Friday, March 30, 2012

അരാജക സംഘമാകുന്ന മുസ്ലിംലീഗ്


മുമ്പ് പാണക്കാട്നിന്നും ഒരു തീരുമാനം പ്രഖ്യാപിച്ചാല്‍ ചോദ്യം ചെയ്യാന്‍ മുസ്ലിംലീഗില്‍ ആരും ധൈര്യപ്പെടില്ലായിരുന്നു. ഇപ്പോള്‍ പാണക്കാട്ടെ തീരുമാനമാണെന്ന് പ്രഖ്യാപിച്ചാല്‍ നേതാക്കളെ കൈയേറ്റം ചെയ്യുന്നു. കാസര്‍കോട്ട് ജില്ലാഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. സംസ്ഥാന നേതാവായിരുന്നു റിട്ടേണിങ് ഓഫീസര്‍. നിരീക്ഷകരുമുണ്ടായി. ലീഗിലും കോണ്‍ഗ്രസിലെപ്പോലെ ജനാധിപത്യമുണ്ടായിരുന്നില്ല. ഭാരവാഹികളെ പാണക്കാട്നിന്നും നോമിനേറ്റ് ചെയ്യുന്ന രീതിയാണ് ഇതുവരെ സ്വീകരിച്ചത്. സിപിഐ എം സംസ്ഥാന സമ്മേളനം മലപ്പുറത്ത് നടന്നപ്പോഴാണ് ലീഗ് നേതൃത്വം സമ്മേളനത്തെക്കുറിച്ചും പാര്‍ടിക്കകത്തെ ജനാധിപത്യത്തെ കുറിച്ചും ചര്‍ച്ചപോലും നടത്തിയത്. അതുപക്ഷെ പ്രയോഗിക്കാന്‍ ശ്രമിച്ചപ്പോള്‍ കൂട്ടക്കുഴപ്പമാണ്. സംഘടന പോലുമില്ലാത്ത ഒരുതരം അരാജക- അരാഷ്ട്രീയ സംഘമായി ലീഗ് അധഃപതിച്ചു.

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് ജില്ലാ കൗണ്‍സില്‍ യോഗങ്ങളില്‍ കൂട്ടത്തല്ലുണ്ടായത്. കുറച്ചുമുമ്പ് കോഴിക്കോട്ടും മലപ്പുറത്തും തിരുവനന്തപുരത്തും ആലപ്പുഴയിലും കൊല്ലത്തും സമാനരീതിയില്‍ തമ്മിലടിയുണ്ടായി. കാസര്‍കോട് 2012 ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എം സി ഖമറുദ്ദീനേക്കാള്‍ മൂന്ന് വോട്ട് അധികം ലഭിച്ചതിനാല്‍ ജില്ലാ സെക്രട്ടറിയായി എ അബ്ദുറഹിമാന്‍ തെരഞ്ഞെടുക്കപ്പെട്ടതാണ്. വിജയികളെ പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിച്ച സംസ്ഥാന നേതാക്കള്‍ക്ക് അന്നു കഴിഞ്ഞില്ല. നേതാക്കളെ പരാജയപ്പെട്ട വിഭാഗം കൈയേറ്റംചെയ്തു. ജയിച്ചവരും തോറ്റവരും ചേരിതിരിഞ്ഞ് അക്രമം നടത്തി. ഒടുവില്‍ ഫലപ്രഖ്യാപനം മാറ്റി നേതാക്കള്‍ തടിതപ്പി. പിന്നീട് 2012 മാര്‍ച്ച് 17ന് ഫലം പ്രഖ്യാപിക്കാന്‍ ഇ ടി മുഹമ്മദ് ബഷീറും കെ പി എ മജീദും എത്തി. പാണക്കാട് നിന്നുള്ള തീരുമാനം അണികളെ അറിയിക്കാന്‍ എത്തിയവര്‍ക്ക് കിട്ടിയ മറുപടി കൈയേറ്റമാണ്.

