Tuesday, March 27, 2012

ട്രക്ക് കോഴ : ഉത്തരമില്ലാതെ ആന്റണി


കരസേനയ്ക്ക് നിലവാരം കുറഞ്ഞ ട്രക്കുകള്‍ വാങ്ങുന്നതിന് 14 കോടി രൂപയുടെ കോഴ വാഗ്ദാനം അറിഞ്ഞിട്ടും ബോധപൂര്‍വം നടപടി ഒഴിവാക്കുകയായിരുന്നുവെന്ന് പ്രതിരോധ മന്ത്രി എ കെ ആന്റണി സമ്മതിച്ചു. കോഴയുടെ കാര്യം കരസേനാ മേധാവി ജനറല്‍ വി കെ സിങ് തന്നെ നേരില്‍കണ്ട് അറിയിച്ചിരുന്നതായും പാര്‍ലമെന്റില്‍ ആന്റണി സമ്മതിച്ചു.

കരസേനാ മേധാവി നേരില്‍ കണ്ട് പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടെന്നതിന് തൃപ്തികരമായ ഉത്തരം നല്‍കാന്‍ ആന്റണിക്ക് കഴിഞ്ഞില്ല. രേഖാമൂലം പരാതി ലഭിച്ചില്ല എന്ന ന്യായമാണ് ആന്റണി ഉയര്‍ത്തുന്നത്. എന്നാല്‍ ഗൗരവം പരിഗണിക്കുമ്പോള്‍ രേഖാമൂലം പരാതി നല്‍കാന്‍ ആന്റണിക്ക് ആവശ്യപ്പെടാമായിരുന്നു. ഇതിന് ജനറല്‍ സിങ് തയ്യാറായില്ലെങ്കില്‍ അക്കാര്യംകൂടി ചൂണ്ടിക്കാട്ടി സമഗ്രഅന്വേഷണത്തിന് ഉത്തരവിടാനുള്ള അധികാരം പ്രതിരോധമന്ത്രിക്കുണ്ട്. കോഴയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും മൗനം പാലിച്ച ആന്റണി സൈന്യത്തിലെ വന്‍ അഴിമതികള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്ന് നിരീക്ഷകര്‍ പറയുന്നു. പാര്‍ലമെന്റില്‍ വൈകാരികമായി സംസാരിച്ച് തന്റെ ഭാഗം ന്യായീകരിക്കാനാണ് ആന്റണി ശ്രമിച്ചത്.

രാജ്യസഭയുടെ ശൂന്യവേളയിലാണ് ആന്റണി പ്രതികരിച്ചത്. ഒരു വര്‍ഷത്തിന് അപ്പുറമാണ് സംഭവം നടന്നതെന്ന് ആന്റണി പറഞ്ഞു. അങ്ങനെയാണ് തന്റെ ഓര്‍മ. സേനാമേധാവി ഒരു ദിവസം വസതിയിലെത്തി കണ്ടു. അടുത്ത് വിരമിച്ച ലെഫ്. ജനറല്‍ തേജീന്ദര്‍ സിങ് എന്നയാള്‍ നേരില്‍ വന്നുകണ്ടുവെന്നും 14 കോടി കോഴ വാഗ്ദാനം ചെയ്തുവെന്നുമാണ് ജനറല്‍ സിങ് അറിയിച്ചത്. ഈ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടി. തലയില്‍ കൈവച്ച്നിന്നു. ഒന്നുരണ്ട് മിനിറ്റ് കഴിഞ്ഞാണ് ഞെട്ടലില്‍നിന്ന് മുക്തനായത്. നടപടി സ്വീകരിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാല്‍, വിഷയവുമായി മുന്നോട്ടുപോകാന്‍ താല്‍പ്പര്യമില്ലെന്നാണ് അദ്ദേഹം അറിയിച്ചത്. എന്തുകൊണ്ടാണ് കരസേനാ മേധാവി അപ്പോള്‍ അങ്ങനെ പറഞ്ഞതെന്ന് തനിക്കറിയില്ല. എത്ര ഉന്നതരായാലും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും. തന്റെ മനഃസാക്ഷിക്കനുസരിച്ചാണ് പ്രവര്‍ത്തിച്ചത്. തെറ്റുകാരനാണെങ്കില്‍ നിങ്ങള്‍ക്ക് ശിക്ഷിക്കാം. ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നാണ് കരുതുന്നത്. പണ്ടൊക്കെ അജ്ഞാതപരാതികളില്‍പോലും അന്വേഷണം നിര്‍ദേശിക്കുമായിരുന്നു. പൊതുജീവിതത്തില്‍ സത്യസന്ധതയ്ക്കു വേണ്ടി നിലകൊള്ളുന്ന വ്യക്തിയാണ് താന്‍. എക്കാലവും അഴിമതിക്കെതിരെയാണ് പൊരുതിയിട്ടുള്ളത്. അഴിമതി ആരോപണത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ചിട്ടുമുണ്ട്- ആന്റണി പറഞ്ഞു.

കരസേനാ മേധാവി നേരിട്ട് പറഞ്ഞിട്ടും എന്തുകൊണ്ടാണ് പ്രതിരോധമന്ത്രി നടപടി സ്വീകരിക്കാതിരുന്നതെന്ന ചോദ്യം പ്രതിപക്ഷാംഗങ്ങള്‍ ഉയര്‍ത്തി. അഴിമതിക്കൊപ്പം ജീവിക്കാന്‍ മന്ത്രിമാര്‍ പഠിച്ചുകൊണ്ടിരിക്കയാണെന്ന് പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. തുടര്‍ച്ചയായി വിവാദങ്ങള്‍ ഉയരുന്നത് സൈന്യത്തിന്റെ ആത്മവിശ്വാസം ഇല്ലാതാക്കും. ഇത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞു. കരസേനാ മേധാവി നേരിട്ട് പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കണമെന്ന് സിപിഐ എം എംപി ടി കെ രംഗരാജന്‍ ആവശ്യപ്പെട്ടു. സിബിഐ അന്വേഷണത്തിന് അപ്പോള്‍തന്നെ നിര്‍ദേശിക്കാമായിരുന്നു. എന്നാല്‍,മന്ത്രി അഴിമതി കണ്ടില്ലെന്ന് നടിച്ചു. ഇത് അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ്. കോഴ വാഗ്ദാനം ചെയ്ത വ്യക്തിയെ അപ്പോള്‍തന്നെ അറസ്റ്റുചെയ്യാന്‍ അധികാരമുണ്ടായിട്ടും അതിന് തയ്യാറാകാതിരുന്ന കരസേനാ മേധാവിയും തെറ്റുകാരനാണ്. വന്‍ അഴിമതിയാണ് സൈന്യത്തില്‍ നടക്കുന്നത്- രംഗരാജന്‍ പറഞ്ഞു.
(എം പ്രശാന്ത്)

deshabhimani 280312

No comments:

Post a Comment