പട്‌ന: മണ്ണിനും മനുഷ്യനും വേണ്ടിയുള്ള ഐതിഹാസിക പോരാട്ടങ്ങളുടെ രണഭൂമിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 21-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് ചെങ്കൊടി ഉയരും. ഇത് മൂന്നാം തവണയാണ് സി പി ഐ പാര്‍ട്ടി കോണ്‍ഗ്രസിന് പട്‌ന നഗരം ആതിഥ്യമരുളുന്നത് 1968 ല്‍ എട്ടാം കോണ്‍ഗ്രസിനും 1986 ല്‍ 13-ാം കോണ്‍ഗ്രസിനും വേദിയൊരുങ്ങിയത് ഇവിടെയാണ്.
ഏഴ് പതിറ്റാണ്ടിലേറെ കാലത്തെ സമരപാരമ്പര്യമാണ് ബിഹാറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേത്. 1930 കളില്‍ നിസഹകരണ പ്രസ്ഥാനം പിന്‍വലിക്കപ്പെട്ടതോടെ ദേശീയ വിമോചന പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന യുവജനങ്ങള്‍ യുഗാന്തര്‍പാര്‍ട്ടിയിലൂടെ സാമ്രാജ്യത്വത്തിനെതിരായ പോരാട്ടം ശക്തമാക്കി. ശ്യാമപദ്മജുംദാറിന്റെ നേതൃത്വത്തില്‍ സുനില്‍മുഖര്‍ജി, വിനോദ് ബിഹാരി മുഖര്‍ജി, അനില്‍ മൊയ്ത്ര, ജ്ഞാന്‍ വികാസ് മൊയ്ത്ര, ജ്ഞാന്‍സിങ് എന്നിവരായിരുന്നു ദേശീയ വിപ്ലവ സംഘടനയായ യുഗാന്തര്‍ പാര്‍ട്ടിയുടെ നേതൃനിര.
1939 ഒക്‌ടോബര്‍ 20 ന് മുങ്കേര്‍ പട്ടണത്തിന് സമീപം ഗംഗാനദിക്കരയില്‍ ഒത്തുചേര്‍ന്ന് പതിനഞ്ച് വിപ്ലവകാരികളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബിഹാര്‍ ഘടകത്തിന് രൂപം നല്‍കിയത്. ആ യോഗത്തില്‍ കേന്ദ്ര കമ്മറ്റിയില്‍ നിന്നും പങ്കെടുത്തത് രുദ്രദത്ത് ഭരദ്വാജ് എന്ന ആര്‍ ഡി ഭരദ്വാജ് ആയിരുന്നു. പൂര്‍ണപാര്‍ട്ടി അംഗങ്ങളായി സുനില്‍മുഖര്‍ജി, രാഹുല്‍ സാംകൃത്യായന്‍, അലി അഷ്‌റഫ്, ജ്ഞാന്‍ വികാസ് മൊയ്ത്ര, വിനോദ് മുഖര്‍ജി, അനില്‍ മൊയ്ത്ര, രത്തന്‍ റോയ്, വിശ്വനാഥ് മാത്തൂര്‍, ഹീരാലാല്‍ പാലിത്, പൃഥ്വിരാജ് സിങ്, ശിവബച്ചന്‍സിങ്, ശ്യാമള്‍ജി ഗോര്‍ഝാ എന്നിവരും ക്യാന്‍ഡിഡേറ്റ് അംഗങ്ങളായി രാസ്ബിഹാരി സിങ്, ബാങ്കേബിഹാരിമിശ്ര, വിശ്വവികാസ് മൊയ്ത്ര എന്നിവരുമാണ് പാര്‍ട്ടി രൂപീകരണയോഗത്തില്‍ പങ്കെടുത്തത്.
അഞ്ച്‌പേരടങ്ങുന്ന സംസ്ഥാന കമ്മറ്റിയെയാണ് യോഗം തിരഞ്ഞെടുത്തത്. സുനില്‍ മുഖര്‍ജി (സെക്രട്ടറി), രാഹുല്‍ സാംകൃത്യായന്‍, അലി അഷ്‌റഫ്, ജ്ഞാന്‍ വികാസ് മൊയ്ത്ര, വിനോദ് മുഖര്‍ജി എന്നിവരായിരുന്നു സംസ്ഥാന കമ്മറ്റി അംഗങ്ങള്‍.
സുനില്‍ മുഖര്‍ജി, 1939 മുതല്‍ 1950 വരെയും 1978 മുതല്‍ 1984 വരെയും പാര്‍ട്ടി സെക്രട്ടറിയായിരുന്നു. 1962, 1969, 1992 വര്‍ഷങ്ങളില്‍ ബിഹാര്‍ നിയമസഭാംഗമായിരുന്ന സുനില്‍ മുഖര്‍ജി 1972-75 കാലത്ത് നിയമസഭയിലെ പ്രതിപക്ഷനേതാവുമായിരുന്നു
1968 ല്‍ എട്ടാം പാര്‍ട്ടി കോണ്‍ഗ്രസിനാണ് പട്‌ന ആദ്യം ആതിഥ്യം വഹിച്ചത്. എട്ടാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് ആദ്യമായി മറ്റ് പാര്‍ട്ടികളിലെ നേതാക്കള്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്യാനെത്തുന്നത്. മറ്റൊരു ശ്രദ്ധേയമായകാര്യം, എട്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയത്തിലാണ്. ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ ഒരു കൂട്ടുഭരണം സ്ഥാപിക്കണമെന്ന രാഷ്ട്രീയ പ്രമേയം പാര്‍ട്ടി അംഗീകരിച്ചത് ഇവിടെ വച്ചായിരുന്നു.