കണ്ണൂരിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ജില്ലാ കൗണ്‍സില്‍ യോഗം മാര്‍ച്ച് 24നായിരുന്നു. പി കെ കെ ബാവയും ടി പി എം സാഹിറും തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കാനെത്തി. അടച്ചിട്ട ഓഡിറ്റോറിയത്തില്‍ യോഗ നടപടികള്‍ ആരംഭിച്ചു. മാധ്യമപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ അസഭ്യവര്‍ഷത്തോടെ അണികള്‍ ഗെയിറ്റില്‍ തടഞ്ഞു. അവിടെയും കൂട്ടത്തല്ല്. ഓഡിറ്റോറിയത്തിന്റെ ജനല്‍ഗ്ലാസുകള്‍ തകര്‍ത്തു. കൂട്ടത്തല്ലിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ലീഗുകാര്‍ പാഞ്ഞടുത്തു. സര്‍ക്കാരിന്റെ ഔദ്യോഗിക പദവികളിലിരിക്കുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുക്കുന്നതിനെയാണ് ഒരു വിഭാഗം ചോദ്യം ചെയ്തത്. കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടക്കാത്ത മണ്ഡലമാണ് അഴീക്കോട്. തെരഞ്ഞെടുപ്പ് ദിവസം കൂട്ടത്തല്ലായിരുന്നു. പലരും പരിക്കേറ്റ് ആശുപത്രിയില്‍ കിടന്നു. പിന്നീട് തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ജില്ലാ ഭാരവാഹിസ്ഥാനത്തേക്ക് വി കെ അബ്ദുള്‍ ഖാദര്‍ മൗലവിയും വി വി വമ്പനും മത്സരിക്കുന്നതാവട്ടെ തെരഞ്ഞെടുപ്പ് നടക്കാത്ത മണ്ഡലത്തിലെ കൗണ്‍സിലര്‍മാരായാണ്. ജനാധിപത്യ വിരുദ്ധമായ ഈ നടപടിയാണ് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത്. കൗണ്‍സില്‍ അംഗമാകാതെ പ്രസിഡന്റോ സെക്രട്ടറിയോ ആകാന്‍ ലീഗിന്റെ ഭരണഘടന അനുവദിക്കുന്നില്ല. ആ പ്രശ്നം വന്നപ്പോള്‍, പാണക്കാട്നിന്നാണ് ഭരണഘടന തയ്യാറാക്കിയതെങ്കില്‍ അത് മാറ്റാനും അധികാരമുണ്ടെന്ന നിലപാടിലാണ് നേതൃത്വം.

ലീഗും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ടികളില്‍ സ്വന്തം അണികളെപ്പോലും ബോധ്യപ്പെടുത്താന്‍ കഴിയാത്ത "ജനാധിപത്യ"മാണ് നിലനില്‍ക്കുന്നത്. കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് എന്നീ സംഘടനകളില്‍ തെരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ കൃത്രിമവും തമ്മില്‍ തല്ലുമാണ് നടന്നത്. ഏതെങ്കിലും ഒരു ജില്ലയില്‍ മാത്രമല്ല. എല്ലായിടത്തും ഒരേ രീതി. കോണ്‍ഗ്രസില്‍ നിന്നാണോ ലീഗ് ഇത്തരം "ജനാധിപത്യം" പഠിച്ചതെന്ന കാര്യമാണ് ഇനി വ്യക്തമാക്കാനുള്ളത്. അഞ്ചാം മന്ത്രിസ്ഥാനത്തിന് ആവശ്യമുന്നയിച്ച് കോണ്‍ഗ്രസിന് ലീഗ് തലവേദനയാണെങ്കിലും ലീഗ് തീവ്രവാദത്തിന്റെ സംരക്ഷകരായി രംഗത്തുള്ളത് കോണ്‍ഗ്രസ് തന്നെയാണ്. രണ്ടിനും അടിസ്ഥാനം മാര്‍ക്സിസ്റ്റ് വിരോധം തന്നെ.

