക്കറ്റിങ് വിഭാഗമായ സൈപോക്സ് മാറിയെന്നും അതുകൊണ്ട് ഈ കമ്പനി മുഖാന്തരമാണ് തുടര്‍ന്നുള്ള ഇറക്കുമതിയെന്നുമാണ് ബിഇഎംഎല്‍ ഉദ്യോഗസ്ഥരുടെ വിശദീകരണം. സൈപോക്സ് കമ്പനി ടട്രയുടെ മാര്‍ക്കറ്റിങ് വിഭാഗമല്ലെന്ന് ആക്ഷേപമുണ്ട്. ടട്രയില്‍ നിന്ന് ട്രക്ക് ഭാഗങ്ങള്‍ വാങ്ങി ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന ഇടനിലക്കാര്‍ മാത്രമാണ് സൈപോക്സ്. ഇടനിലക്കാര്‍ വഴി ഇറക്കുമതി നടത്തുന്നതിന്റെ പേരില്‍ ചെക്ക് റിപ്പബ്ലിക്കില്‍ ടട്രയ്ക്കെതിരെയും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. 2010 വരെ റോക്കറ്റുകള്‍ ഉള്‍പ്പെടെ ഭാരമേറിയ ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും നീക്കത്തിന് പൂര്‍ണമായും ടട്രയെയാണ് കരസേന ആശ്രയിച്ചിരുന്നത്. എന്നാല്‍, 2010ല്‍ വാങ്ങേണ്ട ട്രക്കുകളുടെ മാനദണ്ഡങ്ങളുടെ കാര്യത്തില്‍ മാറ്റങ്ങള്‍ വന്നു. ഇതോടെ മറ്റു കമ്പനികള്‍ക്കും ടെന്‍ഡര്‍ പ്രക്രിയയില്‍ പങ്കെടുക്കാമെന്നായി. ഈ ഘട്ടത്തിലാണ് തുടര്‍ന്നും ടട്രയെ ആശ്രയിക്കണമെന്ന ആവശ്യവുമായി കരസേനാ മേധാവിക്ക് മുന്നില്‍ കോഴ വാഗ്ദാനമെത്തിയത്.

deshabhimani 310312

1 comment:

  1. ടട്ര ട്രക്ക് ഇടപാടിനു പിന്നില്‍ വന്‍അഴിമതിയുണ്ടെന്ന ആരോപണത്തെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ടായിട്ടും പ്രതിരോധമന്ത്രി എ കെ ആന്റണി എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന ചോദ്യം ദുരൂഹമായി തുടരുന്നു. ഒന്നരവര്‍ഷം മുമ്പ് കരസേനാ മേധാവി നേരിട്ടുപറഞ്ഞതിനു പുറമെ 2011 ജൂലൈയില്‍ ഇതുസംബന്ധിച്ച് പത്രവാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇംഗ്ലീഷ് ദിനപത്രങ്ങളും "ദേശാഭിമാനി" ഉള്‍പ്പെടെ മറ്റു ചില ഭാഷാപത്രങ്ങളും വാര്‍ത്ത വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടട്ര ട്രക്ക് ഇടപാടിനെ കുറിച്ച് അന്വേഷിച്ചാല്‍ മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി വീണ്ടുമൊരു അഴിമതി ഇടപാടില്‍ കുടുങ്ങുമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭയമാണ് അന്വേഷണത്തിന് തടസ്സമായതെന്നാണ് സൂചന. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിക്കാതെ ആന്റണി സിബിഐ അന്വേഷണം പ്രഖ്യാപിച്ചതില്‍ പല നേതാക്കളും അസ്വസ്ഥരാണ്. കോണ്‍ഗ്രസിന്റെ ഒന്നാം കുടുംബത്തെയാണ് ആന്റണി പ്രതിസന്ധിയിലാക്കിയതെന്ന് പാര്‍ടി നേതാക്കള്‍ ആരോപിക്കുന്നു.

    ReplyDelete