Saturday, March 31, 2012

ലക്ഷ്യം ഇടത്- ജനാധിപത്യ ബദല്‍


ജനങ്ങള്‍ക്ക് ദുരിതംമാത്രം സമ്മാനിക്കുന്ന നവ ഉദാരവല്‍ക്കരണ നയങ്ങളുമായി മുന്നോട്ടുപോകുന്ന കോണ്‍ഗ്രസിനെയും വര്‍ഗീയ അജന്‍ഡയുമായി നീങ്ങുന്ന ബിജെപിയെയും തോല്‍പ്പിക്കാന്‍ ഇടതുപക്ഷ- ജനാധിപത്യ ശക്തികളുടെ ബദല്‍ എന്ന നയം സിപിഐ എം കരട് രാഷ്ട്രീയപ്രമേയം മുന്നോട്ടുവയ്ക്കുന്നു. ഇങ്ങനെയൊരു ബദല്‍ കെട്ടിപ്പടുക്കുന്നത് എളുപ്പമല്ലെന്ന് പാര്‍ടി കാണുന്നു. സമരങ്ങളിലൂടെയും ജനകീയപ്രസ്ഥാനങ്ങളിലൂടെയും ബദല്‍ ഉയര്‍ന്നുവരണം. ഇടതുപക്ഷ- ജനാധിപത്യ ശക്തികളുടെ രാഷ്ട്രീയ സഖ്യവും അതിനാവശ്യമാണ്. ജനാധിപത്യം, ദേശീയ പരമാധികാരം, മതനിരപേക്ഷത, ഫെഡറലിസം, ജനങ്ങളുടെ ജീവിതാവകാശങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിന് കോണ്‍ഗ്രസ്സിതര മതനിരപേക്ഷ പാര്‍ടികള്‍ക്ക് പങ്ക് വഹിക്കാന്‍ കഴിയുമെന്നാണ് പാര്‍ടിയുടെ കാഴ്ചപ്പാട്. ഇത്തരം പാര്‍ടികളുമായി യോജിച്ചുള്ള സമരങ്ങള്‍ക്ക് സിപിഐ എം തയാറാകും. പാര്‍ലമെന്റിലും സഹകരണമുണ്ടാകും. ആവശ്യമെങ്കില്‍ കോണ്‍ഗ്രസ്സിതര മതനിരപേക്ഷ പാര്‍ടികളുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കും. അതോടൊപ്പം പാര്‍ടിയുടെ സ്വതന്ത്ര രാഷ്ട്രീയ ശക്തി വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ പ്രാധാന്യം നല്‍കും.

രാഷ്ട്രീയ-സാമ്പത്തിക പ്രശ്നങ്ങളെ ആസ്പദമാക്കി ജനങ്ങളെ അണിനിരത്തുന്നതിന് സ്വന്തം നിലയില്‍ പാര്‍ടി മുന്നോട്ട് പോകും. ദളിത്, മതന്യൂനപക്ഷങ്ങള്‍, ഗോത്രവര്‍ഗക്കാര്‍, സ്ത്രീകള്‍ എന്നിവരുടെ ആവശ്യങ്ങള്‍ പാര്‍ടി ഏറ്റെടുക്കും. ദേശീയവും സാര്‍വദേശീയവുമായ വിവിധ പ്രശ്നങ്ങളെ ആഴത്തില്‍ അപഗ്രഥിച്ചുകൊണ്ടാണ് സിപിഐ എം രാഷ്ട്രീയ പ്രമേയം തയാറാക്കിയത്. വര്‍ഗീയത, വിദേശനയം, കാര്‍ഷിക രംഗം, ഭൂമി ഏറ്റെടുക്കല്‍, തീവ്രവാദ ഭീഷണി, സ്വത്വരാഷ്ട്രീയം, ദളിത് പ്രശ്നങ്ങള്‍, സംസ്കാരം, മാധ്യമം തുടങ്ങിയ വിഷയങ്ങളും പ്രശ്നങ്ങളും രാഷ്ട്രീയപ്രമേയം ചര്‍ച്ച ചെയ്യുന്നു. മേല്‍ത്തട്ടിലുള്ളവരെ മാറ്റിനിര്‍ത്തി മുസ്ലിങ്ങള്‍ക്ക് പത്തു ശതമാനം ജോലി സംവരണം നല്‍കണമെന്ന രംഗനാഥമിശ്ര കമീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശയെ പാര്‍ടി പിന്തുണയ്ക്കുന്നു. പട്ടികജാതിക്കാര്‍ക്ക് ഇന്ന് ലഭിക്കുന്ന സംവരണാനുകൂല്യം ക്രിസ്ത്യന്‍, മുസ്ലിം മതവിഭാഗങ്ങളിലെ ദളിതര്‍ക്കും അനുവദിക്കണം. ഓപ്പണ്‍ ക്വാട്ടയില്‍ നിന്ന് വേണം അധികമായുള്ള സംവരണം നല്‍കാന്‍. സംവരണം 50 ശതമാനത്തില്‍ കൂടരുതെന്ന് സുപ്രീംകോടതി ഉത്തരവുള്ളതിനാല്‍, ഭരണഘടന ഭേദഗതിചെയ്ത് ശുപാര്‍ശ നടപ്പാക്കണമെന്ന് സിപിഐ എം ആവശ്യപ്പെടുന്നു.

