Saturday, March 31, 2012
ഉമ്മന്‍ചാണ്ടിയുടെ വീടിന് മുന്നില്‍ ഈസ്റ്റര്‍ ദിനത്തില്‍ സത്യഗ്രഹം
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ വിശ്വാസവഞ്ചനയില്‍ പ്രതിഷേധിച്ച് പുതുപ്പള്ളി പയ്യപ്പാടി പുതുവയല്‍ നിവാസികളായ നൂറോളം കുടുംബങ്ങള്‍ ഈസ്റ്റര്‍ ദിനത്തില്‍ സത്യഗ്രഹം ഇരിക്കുമെന്ന് സമരസമിതി പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുടിവെള്ളത്തിനും റോഡിനുമായാണ് സമരം. പതിറ്റാണ്ടുകളായി എംഎല്‍എയായ ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവായിരിക്കെ പുതുവയലിലെത്തി കുടിവെള്ളമെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. പുതുപ്പള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡായ പുതുവയലില്‍ കുടിവെള്ളമെത്തിക്കാന്‍ ഹൗസ് കണക്ഷനുവേണ്ടിയെന്ന് പറഞ്ഞ് 2000 രൂപ വീതം 65 കുടുംബങ്ങളില്‍നിന്നായി മൊത്തം 1,30,000 രൂപ പിരിച്ചെടുത്തിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു. തുക പിരിവിന് മുന്നിട്ടിറങ്ങിയ അന്നത്തെ ജില്ലാ പഞ്ചായത്തംഗമായ ജെസിമോള്‍ മനോജാണ് ഇപ്പോള്‍ പ്രഞ്ചായത്ത് പ്രസിഡന്റ്. ഗുണഭോക്തൃസമിതിയോഗത്തില്‍ പങ്കെടുത്ത ഉമ്മന്‍ ചാണ്ടി കുടിവെള്ള പദ്ധതിക്ക് എംഎല്‍എ ഫണ്ടില്‍ നിന്ന് പണം അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. വികസനം യാഥാര്‍ഥ്യമായില്ലെന്ന് മാത്രമല്ല നിര്‍ധനരായ നാട്ടുകാരെ അവഹേളിക്കുകയുമാണ് കോണ്‍ഗ്രസുകാരായ ജനപ്രതിനിധികള്‍ ചെയ്തതെന്ന് സമരസമിതി കുറ്റപ്പെടുത്തി.
ജില്ലാ പഞ്ചായത്ത് രേഖകളില്‍ തങ്ങള്‍ തെരഞ്ഞെടുത്ത കണ്‍വീനറുടെ പേരില്ലെന്നും മറ്റൊരു കരാറുകാരന്റെ പേരാണുള്ളതെന്നും അവര്‍ പറഞ്ഞു. കുടിവെള്ളത്തിന് പണം പിരിച്ച മെമ്പര്‍ ജെസിമോള്‍ മനോജ് തന്റെ കുടുംബവക ഭൂമിയില്‍ ഒരു കുടിവെള്ളടാങ്ക് ഭാഗികമായി നിര്‍മിച്ചു. അതുവഴി റോഡ് നിര്‍മിക്കുകയായിരുന്നത്രേ അവരുടെ ലക്ഷ്യം. വോള്‍ട്ടേജ് ക്ഷാമമാണ് മറ്റൊരു ഗുരുതരപ്രശ്നം. ഇത് പരിഹരിക്കാന്‍ നടത്തിയ സമരത്തേയും ജനപ്രതിനിധികള്‍ പരിഹസിച്ചെന്ന് സമിതി പറഞ്ഞു. ഇതിനിടെ സമ്പന്നര്‍ അധിവസിക്കുന്ന പ്രദേശത്തെ റോഡ് നിര്‍മാണത്തിന് മുഖ്യമന്ത്രി എംഎല്‍എ ഫണ്ടില്‍ നിന്ന് 22 ലക്ഷം രൂപ അനുവദിച്ചു. തെരഞ്ഞെടുപ്പുവേളയില്‍ "നക്കാപ്പിച്ച" നല്‍കി ആശ്രിതരെ കൂടെ നിര്‍ത്തുന്ന എംഎല്‍എയുടെ ശൈലി ഇനി നടക്കില്ലെന്നും തങ്ങള്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും ദുഃഖശനിയാഴ്ചയും ഈസ്റ്റര്‍ നാളിലും മുഖ്യമന്ത്രിയുടെ വീടിന് സമീപം നടത്തുന്ന നിരാഹാരസത്യഗ്രഹത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം പങ്കെടുക്കുമെന്നും സമരസമിതി അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സമരസമിതി പ്രതിനിധികളായ ടി ആര്‍ അശോകന്‍, മോളി കുരുവിള, അമ്മിണി വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.
deshabhimani 310312
Subscribe to:
Post Comments (Atom)
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ വിശ്വാസവഞ്ചനയില്‍ പ്രതിഷേധിച്ച് പുതുപ്പള്ളി പയ്യപ്പാടി പുതുവയല്‍ നിവാസികളായ നൂറോളം കുടുംബങ്ങള്‍ ഈസ്റ്റര്‍ ദിനത്തില്‍ സത്യഗ്രഹം ഇരിക്കുമെന്ന് സമരസമിതി പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ReplyDelete