പാര്‍ടിക്കകത്ത് ജനാധിപത്യം നടപ്പാക്കണമെന്ന ആവശ്യം അച്ചടക്ക രാഹിത്യമോ സാമൂഹ്യവിരുദ്ധമോ തീവ്രവാദ ചിന്തയോ അല്ല. എന്നാല്‍ പാര്‍ടിക്കകത്തെ പ്രതിയോഗികളെ ആക്രമിക്കുകയും വകവരുത്തുകയും ചെയ്യുന്നു എന്നത് തീവ്രവാദവും സാമൂഹ്യവിരുദ്ധവുമാണ്. ഈ ശീലമാണ് പട്ടുവം വേട്ടയിലും ലീഗ് തീവ്രവാദികള്‍ പ്രകടിപ്പിച്ചത്. മറ്റു പാര്‍ടികള്‍ക്ക് ലീഗ് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല. പട്ടുവത്ത് കോണ്‍ഗ്രസ് പതാക പോലും ലീഗ് തീവ്രവാദികള്‍ അനുവദിച്ചില്ല. ഇതറിഞ്ഞ് മുന്‍ ഡിസിസി പ്രസിഡന്റുതന്നെ പതാക ഉയര്‍ത്തി. ആ പതാകയും നശിപ്പിച്ചു. പട്ടുവം പഞ്ചായത്തിലെ ചെറിയ പ്രദേശമാണ് അരിയില്‍. ഏകദേശം 1400 പേര്‍ അവിടെ ജീവിക്കുന്നു. മറ്റുപാര്‍ടിക്കാര്‍ വീടും സ്ഥലവും വിറ്റ് നാടുവിടണമെന്ന സംഘപരിവാര്‍ മോഡല്‍ ഫാസിസമാണ് അവിടെ അരങ്ങേറിയത്. ഫെബ്രുവരി 19ന് ഏകപക്ഷീയമായ നാല് അക്രമസംഭവങ്ങള്‍ ലീഗ് തീവ്രവാദികളുടെ നേതൃത്വത്തില്‍ നടന്നു. അതില്‍ ഒരു വീടും കടയും തകര്‍ത്തു. ഒരാളെ മാരകമായി ആക്രമിച്ചു. ലീഗ് ജില്ലാ പ്രസിഡന്റുമായി ഫോണിലൂടെ ഇക്കാര്യങ്ങള്‍ സിപിഐ എം ജില്ലാ സെക്രട്ടറി സംസാരിച്ചു. എന്നാല്‍, ആ ദിവസം സിപിഐ എം ജില്ലാ സെക്രട്ടറിയും എംഎല്‍എയും സഞ്ചരിച്ച വാഹനം തകര്‍ത്തു. വധശ്രമത്തില്‍നിന്നും നേതാക്കള്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

ഫെബ്രുവരി 23ന് സമാധാന സമ്മേളനം നടന്നു. എല്ലാ രാഷ്ട്രീയ പാര്‍ടികളും ലീഗിന്റെ ഏകപക്ഷീയമായ അക്രമണങ്ങളെ, വിശേഷിച്ച് നേതാക്കളുടെ നേരെയുണ്ടായ വധശ്രമത്തെ അപലപിച്ചു. സമാധാനമുണ്ടാക്കാനുള്ള തീരുമാനമെടുത്തു. അതിനുശേഷവും മയ്യില്‍ പഞ്ചായത്തില്‍ നടത്തിയ ആക്രമണ പരമ്പരകളിലൂടെ ലീഗ് തീവ്രവാദികള്‍ സമാധാന തീരുമാനം കാറ്റില്‍ പറത്തി. തളിപ്പറമ്പ്, പരിയാരം പൊലീസ് സ്റ്റേഷനുകളിലായി നൂറിലധികം കേസുകള്‍ ലീഗുകാര്‍ പ്രതികളായി രജിസ്റ്റര്‍ ചെയ്തതില്‍ 35 കേസുകളില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റുചെയ്തില്ല. സിപിഐ എം പ്രവര്‍ത്തകര്‍ പ്രതികളായ കേസുകള്‍ ഈ സ്റ്റേഷനുകളില്‍ നാമമാത്രമാണ്. അരിയില്‍, തളിപ്പറമ്പ്, മന്ന, ഇരിക്കൂര്‍, കമ്പില്‍, ചെക്കിക്കുളം, മുണ്ടേരിമൊട്ട എന്നിങ്ങനെ ലീഗ് കേന്ദ്രങ്ങളിലാണ് ഒരു ഡസനിലേറെ വീടുകളും കടകളും ബസ്സുകളും പ്രസ്സും വായനശാലകളും പാര്‍ടി ഓഫീസും ആക്രമിക്കപ്പെട്ടത്. ഇരുചക്രവാഹനങ്ങളില്‍ എത്തി ബോംബെറിഞ്ഞ് ഭീകരാവസ്ഥ സൃഷ്ടിച്ച് ആക്രമണം നടത്തുന്നത് തീവ്രവാദികളുടെ രീതിയാണ്.

പട്ടുവം സംഘര്‍ഷത്തിനിടയില്‍ ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂര്‍ മരിച്ചു. ദൗര്‍ഭാഗ്യകരമായ സംഭവമാണത്. എന്നാല്‍ ഇതിനുമുമ്പ് നടന്ന കൊലപാതകങ്ങളും വധശ്രമങ്ങളും കണ്ടില്ലെന്ന് നടിക്കാമോ? ഓട്ടോറിക്ഷാത്തൊഴിലാളി കൃഷ്ണനെ കൊലപ്പെടുത്തിയത് ലീഗുകാരാണ്. ഒരു സംഘര്‍ഷവും ഇല്ലാതിരുന്ന ഘട്ടത്തിലായിരുന്നു അത്. പത്രവിതരണക്കാരനായ രാജനും തൊഴിലാളിയായ മോഹനും മാരകമായി ആക്രമിക്കപ്പെട്ടു. ഇപ്പോഴും മോഹന് സ്വബോധം തിരിച്ചുകിട്ടിയിട്ടില്ല. നാട് മുഴുവന്‍ ലീഗ് തീവ്രവാദികള്‍ക്കെതിരായ പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് "പാര്‍ടി കോടതി" യെന്ന പ്രയോഗത്തിലൂടെ പ്രചാരണം വഴി തിരിച്ചുവിടാന്‍ ബോധപൂര്‍വമായ പരിശ്രമം ആരംഭിച്ചത്. സിപിഐ എമ്മിന് ഒരു കോടതിയുമില്ല. 1960കളുടെ അവസാനവും പിന്നീട് വിവിധഘട്ടങ്ങളിലും കേരളത്തില്‍ അരങ്ങേറിയ ജനകീയ വിചാരണ പോലുള്ള നടപടികളെ ശക്തമായി എതിര്‍ത്ത പാര്‍ടിയാണ് സിപിഐ എം. ഒരു നുണ ആയിരം തവണ ആവര്‍ത്തിച്ചാല്‍ സത്യമാക്കി മാറ്റാന്‍ കഴിയുമെന്ന ഗീബല്‍സിയന്‍ സിദ്ധാന്തമാണ് ചില മാധ്യമങ്ങളുടെ സഹായത്തോടെ ലീഗും കോണ്‍ഗ്രസും നടത്തുന്നത്. ഷുക്കൂര്‍ വധം സംബന്ധിച്ച് പൊലീസ് തയാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ലീഗ് പ്രവര്‍ത്തകന്‍ നല്‍കിയ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ആ മൊഴിയിലൊന്നും "പാര്‍ടി കോടതി"യെപ്പറ്റി പറയുന്നില്ല.

ഫേസ്ബുക്കിലും ഫ്ളക്സ് ബോര്‍ഡിലുമായി ലീഗ് കമ്മിറ്റിയുടെ പേരിലും ലീഗ് പ്രവര്‍ത്തകരുടെ പേരിലും സിപിഎ എം നേതാക്കള്‍ക്കെതിരെ കൊലവിളി നടത്തുന്നു. മൂന്നാംകുന്ന് ശാഖാ മുസ്ലിംലീഗ് കമ്മിറ്റിയുടെ പേരില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡിലും സമാന സ്വഭാവത്തില്‍ ഫേസ് ബുക്കിലും ഇപ്രകാരം പറയുന്നു. ""മാപ്പിള മക്കളുടെ രക്തം കൊണ്ടുള്ള കളി നിര്‍ത്തിയില്ലെങ്കില്‍ ജയരാജാ നിന്റെ തല തന്നെ അതിനു വിലയായി നീ കൊടുക്കേണ്ടിവരും. മാപ്പുതരില്ല നിങ്ങള്‍ക്ക് ഞങ്ങള്‍... ജയരാജാ നിന്റെ ജീവന്‍ ഞങ്ങള്‍ക്കുള്ളതാണ്.... നിന്റെ കാലന്‍ ഞങ്ങളാണ്."" ഇത്തരം ചെയ്തികള്‍ സാധാരണ മനുഷ്യരുടെ ബോധമനസ്സില്‍ നിന്നും വരുന്നതല്ല. തീവ്രവാദികളും ഭീകരവാദികളും സഞ്ചരിക്കുന്ന പാതകളാണിത്. ലീഗില്‍ ഒരുവിഭാഗം തീവ്രവാദികളുടെ കൈയിലാണെന്നതിന് തെളിവുകള്‍ വേറെ വേണോ? ഇത്തരം ചെയ്തികള്‍ക്ക് ഒരു പ്രത്യേക കോടതി ലീഗിനുണ്ടോ?

മാറാട് പള്ളി തീവ്രവാദികളുടെ താവളമാക്കി മാറ്റിയത് ലീഗ് നേതാക്കളാണെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തിയതാണ്. ആ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ കൈയില്‍ കിട്ടിയപ്പോള്‍ അന്വേഷകസംഘത്തെ പിരിച്ചുവിട്ടു. ഇപ്പോള്‍ ലീഗിനും പോഷക സംഘടനകള്‍ക്കും പണം പിരിക്കാനും രാഷ്ട്രീയ പ്രചാരണത്തിനുമുള്ള കേന്ദ്രമായി ആരാധനാലയങ്ങളെ മാറ്റുകയാണ്. ക്ഷേത്ര പരിസരം ആയുധ പരിശീലന കേന്ദ്രമാക്കുന്നതുപോലെ ആപല്‍ക്കരമാണ് പള്ളികളെ രാഷ്ട്രീയ പ്രചാരണത്തിനും ആയുധം സൂക്ഷിക്കാനും പണം പിരിക്കാനുമുള്ള കേന്ദ്രമാക്കി മാറ്റുന്നതും. ശിക്ഷാര്‍ഹമായ കുറ്റമാണിത്. മതങ്ങളെയും മതസ്ഥാപനങ്ങളെയും ദുരുപയോഗിക്കാന്‍ അനുവദിച്ചുകൂടാ. ആരാധനാലയങ്ങള്‍ മതവിശ്വാസിക്ക് പൂര്‍ണമായി വിട്ടുകൊടുക്കണം.

എല്ലാ മുസ്ലിങ്ങളും ലീഗിലാണെന്ന പഴയ കാലം മാറി. അത് തിരിച്ചറിയുന്ന കാലം തുടങ്ങിക്കഴിഞ്ഞു. അതാണിപ്പോള്‍ സിപിഐ എമ്മിനോടൊപ്പം അണിചേരുന്ന പുതിയ വിഭാഗം മത ന്യൂനപക്ഷങ്ങള്‍ തെളിയിക്കുന്നത്. മതനിരപേക്ഷതയും മതവിശ്വാസവും തീവ്രവാദികളിലോ വര്‍ഗീയവാദികളിലോ സുരക്ഷിതമല്ല. സിപിഐ എം ന്യൂനപക്ഷ വിരുദ്ധ പാര്‍ടിയാണെന്ന് വരുത്താനുള്ള ഹീനനീക്കത്തെ ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും.

എം വി ജയരാജന്‍ deshabhimani 300312

1 comment:

  1. ഫേസ്ബുക്കിലും ഫ്ളക്സ് ബോര്‍ഡിലുമായി ലീഗ് കമ്മിറ്റിയുടെ പേരിലും ലീഗ് പ്രവര്‍ത്തകരുടെ പേരിലും സിപിഎ എം നേതാക്കള്‍ക്കെതിരെ കൊലവിളി നടത്തുന്നു. മൂന്നാംകുന്ന് ശാഖാ മുസ്ലിംലീഗ് കമ്മിറ്റിയുടെ പേരില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡിലും സമാന സ്വഭാവത്തില്‍ ഫേസ് ബുക്കിലും ഇപ്രകാരം പറയുന്നു. ""മാപ്പിള മക്കളുടെ രക്തം കൊണ്ടുള്ള കളി നിര്‍ത്തിയില്ലെങ്കില്‍ ജയരാജാ നിന്റെ തല തന്നെ അതിനു വിലയായി നീ കൊടുക്കേണ്ടിവരും. മാപ്പുതരില്ല നിങ്ങള്‍ക്ക് ഞങ്ങള്‍... ജയരാജാ നിന്റെ ജീവന്‍ ഞങ്ങള്‍ക്കുള്ളതാണ്.... നിന്റെ കാലന്‍ ഞങ്ങളാണ്."" ഇത്തരം ചെയ്തികള്‍ സാധാരണ മനുഷ്യരുടെ ബോധമനസ്സില്‍ നിന്നും വരുന്നതല്ല. തീവ്രവാദികളും ഭീകരവാദികളും സഞ്ചരിക്കുന്ന പാതകളാണിത്. ലീഗില്‍ ഒരുവിഭാഗം തീവ്രവാദികളുടെ കൈയിലാണെന്നതിന് തെളിവുകള്‍ വേറെ വേണോ? ഇത്തരം ചെയ്തികള്‍ക്ക് ഒരു പ്രത്യേക കോടതി ലീഗിനുണ്ടോ?

    ReplyDelete