Thursday, March 29, 2012

പോരാളികള്‍ക്ക് സ്വാഗതം; ചുവപ്പണിഞ്ഞ് കോഴിക്കോട്


ചുവന്ന ഇന്ത്യയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും നെഞ്ചേറ്റുന്ന നേതാക്കളെയും പ്രവര്‍ത്തകരെയും സ്വാഗതം ചെയ്യാന്‍ കോഴിക്കോട് നഗരം അണിഞ്ഞൊരുങ്ങി. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യ സെല്‍ രൂപീകൃതമായ ദേശം, കേരളത്തിലെ മൂന്നാമത് പാര്‍ടികോണ്‍ഗ്രസ് ചരിത്രമാക്കാനുള്ള ആവേശത്തോടെ, അഭിമാനത്തോടെ ഉണര്‍ന്നിരിക്കയാണ്. മലബാറിന്റെ രാഷ്ട്രീയ ആസ്ഥാനം ഇന്ത്യയുടെ രാഷ്ട്രീയശ്രദ്ധാകേന്ദ്രമാകുന്ന സിപിഐ എം 20ാം പാര്‍ടി കോണ്‍ഗ്രസ്് ഏപ്രില്‍ 4 മുതല്‍ 9 വരെയാണ്.

ഭാവി ഇന്ത്യയുടെ സഖാക്കളെ ഹൃദയാഭിവാദനംചെയ്ത് രക്തപതാകകളും ബോര്‍ഡുകളുമാണ് തെരുവിലും നഗരപാതകളിലും നാട്ടിടവഴികളിലും. കോണ്‍ഗ്രസിന്റെ ഭാഗമായി സെമിനാറുകള്‍, ചരിത്രപ്രദര്‍ശനം, പുസ്തകോത്സവം- കോഴിക്കോടിന്റെ നഗരവീഥികളാകെ പൂത്തുലയുകയാണ്. പാര്‍ടി കോണ്‍ഗ്രസ് ജനകീയ ഉത്സവമാക്കുംവിധം രാഷ്ട്രീയ-സാംസ്കാരിക-കലാ-കായിക പരിപാടികളാണ് ജില്ലയിലാകെ. പതാകദിനം ആചരിച്ച 23ന് ജില്ലയിലെ 27,000ത്തോളം പാര്‍ടി അംഗങ്ങുടെ വീടുകളില്‍ ചെങ്കൊടി ഉയര്‍ത്തി. നാടാകെ സംഘാടകസമിതി ഓഫീസുകള്‍ സ്ഥാപിച്ച് ചെമ്പതാക പാറിച്ചു. 13 ഏരിയകളില്‍ വ്യത്യസ്ത വിഷയങ്ങളില്‍ നടന്ന സെമിനാറുകളില്‍ മുക്കാല്‍ലക്ഷംപേര്‍ പങ്കാളികളായി. പ2301 ബ്രാഞ്ചുകളിലായി കുടുംബസംഗമങ്ങളും തുടരുന്നു. എന്തുകൊണ്ട് സോഷ്യലിസം, എന്തുകൊണ്ട് സിപിഐ എം എന്ന വിഷയത്തില്‍ എല്ലാ ലോക്കലുകളിലും പഠനക്ലാസ് സംഘടിപ്പിച്ചു. കോഴിക്കോട്ടെ നായനാര്‍ ഫുട്ബോളും ബാലുശ്ശേരിയില്‍ വോളിബോള്‍ ടൂര്‍ണമെന്റും ചെസ്മത്സരവുമടക്കം കായികമേളകളും ഉത്സവാന്തരീക്ഷമൊരുക്കി.

കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ വായനയുടെ വസന്തമായി അന്താരാഷ്ട്ര പുസ്തകോത്സവം ആയിരങ്ങളെ ആകര്‍ഷിക്കുന്നു. ടൗണ്‍ഹാളിലും മുതലക്കുളത്തുമായി രാഷ്ട്രീയ-സാംസ്കാരിക-ധൈഷണിക വിഷയങ്ങളില്‍ പ്രൗഢവും ഗൗരവമാര്‍ന്നതുമായ സംവാദങ്ങള്‍. ബുധനാഴ്ച സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് സാമ്രാജ്യത്വവിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇഎംഎസ് നഗറില്‍ തയ്യാറാക്കിയ ചരിത്രപ്രദര്‍ശനം ഒരുലക്ഷംപേര്‍ കണ്ടുകഴിഞ്ഞു. സാംസ്കാരികോത്സവം, സാംസ്കാരികയാത്ര,സിനിമാമേള, സംഗീതസന്ധ്യ, വിപ്ലവഗാനസായാഹ്നം എന്നിവ കൂടാതെ നാടകങ്ങളും അരങ്ങേറി. പ്രതിനിധികള്‍ക്കുള്ള താമസസൗകര്യമുള്‍പ്പെടെ എല്ലാം സജ്ജമായതായി സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ അറിയിച്ചു.
(പി വി ജീജോ)

deshabhimani 290312

1 comment:

  1. ചുവന്ന ഇന്ത്യയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും നെഞ്ചേറ്റുന്ന നേതാക്കളെയും പ്രവര്‍ത്തകരെയും സ്വാഗതം ചെയ്യാന്‍ കോഴിക്കോട് നഗരം അണിഞ്ഞൊരുങ്ങി. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യ സെല്‍ രൂപീകൃതമായ ദേശം, കേരളത്തിലെ മൂന്നാമത് പാര്‍ടികോണ്‍ഗ്രസ് ചരിത്രമാക്കാനുള്ള ആവേശത്തോടെ, അഭിമാനത്തോടെ ഉണര്‍ന്നിരിക്കയാണ്. മലബാറിന്റെ രാഷ്ട്രീയ ആസ്ഥാനം ഇന്ത്യയുടെ രാഷ്ട്രീയശ്രദ്ധാകേന്ദ്രമാകുന്ന സിപിഐ എം 20ാം പാര്‍ടി കോണ്‍ഗ്രസ്് ഏപ്രില്‍ 4 മുതല്‍ 9 വരെയാണ്.

    ReplyDelete