Wednesday, March 28, 2012

ഇസ്രയേല്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലുമായുള്ള ബന്ധം വിച്ഛേദിച്ചു


ജെറുസലേം: ഐക്യരാഷ്ട്ര സംഘടനയ്ക്ക് കീഴിലുള്ള മനുഷ്യാവകാശ കൗണ്‍സിലുമായുള്ള ബന്ധം ഇസ്രയേല്‍ വിച്ഛേദിച്ചു. പലസ്തീന്‍ പ്രദേശമായ വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജെറുസലേമിലും ഇസ്രയേലില്‍നിന്നുള്ള ജൂത കുടിയേറ്റ വ്യാപനത്തെക്കുറിച്ച് അന്വേഷിക്കാന്‍ യുഎന്‍ സംഘത്തെ അയക്കാനുള്ള കൗണ്‍സിലിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് നടപടി. വെസ്റ്റ് ബാങ്കിലേക്കും കിഴക്കന്‍ ജെറുസലേമിലേക്കും സംഘത്തെ അയക്കാനുള്ള തീരുമാനത്തെ കൗണ്‍സിലില്‍ അനുകൂലിച്ച യൂറോപ്യന്‍ രാജ്യങ്ങളെ ഇസ്രയേല്‍ പ്രതിഷേധം അറിയിച്ചു. ഇസ്രയേല്‍ വിദേശമന്ത്രി അവിഗ്ദോര്‍ ലീബര്‍മാനാണ് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലുമായുള്ള ബന്ധം വിച്ഛേദിക്കുന്നതായി പ്രഖ്യാപിച്ചത്. വെസ്റ്റ് ബാങ്കിലേയ്ക്കും കിഴക്കന്‍ ജെറുസലേമിലേക്കും യുഎന്‍ സംഘത്തിന് പ്രവേശനം അനുവദിക്കില്ലെന്ന് ഇസ്രയേല്‍ വിദേശമന്ത്രാലയ വക്താവ് വ്യക്തമാക്കി.

ഇസ്രയേലിന്റെ നടപടിയില്‍ അത്ഭുതമില്ലെന്നും ഇസ്രയേല്‍ ഒരിക്കലും അവരുടെ അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ യുഎന്‍ അയച്ച വസ്തുതാന്വേഷണ സംഘങ്ങളോട് സഹകരിച്ചിട്ടില്ലെന്നും പലസ്തീന്‍ വിദേശമന്ത്രി റിയാദ് മാലികി പറഞ്ഞു. 1967ല്‍ ഇസ്രയേല്‍ പിടിച്ചെടുത്ത വെസ്റ്റ് ബാങ്കിലേക്കും കിഴക്കന്‍ ജെറുസലേമിലേക്കും 5,00,000 ജൂത കുടിയേറ്റക്കാരെ ഇസ്രയേല്‍ പാര്‍പ്പിച്ചിട്ടുണ്ട്. ലോകരാജ്യങ്ങളുടെ ആകെ അഭ്യര്‍ഥന തളി അവിടെ കുടിയേറ്റനിര്‍മാണം വ്യാപിപ്പിക്കുകയാണ് ഇസ്രയേല്‍. യുഎന്‍ കൗണ്‍സില്‍ തീരുമാനത്തെ അനുകൂലിച്ച് വോട്ടുചെയ്ത ബെല്‍ജിയത്തിന്റെയും ഓസ്ട്രിയയുടെയും സ്ഥാനപതിമാരെ വിദേശമന്ത്രാലയത്തില്‍ വിളിപ്പിച്ച ഇസ്രയേല്‍ പ്രതിഷേധം അറിയിച്ചു. നോര്‍വെ, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളോടും പ്രതിഷേധിക്കുമെന്ന് ഇസ്രയേലി ഉദ്യോഗസ്ഥന്‍ അറിയിച്ചു.

പ്രച്ഛന്ന വേഷത്തിലെത്തിയ ഇസ്രയേലി സൈനികരുടെ വെടിയേറ്റ് മൂന്ന് പലസ്തീന്‍കാര്‍ക്ക് പരിക്ക്

റമല്ല: രാത്രി പലസ്തീന്‍കാരുടെ വേഷത്തില്‍ വെസ്റ്റ് ബാങ്ക് ഗ്രാമത്തില്‍ പരിശോധന നടത്തിയ ഇസ്രയേലി സൈനികര്‍ നടത്തിയ വെടിവയ്പില്‍ പലസ്തീന്‍കാരായ മൂന്ന് സഹോദരന്മാര്‍ക്ക് പരിക്കേറ്റു. മോഷ്ടാക്കളാണെന്ന് കരുതി ഇസ്രയേലി സൈനികരെ തടയാന്‍ ശ്രമിച്ചപ്പോഴാണ് റമ്മന്‍ ഗ്രാമത്തിലെ റാഷദ് ദീപിനും സഹോദരന്മാരായ അക്രം, അന്‍വര്‍ എന്നിവര്‍ക്കും വെടിയേറ്റത്. ഇവരില്‍ ഒരാള്‍ കരുതിയിരുന്ന കത്തികൊണ്ട് ഇസ്രയേലി സൈനികന് നിസാര പരിക്കേറ്റു. സൈനികര്‍ പതിവ് പരിശോധന നടത്തുകയായിരുന്നു എന്നാണ് ഇസ്രയേലിന്റെ വാദം.

deshabhimani 280312

1 comment:

  1. ഐക്യരാഷ്ട്ര സംഘടനയ്ക്ക് കീഴിലുള്ള മനുഷ്യാവകാശ കൗണ്‍സിലുമായുള്ള ബന്ധം ഇസ്രയേല്‍ വിച്ഛേദിച്ചു. പലസ്തീന്‍ പ്രദേശമായ വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജെറുസലേമിലും ഇസ്രയേലില്‍നിന്നുള്ള ജൂത കുടിയേറ്റ വ്യാപനത്തെക്കുറിച്ച് അന്വേഷിക്കാന്‍ യുഎന്‍ സംഘത്തെ അയക്കാനുള്ള കൗണ്‍സിലിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് നടപടി. വെസ്റ്റ് ബാങ്കിലേക്കും കിഴക്കന്‍ ജെറുസലേമിലേക്കും സംഘത്തെ അയക്കാനുള്ള തീരുമാനത്തെ കൗണ്‍സിലില്‍ അനുകൂലിച്ച യൂറോപ്യന്‍ രാജ്യങ്ങളെ ഇസ്രയേല്‍ പ്രതിഷേധം അറിയിച്ചു. ഇസ്രയേല്‍ വിദേശമന്ത്രി അവിഗ്ദോര്‍ ലീബര്‍മാനാണ് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലുമായുള്ള ബന്ധം വിച്ഛേദിക്കുന്നതായി പ്രഖ്യാപിച്ചത്. വെസ്റ്റ് ബാങ്കിലേയ്ക്കും കിഴക്കന്‍ ജെറുസലേമിലേക്കും യുഎന്‍ സംഘത്തിന് പ്രവേശനം അനുവദിക്കില്ലെന്ന് ഇസ്രയേല്‍ വിദേശമന്ത്രാലയ വക്താവ് വ്യക്തമാക്കി

    ReplyDelete