കഴിഞ്ഞ 20 കൊല്ലമായി കോണ്‍ഗ്രസ് കെട്ടിപ്പടുത്ത മുതലാളിത്തപാതയുടെ കുഴപ്പമാണ് സാമ്പത്തിക-സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളില്‍ നാമിവിടെ ഇന്ന് കാണുന്നതെന്നും ഈ മുതലാളിത്തപാത വിട്ടു ഇന്ത്യയെ മുതലാളിത്തേതര വികസന പാതയിലേയ്ക്കു നയിക്കണമെന്നും അതിന് ആദ്യമായി വേണ്ടത് കോണ്‍ഗ്രസ് ഭരണത്തെ സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമല്ല കേന്ദ്രത്തില്‍ നിന്നുകൂടി മാറ്റി അതിന്റെ സ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ ഒരു കൂട്ടുഭരണം സ്ഥാപിക്കണം. ഇതായിരുന്നു എട്ടാം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയത്തിന്റെ കാതല്‍.
18 വര്‍ഷങ്ങള്‍ക്ക് ശേഷം 1986 ലാണ് 13-ാം പാര്‍ട്ടി കോണ്‍ഗ്രസിന് പട്‌ന വേദിയായത്. 16 വര്‍ഷങ്ങള്‍ക്കുശേഷം 21-ാം പാര്‍ട്ടി കോണ്‍ഗ്രസിന് വീണ്ടും പട്‌ന അരങ്ങൊരുങ്ങി.
ഹൈദരാബാദിലെ പി കെ വാസുദേവന്‍ നായര്‍ നഗറിലാണ് 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് 2008 ല്‍ നടന്നത്. സി കെ ചന്ദ്രപ്പന്റെ നേതൃത്വത്തിലുള്ള 9 അംഗ പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിച്ചത്. ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്താനും രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുമുള്ള വിശാലമായ ബഹുജന പ്രസ്ഥാനം കെട്ടിപ്പടുക്കാനുമുള്ള ആഹ്വാനവുമായാണ് 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ ശക്തവും സാര്‍വത്രികവുമായ പൊതുവിതരണ സമ്പ്രദായത്തിന് രൂപം നല്‍കാനും അവശ്യ സാധന നിയമത്തില്‍ ആവശ്യമായ ഭേദഗതിക്കും സമ്മേളനം ആവശ്യപ്പെട്ടു.
സി കെ ചന്ദ്രപ്പന്റെ സാന്നിധ്യം 20-ാം കോണ്‍ഗ്രസില്‍ നിറഞ്ഞുനിന്നിരുന്നു. സി കെയുടെ അസാന്നിധ്യം പട്‌ന കോണ്‍ഗ്രസില്‍ വേദനയോടെയാണ് പ്രതിനിധികള്‍ ഉള്‍ക്കൊള്ളേണ്ടി വരുന്നത്.
ഇന്ന് ഉച്ചകഴിഞ്ഞ് ആരംഭിക്കുന്ന ബഹുജനറാലിയോടെയാണ് 21-ാം പാര്‍ട്ടി കോണ്‍ഗ്രസിന് പതാക ഉയരുക. ബിഹാറിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തുന്ന പതിനായിരങ്ങള്‍ റാലിയില്‍ അണിനിരക്കും. ഇന്നും ജീവിത ദുരിതത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ദുരിതം പേറുന്ന ബിഹാറിലെ ജനതയുടെ പ്രതിഷേധാഗ്നിയായിരിക്കും റാലിയില്‍ പ്രകടമാകുക. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എ ബി ബര്‍ധന്‍, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഢി, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും പാര്‍ലമെന്റിലെ സി പി ഐ നേതാവുമായ ഗുരുദാസ് ദാസ് ഗുപ്ത തുടങ്ങിയവര്‍ പ്രസംഗിക്കും.
നാളെ രാവിലെ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം 31 ന് സമാപിക്കും.
കരിയം രവി janayugom 270312
പട്‌ന: മണ്ണിനും മനുഷ്യനും വേണ്ടിയുള്ള ഐതിഹാസിക പോരാട്ടങ്ങളുടെ രണഭൂമിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 21-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് ചെങ്കൊടി ഉയരും. ഇത് മൂന്നാം തവണയാണ് സി പി ഐ പാര്‍ട്ടി കോണ്‍ഗ്രസിന് പട്‌ന നഗരം ആതിഥ്യമരുളുന്നത് 1968 ല്‍ എട്ടാം കോണ്‍ഗ്രസിനും 1986 ല്‍ 13-ാം കോണ്‍ഗ്രസിനും വേദിയൊരുങ്ങിയത് ഇവിടെയാണ്.
ReplyDelete