Wednesday, March 28, 2012

സൗജന്യഭൂമി വാഗ്ദാനം: നിര്‍ധനരെ തള്ളി വന്‍കിടക്കാര്‍ക്ക് സഹായം


സൗജന്യഭൂമി വാഗ്ദാനം. സര്‍ക്കാര്‍ പാവപ്പെട്ടവരെ കബളിപ്പിക്കുന്നു. അപേക്ഷ വിതരണം സമ്പന്നരെ സഹായിക്കാന്‍. സ്വന്തമായി ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമി നല്‍കുമെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച പ്രഖ്യാപനം നിര്‍ധനരെ വഞ്ചിക്കാനെന്നു തെളിഞ്ഞു. സൗജന്യ ഭൂമി വാഗ്ദാനം കേട്ട് തലചായ്ക്കാന്‍ ഒരു തുണ്ട് ഭൂമിക്കുവേണ്ടി വൃദ്ധജനങ്ങളടക്കം വില്ലേജ് ഓഫീസുകളില്‍ എത്തുമ്പോഴാണ് വഞ്ചന അറിയുന്നത്.

സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയശേഷം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍വേണ്ടി ഓരോ വില്ലേജ് ഓഫീസിലും 200 ഫോറം അച്ചടിച്ചുനല്‍കി. ഇതിന് അഞ്ചുരൂപവീതം ഈടാക്കുകയുംചെയ്തു. ജില്ലയിലെ നാല് താലൂക്കിലുള്ള 116 വില്ലേജില്‍ നൂറുകണക്കിനു ഭൂരഹിതര്‍ ഉള്ളപ്പോഴാണ് 200 ഫോറംവച്ച് വിതരണംചെയ്യല്‍. സര്‍ക്കാര്‍ നല്‍കിയ ഫോറങ്ങളുടെ വിതരണം ഭൂരിഭാഗം വില്ലേജ് ഓഫീസുകളിലും നിലച്ചു. ഇനി, ഫോറം വിതരണം ഉണ്ടാകില്ലെന്ന മറുപടിയാണ് ഓഫീസിലെത്തുന്നവര്‍ക്ക് കേള്‍ക്കേണ്ടിവരുന്നത്. അപേക്ഷാഫോറംവിതരണം നിലച്ചതോടെ ജനങ്ങളുടെ പ്രതിഷേധം പലയിടങ്ങളിലും ഉയര്‍ന്നു. ഫോട്ടോസ്റ്റാറ്റ് സ്വീകരിക്കാന്‍ കലക്ടറേറ്റില്‍നിന്ന് ഉത്തരവിറക്കി. എന്നാല്‍, ഇതുമായി എത്തുന്നവരില്‍നിന്ന് ഫോറം സ്വീകരിക്കുന്നുമില്ല. സര്‍ക്കാരിന്റെ കപടനാടകം തുടരുന്നു.

എന്നാല്‍, അപേക്ഷാഫോറം വിതരണത്തിന്റെ പിന്നില്‍ പാട്ടത്തിന് നല്‍കിയിട്ടുള്ള സര്‍ക്കാര്‍ഭൂമി കൈവശംവച്ചിരിക്കുന്ന സമ്പന്നന്മാരെ സഹായിക്കാനുള്ള തന്ത്രമാണെന്ന പരാതിയും ഉയര്‍ന്നു. അപേക്ഷാഫോറത്തിന്റെ മൂന്നാംപേജില്‍ ഭാഗം ഒന്നിലാണ് ഈ കള്ളക്കളി വ്യക്തമാകുന്നത്. ഇതില്‍ നിലവില്‍ സര്‍ക്കാര്‍ഭൂമി കൈവശം വെച്ചിരിക്കുന്ന വിവരങ്ങള്‍ രേഖപ്പെടുത്തണം. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമിയാണ് വമ്പന്മാരുടെ കൈവശമുള്ളത്. ഭൂമിയില്ലാത്തവരെ സഹായിക്കാന്‍ എന്ന പ്രഖ്യാപനം നടത്തി സര്‍ക്കാര്‍ ഭൂമി വമ്പന്മാര്‍ക്ക് പതിച്ചുനല്‍കാനുള്ള നടപടി വന്‍ അഴിമതിക്ക് കളമൊരുക്കും. അപേക്ഷാഫോറത്തിന്റെ വിതരണം നിലച്ചശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിരുന്നു. പുതുതായി ഫോറം അച്ചടിച്ചു നല്‍കേണ്ടെന്ന തീരുമാനം കൈക്കൊണ്ടതായും സൂചനയുണ്ട്.
(രജിലാല്‍)

deshabhimani 280312

No comments:

Post a Comment