Tuesday, March 27, 2012

ഭൂമി നഷ്ടപ്പെടുന്ന കര്‍ഷകരുടെ എണ്ണം കൂടുന്നു: എസ് ആര്‍ പി


ന്യൂഡല്‍ഹി: കാര്‍ഷികപ്രതിസന്ധി മൂലം രാജ്യത്ത് ഭൂമിയില്ലാത്ത കര്‍ഷകരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. കാര്‍ഷികപ്രതിസന്ധിയും കര്‍ഷക ആത്മഹത്യയും രൂക്ഷമായ വയനാട്ടിലെ കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും സംയുക്ത സമരസമിതി നടത്തിയ പാര്‍ലമെന്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പത്ത് വര്‍ഷത്തിനിടെ ഭൂമി നഷ്ടപ്പെട്ടവരുടെ എണ്ണം 15 ശതമാനത്തോളം വര്‍ധിച്ചതായി എസ് ആര്‍ പി പറഞ്ഞു. കൃഷിഭൂമി കൊള്ളപ്പലിശക്കാര്‍ തട്ടിയെടുക്കുകയാണ്. കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും വായ്പ നല്‍കാന്‍ ബാങ്കുകള്‍ തയ്യാറല്ലാത്തതാണ് ഇതിന് കാരണം. രാജ്യത്തെ പകുതിയോളം കര്‍ഷകരും കടക്കെണിയിലാണ്. ഉല്‍പ്പാദനച്ചെലവ് കൂടിക്കൊണ്ടിരിക്കുമ്പോഴും കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുന്നില്ല. യുഡിഎഫ് ഭരണത്തിലെത്തിയതോടെ കേരളത്തില്‍ കര്‍ഷക ആത്മഹത്യ തുടങ്ങി. 48 കര്‍ഷകര്‍ ഇതിനകം ആത്മഹത്യ ചെയ്തു. രാജ്യമാകെ കര്‍ഷക- കര്‍ഷകത്തൊഴിലാളി സംഘടനകളുടെ ഐക്യം ശക്തിപ്പെട്ടുവരികയാണ്. എല്ലാ ഭിന്നതകളും മാറ്റിവച്ച് സ്വതന്ത്രഇന്ത്യയില്‍ ആദ്യമായി തൊഴിലാളിസംഘടനകള്‍ ഒറ്റക്കെട്ടായി പണിമുടക്ക് നടത്തി. ഇതിന് സമാനമായി കര്‍ഷക സംഘടനകളും അഖിലേന്ത്യാ തലത്തില്‍ യോജിച്ച പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് എസ് ആര്‍ പി പറഞ്ഞു. വയനാട്ടില്‍നിന്ന് നൂറുകണക്കിന് കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും മാര്‍ച്ചില്‍ പങ്കെടുത്തു.

എംപിമാരായ പി കരുണാകരന്‍, ഡോ. ടി എന്‍ സീമ, പി കെ ബിജു, എം പി അച്യുതന്‍, കര്‍ഷക- കര്‍ഷകത്തൊഴിലാളി സംയുക്തസമരസമിതി സെക്രട്ടറി എം വേലായുധന്‍, പി വിശ്വംഭരന്‍, പി കൃഷ്ണപ്രസാദ്, സത്യന്‍ മൊകേരി, നാഷണല്‍ കിസാന്‍ ലീഗ് നേതാവ് രാംസിങ് യാദവ്, കര്‍ഷകമോര്‍ച്ച അഖിലേന്ത്യ സെക്രട്ടറി നരേഷ് ഫിറോഖി, കിസാന്‍ സഭ അഖിലേന്ത്യ വൈസ്പ്രസിഡന്റ് എം സി ശുക്ല എന്നിവരും സംസാരിച്ചു

deshabhimani 270312

1 comment:

  1. കാര്‍ഷികപ്രതിസന്ധി മൂലം രാജ്യത്ത് ഭൂമിയില്ലാത്ത കര്‍ഷകരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. കാര്‍ഷികപ്രതിസന്ധിയും കര്‍ഷക ആത്മഹത്യയും രൂക്ഷമായ വയനാട്ടിലെ കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും സംയുക്ത സമരസമിതി നടത്തിയ പാര്‍ലമെന്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete