Wednesday, March 28, 2012
കോഴവാഗ്ദാനം തെളിഞ്ഞാല്‍ ആന്റണി കുടുങ്ങും
കരസേനാ മേധാവി ജനറല്‍ വി കെ സിങ് പുറത്തുവിട്ട 14 കോടിയുടെ കോഴവാഗ്ദാനം ശരിയെന്ന് തെളിഞ്ഞാല്‍ പ്രതിരോധമന്ത്രി എ കെ ആന്റണി കുടുങ്ങും. കോഴവാഗ്ദാനത്തിന്റെ കാര്യം കരസേനാ മേധാവി തന്നെ അറിയിച്ചിരുന്നെന്ന് പാര്‍ലമെന്റില്‍ സമ്മതിച്ച ആന്റണിക്ക് പിന്നെന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന അംഗങ്ങളുടെ ചോദ്യത്തിന് തൃപ്തികരമായ ഉത്തരമുണ്ടായില്ല. മാധ്യമങ്ങളിലൂടെ സംഭവം പുറത്തുവന്നശേഷംമാത്രം സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ആന്റണിക്ക് ഇത് ഒന്നര വര്‍ഷംമുമ്പുതന്നെ ചെയ്യേണ്ടിയിരുന്നതാണ്.
പ്രതിരോധമന്ത്രി പേര് വെളിപ്പെടുത്തിയതിനു പിന്നാലെ മുന്‍ ലെഫ്. ജനറല്‍ തേജീന്ദര്‍ സിങ് കരസേനാ മേധാവി ജനറല്‍ വി കെ സിങ്ങിനെതിരെ ഡല്‍ഹി കോടതിയില്‍ മാനനഷ്ടത്തിന് ഹര്‍ജി നല്‍കി. വിരമിച്ചശേഷം ജനറല്‍ സിങ്ങിനെ കണ്ടെന്ന് തേജീന്ദര്‍ സമ്മതിച്ചിട്ടുണ്ട്. 2010 സെപ്തംബറിലായിരുന്നു കൂടിക്കാഴ്ചയെന്നും അത് തന്റെ പുനര്‍നിയമനം ചര്‍ച്ചചെയ്യാനായിരുന്നെന്നും തേജീന്ദര്‍ പറഞ്ഞു. താന്‍ ടട്ര ട്രക്ക് കമ്പനിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നില്ല. താന്‍ അവരുടെ പ്രതിനിധിയല്ല. ആരോപിക്കപ്പെടുന്നതുപോലെ ഒരു സംഭാഷണവും താനും കരസേനാ മേധാവിയുമായി നടന്നിട്ടില്ലെന്നും തേജീന്ദര്‍ പറഞ്ഞു. അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിന് പരാതി എഴുതിനല്‍കാന്‍ സിബിഐ ജനറല്‍ സിങ്ങിനോട് ആവശ്യപ്പെട്ടതായി സൂചനയുണ്ട്. മുന്‍ സൈനികോദ്യോഗസ്ഥന്‍ കോഴവാഗ്ദാനം ചെയ്ത തീയതി, അത് തെളിയിക്കുന്നതിന് സാധ്യമായ സാക്ഷിപ്പട്ടിക എന്നീ കാര്യങ്ങളും സിബിഐ ആവശ്യപ്പെട്ടു. പരാതി ലഭിച്ചശേഷം കേസ് രജിസ്റ്റര്‍ ചെയ്യാനാണ് സിബിഐയുടെ തീരുമാനം.
