Tuesday, March 27, 2012

അഭയയുടെ കൊലപാതകത്തിന് 20


സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ചൊവ്വാഴ്ച 20 വര്‍ഷം തികയുന്നു. ലോക്കല്‍ പൊലീസ് മുതല്‍ സിബിഐ വരെ അന്വേഷിച്ച കേസില്‍ 16 വര്‍ഷങ്ങള്‍ക്കുശേഷമാണ് പേരിനെങ്കിലും പ്രതികളെ പിടികൂടാനായത്. 1992 മാര്‍ച്ച് 27ന് പുലര്‍ച്ചെയാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിന്റെ അടുക്കളഭാഗത്തെ കിണറ്റില്‍ അഭയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രതികളായ ഫാ. തോമസ് എം കോട്ടൂര്‍, ഫാ. ജോസ് പൂത്തൃക്ക, സിസ്റ്റര്‍ സെഫി എന്നിവരെ സിബിഐ 2007ല്‍ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സിബിഐ സ്പെഷ്യല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും രണ്ടരവര്‍ഷമായിട്ടും സാക്ഷിവിസ്താരം ആരംഭിച്ചിട്ടില്ല. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയോഗിച്ചിട്ടുമില്ല.

അഭയകേസ് 17 ദിവസം ലോക്കല്‍ പൊലീസ് അന്വേഷിച്ചു. ആത്മഹത്യയെന്നായിരുന്നു വിലയിരുത്തല്‍. അതിനിടെ, പ്രത്യേക അന്വേഷണ ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ നേതൃത്വത്തില്‍ അഭയ ആക്ഷന്‍ കൗണ്‍സില്‍ പരാതി നല്‍കി. കേസ് ക്രൈംബ്രാഞ്ചിലെത്തി. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസ് 1992 മാര്‍ച്ച് 29ന് സിബിഐ ഏറ്റെടുത്തു. അന്വേഷണസംഘത്തെ നയിച്ച സിബിഐ ഡിവൈഎസ്പി വര്‍ഗീസ് പി തോമസാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. അഭയയുടെ കൊലപാതകം ആത്മഹത്യയാക്കണമെന്ന ഉന്നതങ്ങളില്‍നിന്നുള്ള സമ്മര്‍ദം താങ്ങാനാകാതെ 1993ല്‍ അദ്ദേഹം രാജിവച്ചു. അന്വേഷണം ഏറ്റെടുത്ത സിബിഐയുടെ തലപ്പത്ത് മാറിവന്നത് പത്ത് ഡയറക്ടര്‍മാരാണ്. മാറിമാറി അഞ്ച് സംഘങ്ങള്‍ അന്വേഷിച്ചിട്ടാണ് പ്രതികള്‍ പിടിയിലായത്.

ഹൈക്കോടതിയുടെ പ്രത്യേക നിര്‍ദേശപ്രകാരം 2007ല്‍ സിബിഐ കൊച്ചി യൂണിറ്റ് ഡിവൈഎസ്പി നന്ദകുമാരന്‍നായരുടെ നേതൃത്വത്തിലുള്ള അഞ്ചാമത്തെ അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇതിനിടയില്‍ മൃതദേഹം ആദ്യം ഇന്‍ക്വസ്റ്റ് നടത്തിയ എഐസ്ഐ വി വി അഗസ്റ്റിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെതും വിവാദമായി. കുറ്റപത്രം 2009 ജൂലൈ 17ന് സമര്‍പ്പിച്ചു. അഭയയുടെ ആന്തരാവയവങ്ങളുടെ രാസഫലം രേഖപ്പെടുത്തിയ വര്‍ക്ക്ബുക്ക് തിരുത്തിയ സംഭവം സിബിഐ കണ്ടെത്തിയിരുന്നു. ജോമോന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് തിരുവനന്തപുരം സിജെഎം കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. വര്‍ക്ക്ബുക്ക് തിരുത്തിയ കേസില്‍ തിരുവനന്തപുരത്തെ ചീഫ് കെമിക്കല്‍ എക്സാമിനേഷന്‍ ലാബിലെ മേധാവികളായ ഡോ. ആര്‍ ഗീതയും ഡോ. എം ചിത്രയും കുറ്റക്കാരാണെന്ന് കണ്ടെത്തി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ വിചാരണ നടക്കുകയാണ്.

deshabhimani 270312

1 comment:

  1. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ചൊവ്വാഴ്ച 20 വര്‍ഷം തികയുന്നു. ലോക്കല്‍ പൊലീസ് മുതല്‍ സിബിഐ വരെ അന്വേഷിച്ച കേസില്‍ 16 വര്‍ഷങ്ങള്‍ക്കുശേഷമാണ് പേരിനെങ്കിലും പ്രതികളെ പിടികൂടാനായത്. 1992 മാര്‍ച്ച് 27ന് പുലര്‍ച്ചെയാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിന്റെ അടുക്കളഭാഗത്തെ കിണറ്റില്‍ അഭയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രതികളായ ഫാ. തോമസ് എം കോട്ടൂര്‍, ഫാ. ജോസ് പൂത്തൃക്ക, സിസ്റ്റര്‍ സെഫി എന്നിവരെ സിബിഐ 2007ല്‍ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സിബിഐ സ്പെഷ്യല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും രണ്ടരവര്‍ഷമായിട്ടും സാക്ഷിവിസ്താരം ആരംഭിച്ചിട്ടില്ല. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയോഗിച്ചിട്ടുമില്ല.

    ReplyDelete