Thursday, March 29, 2012

ഇറ്റാലിയന്‍ കപ്പല്‍ കസ്റ്റഡിയില്‍ എടുക്കാത്തതെന്തെന്ന് ഹൈക്കോടതി


കടലിലെ വെടിവെയ്പ്പുകേസില്‍ ഉള്‍പ്പെട്ട ഇറ്റാലിയന്‍ കപ്പല്‍ "എന്‍റിക്ക ലെക്സി" കസ്റ്റഡിയിലെടുക്കാതെ തടഞ്ഞുവയ്ക്കുക മാത്രമാണ് പൊലീസ് ചെയ്തിട്ടുള്ളതെന്നും ഇതിന്റെ കാരണം വ്യക്തമാക്കണമെന്നും ഹൈക്കോടതി. എന്തു വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് കപ്പല്‍ കൊച്ചിതീരത്ത് പിടിച്ചിട്ടിരിക്കുന്നതെന്ന് പൊലീസ് വിശദീകരിക്കണമെന്നും ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ ആവശ്യപ്പെട്ടു.

സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണം പൂര്‍ത്തിയായതായും കപ്പല്‍ കൊച്ചിതീരം വിടാന്‍ അനുവദിക്കുന്നതിന് തടസ്സമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഫോറന്‍സിക് ലാബില്‍നിന്ന് റിപ്പോര്‍ട്ട് ലഭിക്കുംവരെ കേസിന്റെ വാദം നീട്ടിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് ലഭിക്കുമെന്നും അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കുംവരെ കപ്പലിലുള്ള 24 ജീവനക്കാരെ എന്തിനാണ് തടഞ്ഞുവച്ചിരിക്കുന്നത്- കോടതി ചോദിച്ചു. കപ്പല്‍ തീരംവിടാന്‍ അനുവദിച്ചാലും ക്യാപ്റ്റനെ വിട്ടയക്കരുതെന്ന് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളി അനീഷ് എം ദാസിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ക്യാപ്റ്റനെ പോകാന്‍ അനുവദിച്ചാല്‍ കേസ് ഇല്ലതാകുമെന്നും മുഖ്യപ്രതി ക്യാപ്റ്റനാണെന്നും ബന്ധുക്കള്‍ കോടതിയില്‍ ആരോപിച്ചു. ആദ്യം കപ്പല്‍ജീവനക്കാര്‍ സഹകരിക്കാത്ത സാഹചര്യം ഉണ്ടായിരുന്നുവെന്നും സംഭവമുണ്ടായി 10 ദിവസം കഴിഞ്ഞാണ് കപ്പലില്‍ പ്രവേശിക്കാന്‍ അനുവദിച്ചതെന്നും പൊലീസ് വിശദീകരിച്ചു. കപ്പല്‍ കൊച്ചിതീരം വിടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഹര്‍ജിയില്‍ കൂടുതല്‍ വാദം വ്യാഴാഴ്ച നടക്കും.

deshabhimani 290312

No comments:

Post a Comment