ജനറല്‍ സിങ്ങും തേജീന്ദര്‍ സിങ്ങും തമ്മിലുള്ള നിര്‍ണായക സംഭാഷണം ടേപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന അഭ്യൂഹങ്ങളും പുറത്തുവന്നു. ഒരു വ്യക്തി ജനറല്‍ സിങ്ങിനോട് കോഴവാഗ്ദാനം നടത്തുന്നതും അയാളോട് തന്റെ മുറിയില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ജനറല്‍ സിങ് ആവശ്യപ്പെടുന്നതുമാണ് ടേപ്പിലുള്ളത്. ടേപ്പിന്റെ പകര്‍പ്പ് ജനറല്‍ സിങ് സിബിഐക്ക് കൈമാറിയതായും സൂചനകളുണ്ട്. കോഴവാഗ്ദാനം തെളിയിക്കാനായാല്‍ അത് ജനറല്‍ സിങ്ങിന്റെ വിജയമാകും. തന്റെ പ്രായത്തെച്ചൊല്ലിയുള്ള വിവാദം വാര്‍ത്തയാക്കിയത് തേജീന്ദറാണെന്ന് ജനറല്‍ സിങ്ങിന്റെ വിശ്വസ്തര്‍ നേരത്തെ പ്രചാരണം തുടങ്ങിയിരുന്നു. കോഴവാഗ്ദാനം ശരിയെന്നു തെളിഞ്ഞാല്‍ കോഴ നിരസിച്ചതിലുള്ള പ്രതികാരമായാണ് പ്രായവിവാദം ഉയര്‍ത്തിയതെന്ന് സ്ഥാപിക്കാനും ജനറല്‍ സിങ്ങിന് സാധിക്കും. ജനറല്‍ സിങ്ങും തേജീന്ദറുമായുള്ള വിവാദ കൂടിക്കാഴ്ച നടന്ന് മാസങ്ങള്‍ക്കകമാണ് കരസേനാ മേധാവിയുടെ പ്രായത്തെച്ചൊല്ലി തര്‍ക്കം വാര്‍ത്തയായത്.
deshabhimani 280312
Subscribe to:
Post Comments (Atom)
കരസേനാമേധാവി വി കെ സിങ്ങ് പ്രധാനമന്ത്രിക്കയച്ച കത്തിനെച്ചൊല്ലി രാജ്യസഭയില്‍ പ്രക്ഷുബ്ധരംഗങ്ങള്‍. സര്‍ക്കാര്‍ പ്രതികരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ ബഹളമുണ്ടാക്കി. രാജ്യസുരക്ഷയെ ബാധിക്കുന്ന തന്ത്രപ്രധാനവിഷയങ്ങളില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതേത്തുര്‍ന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി രാജ്യസഭയില്‍ വിശദീകരണം നടത്തി. മാര്‍ച്ച് 12 ന് പ്രധാനമന്ത്രിക്ക് വി കെ സിങ്ങ് ഇത്തരത്തില്‍ ഒരു കത്തയച്ചിട്ടുണ്ട്. രാജ്യസുരക്ഷയെ സംബന്ധിക്കുന്ന കാര്യമായതിനാല്‍ ഒരു പൊതുചര്‍ച്ച സാധ്യമാവില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധകാട്ടണമെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. സൈന്യത്തിന്റെ ആത്മവീര്യവും സുരക്ഷയും തകര്‍ക്കുന്ന നടപടികളാണിത്. കേന്ദ്രസര്‍ക്കാര്‍ പ്രധാനമന്ത്രിയുമായി കൂടിയാലോചിച്ച് കൂടുതല്‍ ശക്തമായ നടപടികളെടുക്കണമെന്ന് സിപിഐഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. മാധ്യമങ്ങളില്‍ തുടര്‍ച്ചയായി വരുന്ന വാര്‍ത്തകള്‍ പ്രതിരോധവകുപ്പിനെപ്പോലെ തന്ത്രപ്രധാനമായ വകുപ്പിന് ആശാസ്യമല്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി തിരിച്ചെത്തിയ ശേഷം ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടികളെടുക്കാമെന്ന് ആന്റണി സഭയില്‍ ഉറപ്പു നല്‍കി. തെലങ്കാന പ്രശ്നത്തില്‍ മേല്‍ ലോക്സഭയില്‍ ബുധനാഴ്ചയും ബഹളമാണ്. നടപടികള്‍ പലവട്ടം തടസപ്പെട്ടു.
ReplyDelete