Thursday, March 29, 2012

തൊഴിലുറപ്പുകാരുടെ മിനിമംകൂലി വര്‍ധിപ്പിക്കണം: ഗുരുദാസന്‍


കൊല്ലം: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച 200 രൂപ മിനിമം കൂലി നല്‍കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറാകണമെന്ന് പി കെ ഗുരുദാസന്‍ എംഎല്‍എ പറഞ്ഞു. എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ നടന്ന കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു ഗുരുദാസന്‍.

നിയമസഭയില്‍ ഇക്കാര്യം ഉന്നയിച്ചപ്പോള്‍ കേന്ദ്രത്തിന് കത്തെഴുതിയെന്നാണ് മന്ത്രി കെ സി ജോസഫ് പറഞ്ഞത്. വെറുതെ കത്തെഴുതി സമയം കളയാതെ പാവപ്പെട്ട തൊഴിലാളിക്ക് ജീവിക്കാനാവശ്യമായ ആനുകൂല്യം നല്‍കുകയാണ് വേണ്ടത്. മിനിമം കൂലി നല്‍കാമെന്ന് ഉറപ്പുനല്‍കിയ കേന്ദ്രം ഒടുവില്‍ കാലുമാറി. വര്‍ഷത്തില്‍ കുറഞ്ഞത് 200 ദിവസമെങ്കിലും തൊഴില്‍ ലഭിച്ചാല്‍മാത്രമെ തൊഴിലാളികള്‍ക്ക് പിടിച്ചുനില്‍ക്കാനാകൂ. തൊഴിലുറപ്പിന്റെ നിലവിലുള്ള ഘടന മാറ്റണം. എല്‍ഡിഎഫ് സര്‍ക്കാര്‍ നഗര പ്രദേശങ്ങള്‍ക്കായി ആവിഷ്കരിച്ച അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയില്ല. തൊഴിലുറപ്പ് പദ്ധതിയില്‍ ഭൂരിപക്ഷവും സ്ത്രീ തൊഴിലാളികളാണുള്ളത്. അതുകൊണ്ടുതന്നെ തൊഴിലുറപ്പുകാരെ സാമൂഹ്യ സുരക്ഷാപദ്ധതിയില്‍ ഉള്‍പ്പെടുത്തണം. അവര്‍ക്കായി ക്ഷേമപദ്ധതി നടപ്പാക്കണം. തൊഴില്‍ സുരക്ഷയും ചികിത്സാ സഹായവും പെന്‍ഷനും നല്‍കണം. ശക്തമായ പ്രക്ഷോഭത്തിലൂടെ അര്‍ഹമായ ആനുകൂല്യങ്ങള്‍ നേടിയെടുക്കണമെന്നും ഗുരുദാസന്‍ പറഞ്ഞു.

ആന്റണിയുടെ വികാരപ്രകടനമല്ല; നടപടിയാണ് വേണ്ടത്

കരസേനയ്ക്ക് ട്രക്കുകള്‍ വാങ്ങുന്നതിന് സേനാമേധാവിക്ക് കൈക്കൂലി വാഗ്ദാനംചെയ്ത സംഭവത്തില്‍ പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ വികാരപ്രകടനംകൊണ്ടു കാര്യമില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വസ്തുതകള്‍ വ്യക്തമാക്കാന്‍ ആന്റണി തയ്യാറാകണം. പ്രശ്നത്തില്‍ നടപടിയാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. വികാര പ്രകടനം കൊണ്ടുമാത്രം ജനങ്ങളെ തൃപ്തിപ്പെടുത്താന്‍ കഴിയുമെന്ന് പ്രതിരോധമന്ത്രി ധരിക്കേണ്ട. എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെക്രട്ടറിയറ്റ് മാര്‍ച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കോഴ വാഗ്ദാനവുമായി ബന്ധപ്പെട്ട വിഷയത്തിന് രാഷ്ട്രീയമാനം ഉണ്ടോയെന്ന് ആന്റണി വ്യക്തമാക്കണം. ഇതിലും വലിയ തുക രാഷ്ട്രീയ നേതൃത്വത്തിന് ലഭിക്കുമെന്ന് ആന്റണിക്ക് അറിയാമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതിനാലാണ് സേനാ മേധാവി ധരിപ്പിച്ച വിഷയത്തില്‍ പ്രതിരോധമന്ത്രി നടപടിക്ക് തയ്യാറാകാതിരുന്നത്. വളരെ ഗൗരവമുള്ള പ്രശ്നമാണ് സേനാമേധാവി ഉന്നയിച്ചിട്ടുള്ളത്. കുത്തകകളോടുമാത്രം പ്രതിബദ്ധതയുള്ള ഭരണകൂടത്തിന്റെ കീഴില്‍ ഇങ്ങനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കും. ആഗോളവല്‍ക്കരണ നയത്തിന്റെ ഭാഗമായ ഉദാരവല്‍ക്കരണ നടപടികളാണ് അഴിമതി സാര്‍വത്രികമാക്കുന്നത്. പൊതുമുതല്‍ ചോര്‍ത്തി കുത്തകകള്‍ക്ക് നല്‍കുകയാണ് സര്‍ക്കാര്‍. രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്തായ ധാതുക്കളും ഇക്കൂട്ടര്‍ കൊള്ളയടിക്കുകയാണെന്ന് പിണറായി വിജയന്‍ പറഞ്ഞു.

deshabhimani 290312

1 comment:

  1. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച 200 രൂപ മിനിമം കൂലി നല്‍കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറാകണമെന്ന് പി കെ ഗുരുദാസന്‍ എംഎല്‍എ പറഞ്ഞു. എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ നടന്ന കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു ഗുരുദാസന്‍.

    ReplyDelete