രാജ്യത്തുണ്ടാകുന്ന ഭീകരാക്രമണങ്ങളുടെ പേരില്‍ മുസ്ലിങ്ങളെ ഗവണ്‍മെന്റുകള്‍ പീഡിപ്പിക്കുകയാണ്. മനുഷ്യാവകാശങ്ങള്‍പോലും ലംഘിക്കപ്പെടുന്നു. മുസ്ലിങ്ങള്‍ക്കെതിരായ ഇത്തരം പക്ഷപാതവും മനുഷ്യാവകാശ ലംഘനങ്ങളും അവസാനപ്പിക്കണമെന്ന് പാര്‍ടി ആവശ്യപ്പെടുന്നു. ഇന്ത്യയും യുഎസും ആണവകരാര്‍ ഒപ്പിട്ടശേഷമുള്ള സ്ഥിതി, കരാറിന് പിന്നിലെ അപകടവും അനീതിയും സംബന്ധിച്ച് സിപിഐ എം പറയുന്നത് ശരിയാണെന്ന് സ്ഥിരീകരിച്ചിരിക്കയാണെന്ന് പ്രമേയം പറയുന്നു. കരാര്‍വഴി സിവില്‍ ആണവ സഹകരണം പൂര്‍ണമായും ഉറപ്പാകുമെന്ന മന്‍മോഹന്‍ സര്‍ക്കാരിന്റെ അവകാശവാദവും പൊളിഞ്ഞു. കോയമ്പത്തൂരിലെ പാര്‍ടി കോണ്‍ഗ്രസ് കഴിഞ്ഞ് ഏതാനും മാസം കഴിഞ്ഞപ്പോഴാണ് അമേരിക്കയുമായുള്ള ആണവകരാര്‍ പ്രശ്നത്തില്‍ ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ സിപിഐ എം പിന്‍വലിച്ചത്. ആ തീരുമാനം രാജ്യതാല്‍പ്പര്യമായിരുന്നുവെന്ന് പിന്നീടുള്ള സംഭവവികാസങ്ങള്‍ തെളിയിച്ചു. ഇന്ത്യയില്‍ രണ്ടു ദശാബ്ദത്തെ ഉദാരവല്‍ക്കരണ നയങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് സിപിഐ എം എത്തിയ നിഗമനം ഇതാണ്: ""സമ്പന്ന വിഭാഗങ്ങള്‍ക്ക് അഭിവൃദ്ധി, ബഹുഭൂരിപക്ഷം വരുന്ന അധ്വാനിക്കുന്നവര്‍ക്ക് ഉള്ളതും നഷ്ടപ്പെടുന്ന അവസ്ഥ- ഇതാണ് നവ ഉദാരവല്‍ക്കരണത്തിന്റെ മുഖമുദ്ര"".
(പി പി അബൂബക്കര്‍)

deshabhimani 310312

1 comment:

  1. ജനങ്ങള്‍ക്ക് ദുരിതംമാത്രം സമ്മാനിക്കുന്ന നവ ഉദാരവല്‍ക്കരണ നയങ്ങളുമായി മുന്നോട്ടുപോകുന്ന കോണ്‍ഗ്രസിനെയും വര്‍ഗീയ അജന്‍ഡയുമായി നീങ്ങുന്ന ബിജെപിയെയും തോല്‍പ്പിക്കാന്‍ ഇടതുപക്ഷ- ജനാധിപത്യ ശക്തികളുടെ ബദല്‍ എന്ന നയം സിപിഐ എം കരട് രാഷ്ട്രീയപ്രമേയം മുന്നോട്ടുവയ്ക്കുന്നു. ഇങ്ങനെയൊരു ബദല്‍ കെട്ടിപ്പടുക്കുന്നത് എളുപ്പമല്ലെന്ന് പാര്‍ടി കാണുന്നു. സമരങ്ങളിലൂടെയും ജനകീയപ്രസ്ഥാനങ്ങളിലൂടെയും ബദല്‍ ഉയര്‍ന്നുവരണം. ഇടതുപക്ഷ- ജനാധിപത്യ ശക്തികളുടെ രാഷ്ട്രീയ സഖ്യവും അതിനാവശ്യമാണ്. ജനാധിപത്യം, ദേശീയ പരമാധികാരം, മതനിരപേക്ഷത, ഫെഡറലിസം, ജനങ്ങളുടെ ജീവിതാവകാശങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിന് കോണ്‍ഗ്രസ്സിതര മതനിരപേക്ഷ പാര്‍ടികള്‍ക്ക് പങ്ക് വഹിക്കാന്‍ കഴിയുമെന്നാണ് പാര്‍ടിയുടെ കാഴ്ചപ്പാട്. ഇത്തരം പാര്‍ടികളുമായി യോജിച്ചുള്ള സമരങ്ങള്‍ക്ക് സിപിഐ എം തയാറാകും. പാര്‍ലമെന്റിലും സഹകരണമുണ്ടാകും. ആവശ്യമെങ്കില്‍ കോണ്‍ഗ്രസ്സിതര മതനിരപേക്ഷ പാര്‍ടികളുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കും. അതോടൊപ്പം പാര്‍ടിയുടെ സ്വതന്ത്ര രാഷ്ട്രീയ ശക്തി വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ പ്രാധാന്യം നല്‍കും.

    ReplyDelete